കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ നാലായിരം വര്‍ഷം പഴക്കമുള്ള ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിയതില്‍ ദുരൂഹത. ശനിയാഴ്ച രാത്രി 8.30ഓടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്. ക്ഷേത്രത്തിനടുത്തുള്ള വീട്ടുകാരും ചമ്രവട്ടം പാലത്തിലൂടെയുള്ള വാഹനയാത്രികരുമാണ് ആദ്യം തീപ്പിടിത്തം കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. അരമണിക്കൂറിന് ശേഷം സംഭവസ്ഥലത്തെത്തിയ തിരൂരിലെയും പൊന്നാനിയിലെയും ഫയര്‍ഫോഴ്സിന്റെ യൂണിറ്റുകള്‍ ചേര്‍ന്ന് രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്. ഏഴരയോടെ ക്ഷേത്രനട അടച്ചിരുന്നു.
ഭാരതപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന് ചുറ്റുമതിലില്ല. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്തെത്തി. തിടപ്പള്ളിയുടെ ഭാഗത്തേക്കും മുന്‍?ഭാഗത്തേക്കും തീ പടര്‍ന്നിട്ടില്ല. കനത്ത മച്ച് ഉള്ളതിനാല്‍ ശ്രീകോവിലിലേക്കും തീ പടര്‍ന്നില്ല.
ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മലപ്പുറം ഇലക്ട്രിക് ഇന്‍സ്പെക്ടര്‍ ബാലഗോപാലും സംഘവും പറഞ്ഞു. ഊട്ടുപുരയിലേയും മറ്റും വൈദ്യുതിബന്ധം ഓഫാക്കിയിരുന്നതായും മറ്റു ഭാഗങ്ങളില്‍ വൈദ്യുത ഷോര്‍ട്ട് ഉള്ളതായി കണ്ടെത്താനും കഴിഞ്ഞില്ല. അതെ സമയം ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ്. ഫോറന്‍സിക് അസി. ഉണ്ണികൃഷ്ണന്, വിരലടയാള വിദഗ്ധന്‍ മുകുന്ദനുണ്ണി തുടങ്ങിയവര്‍ രാവിലെ അഗ്നിക്കിരയായ ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധന നടത്തി. പത്ത് മണിയോടെ എ ഡി ജി പി ശങ്കര്ഷെട്ടി, ജില്ലാ പോലീസ് സൂപ്രണ്ട് സേതുരാമന്, ഡിവൈഎസ്പി സെതലവി, സി ഐ റാഫി, എസ് ഐ വാസു തുടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
രാവിലെ പതിനൊന്ന് മണിയോടെ കെ ടി ജലീല്‍ എംഎല്‍എ ക്ഷേത്രം സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്ഷേത്രം പുനരുദ്ധരിക്കാന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വിദേശ മലയാളികളില്‍ നിന്നും ക്ഷേത്രം പുനരുദ്ധരിക്കാന്‍ വേണ്ട മുഴുവന്‍ പണവും എത്രയും പെട്ടെന്ന് നല്കാന് എം എല്‍ എ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചമ്രവട്ടം അയ്യപ്പക്ഷേത്രം ദുരൂഹ സാഹചര്യത്തില്‍ കത്തിയതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളും ഭക്തരും സംസ്ഥാനപാത ഉപരോധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ഷേത്രങ്ങള്‍ക്കുനേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള ചില സംഘടനകളാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ആയിരത്തിലേറെ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരത്തില്‍ പങ്കെടുത്തു. റോഡ് ഉപരോധത്തെ തുടര്‍ന്ന് മന്ത്രി, ജില്ലാ കളക്ടര്‍, എസ് പി തുടങ്ങിയവര്‍ സ്ഥലത്തെത്തി. അഗ്നിക്കിരയായ ക്ഷേത്രം സന്ദര്‍ശിച്ചശേഷം തീപ്പിടിത്തത്തിന്റെ കാരണങ്ങളെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ക്ഷേത്രം പുതുക്കിപണിയുന്നതിനാവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ മന്ത്രിസഭയുടെ പരിഗണനയില്‍ പ്രശ്നം കൊണ്ടുവരുമെന്നും സംഭവം സംബന്ധിച്ചുള്ള വിവരം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണസമിതി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. ആര് എസ് എസ് പ്രാന്തീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന് ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം കത്താനിടയായ സാഹചര്യത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായി പെരുമാറിയ ക്ഷേത്രം ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. പ്രേമന് ആവശ്യപ്പെട്ടു. ക്ഷേത്രം അഗ്നിക്കിരയായ സംഭവത്തെക്കുറിച്ച് ഡിഐജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് ബിജെപി തൃശ്ശൂര്‍ മേഖല ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ക്ഷേത്രപുനരുദ്ധാരണം അടിയന്തരമായി നടത്തണം. ഇനിയും കത്താത്ത രീതിയിലായിരിക്കണം പുനരുദ്ധാരണം. സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അവഗണിച്ച ദേവസ്വം ബോര്‍ഡ് നിലപാടാണ് ക്ഷേത്രം കത്തുന്നതിന് കാരണമായത്. ക്ഷേത്രം കത്തിച്ചതായാണ് നാട്ടുകാരും ഭക്തജനങ്ങളും ഉറച്ച് വിശ്വസിക്കുന്നത്. യഥാര്‍ത്ഥ വസ്തുതകളിലേക്ക് അന്വേഷണം പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചമ്രവട്ടം അയ്യപ്പക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ചമ്രവട്ടത്തെ നാലായിരം വര്‍ഷം പഴക്കമുള്ള അയ്യപ്പക്ഷേത്രം അഗ്നിക്കിരയായത്. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നും വൈദ്യുതി ബന്ധത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായി. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി എസ് പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: