തൃശൂര്‍ : നാടിനെ മുള്‍മുനയില്‍ നിര്‍ത്തി എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി കാടുകുറ്റി സ്റ്റീഫന്‍ പാദുവ മെമ്മോറിയല്‍ കിന്റര്‍ ഗാര്ഡന് സ്കൂളില്‍ നിന്നും എല്‍കെജി വിദ്യാര്‍ഥിനിയായ അനുശ്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൊട്ടാരക്കര മൂന്നുമുറി തെക്കേചെരുവിള പുത്തന്‍വീട്ടില്‍ വിനോദ്കുമാര്‍(39), ആളൂര്‍ ആനത്തടം കിണര്‍ സ്റ്റോപ്പില്‍ തെക്കേചെരുവിള പുത്തന്‍വീട്ടില്‍ ഗിരിധരന്(19) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് കൊടുകുറ്റി സ്കൂളിന്റെ കോംപൗണ്ടില്‍ നിന്നും വിളക്കത്തുപറമ്പില്‍ മധുവിന്റെ മകള്‍ അനുശ്രീയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് പിതാവില്‍ നിന്നും പണം വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടിക്കപ്പെടുമെന്നു വന്നപ്പോള്‍ കുട്ടിയെ തിരുവില്വാമലയിലെ സെന്റ് ജോര്‍ജ്ജ് പള്ളിപ്പരിസരത്ത് ഉപേക്ഷിക്കുയായിരുന്നു. വിനോദ് കുമാറാണ് സംഭവം ആസൂത്രണം ചെയ്തത്. വിനോദിന്റെ സഹോദരി പുത്രനാണ് അറസ്റ്റിലായ ഗിരിധരന്. േ#
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-നേരത്തെ ചിലപത്രങ്ങളിലും ട്രാവല്‍ ഏജന്‍സിയിലും ജോലിനോക്കിയിരുന്ന വിനോദ്കുമാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ ഗിരിധരന് ഇലക്ട്രിക്കല്‍, പ്ലബിങ് ജോലികള്‍ക്കും പോയിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഇരുവരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. വിനോദിന്റെ ഭാര്യാ സഹോദരി ജോലി ചെയ്യുന്ന സ്വര്‍ണ കടയില്‍ കുട്ടിയുടെ അച്ഛന് മധു ജോലി ചെയ്തിരുന്നതായി പ്രതികള്‍ മനസിലാക്കി. കുട്ടി സ്കൂളില്‍ പോകുന്ന സമയവും മറ്റും പിന്നീട് ഇവര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ വീട്ടിലെത്തി മധുവിന്റെ നമ്പര്‍ വാങ്ങുകയും സംശയനിവാരണത്തിനായി നമ്പറിലേക്കു വിളിക്കുകയും ചെയ്തു. കുട്ടി വന്നിറങ്ങുന്ന സ്ഥലവും മറ്റും പിന്നീട് ഇവര്‍ നിരീക്ഷിച്ചു. ബൈക്കിലെത്തി തട്ടിക്കൊണ്ടുപോകാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് പിന്നീട് കാര്‍ ഏര്‍പ്പാടാക്കുകയായിരുന്നു. പെരിങ്ങാവിലെ യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നും സംഭവദിവസത്തിനു തലേന്ന് ഇവര്‍ കാര്‍ വാങ്ങി. പിറ്റേന്ന് രാവിലെസ്കൂളിനു സമീപത്തുള്ള ഇടവഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്തു. ഗിരിധറാണ് കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയത്. കുട്ടി കരഞ്ഞപ്പോള്‍ അച്ഛന് അപകടം സംഭവിച്ചു അച്ഛനടുത്തേക്കു കൊണ്ടുപോകാനാണെന്നു പറഞ്ഞു സമാധാനപ്പെടുത്തി. തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ച പൊലീസ് ആദ്യം കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നു പത്തുമണിയോടെയാണ് കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് 15ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യ വിളിയെത്തുന്നത്. കൊടകര പരിധിയില്‍ നിന്നായിരുന്ന ഇവര്‍ വിളിച്ചത്. ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വെളിയന്നൂര്‍ സ്വദേശിയുടെ പേരിലാണ് സിംകാര്‍ഡ് എന്നു മനസിലാക്കിയ പൊലീസ് അന്വേഷണം ആവഴിക്കു നീക്കി. എന്നാല്‍ ഈ സിം അഡ്രസ്സുള്ളയാള് വിദേശത്താണെന്നു മനസിലായി. കുട്ടിയുടെ പിതാവില്‍ നിന്നും പ്രതികരണം ഇല്ലാതായപ്പോള്‍ ഏഴുലക്ഷം രൂപയാക്കി കുറച്ച് വീണ്ടും പ്രതികള്‍ വിളിച്ചു. വടക്കാഞ്ചേരിയിലെത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഈ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് പൊലീസാണ്. ഇതിനിടെ ഇവര്‍ കുട്ടിയെ വിനോദിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിച്ചു. സംഭവം അറിഞ്ഞപ്പോള്‍ കുട്ടിയെ വേഗം മാതാപിതാക്കളെ ഏല്‍പ്പിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. വഴിനീളെ പൊലീസ് പഴുതടയ്ച്ചു പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞതോടെ ഇവര്‍ കുട്ടിയെ തിരുവില്വാമലയില്‍ ഉപേക്ഷിച്ചു. മധുവിന്റെ ഫോണിലേക്കുവന്ന മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡിനെ കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഈ സിമ്മിലേക്കുള്ള ഇന്‍കമിങ് കോള്‍ നിരീക്ഷിച്ച പൊലീസ് വിനോദ് കുമാര്‍ എന്നയാളാണ് സിം ഉപയോഗിക്കുന്നതെന്നു മനസിലാക്കി. തുടര്‍ന്ന് മറ്റൊരു ഫോണില്‍ നിന്നും വിനോദിനെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. പിടിയിലാകുമെന്നായപ്പോള്‍ വിനോദ്കുമാര്‍ ഗിരിധരന്റെ ഫോണിലേക്ക് മെസേജ് അയച്ചു. ഇതെ തുടര്ന്നാണുള്ള നിരീക്ഷണത്തിലാണ് ഇയാളും അറസ്റ്റിലാകുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ സെല്ലിന്റെ നിരീക്ഷണമാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സഹായിച്ചത്. പണം മാത്രം ലക്ഷ്യമിട്ടാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്. കേസില്‍ മറ്റു പ്രതികള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കുറ്റൂരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: