ലണ്ടന്‍: നിരാംലബരുടെ ദൈവമായി അറിയപ്പെടുന്ന മദര്‍ തെരേസയുടെ പരോപകാരശീലവും ഉദാരതയും ചോദ്യം ചെയ്തുകൊണ്ടുള്ള പഠനം വിവാദമാകുന്നു. മദര്‍ തെരേസയുടെ വിശുദ്ധ പരിവേഷം യഥാര്‍ത്ഥ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഒരു കൂട്ടം കനേഡിയന്‍ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഫലപ്രദമായ ഒരു മാധ്യമസ്വാധീനമുപയോഗിച്ച് ആസൂത്രണം ചെയ്യപ്പെട്ടതാണ് മദര്‍ തെരേസയുടെ മഹത്വവത്ക്കരണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മോണ്‍റിയാല്‍ യൂണിവേഴ്സിറ്റിയിലെ സൈക്കോ എഡ്യുക്കേഷന്‍ വിഭാഗത്തിലെ സെര്‍ജ് ലറീവി, ജെയിനെവിവ് ചെണാര്ട്, ഒട്ടാവ സര്‍വ്വകലാശാലയിലെ കരാള്‍ സെനച്ചില്‍ എന്നീ ഗവേഷകരാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ അവകാശവാദമുന്നയിക്കുന്നത്. സ്റ്റഡീസ് ഇന്‍ റിലീജിയന്‍ എന്ന മതശാസ്ത്ര ജേണലില്‍ ഇവരുടെ ഗവേഷണറിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും
ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്കായി വാഴ്ത്തപ്പെടലിനെക്കുറിച്ചുള്ള പ്രമാണരേഖകള്‍ ശേഖരിക്കുന്നതിനിടെയാണ് കാത്തലിക് സഭയിലെ ഏറ്റവും പ്രശസ്തയായ വനിതയുടെ ജീവതവും പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ ലറീവി പറഞ്ഞു. തുടര്‍ന്ന് ആകാംക്ഷ അടക്കാനാകാതെ തങ്ങള്‍ ആഗ്നസ് ഗോണ്‍സാ എന്ന മദര്‍ തെരേസയെക്കുറിച്ച് പഠനം നടത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള 502 രേഖകള്‍ ഇവര്‍ ശേഖരിച്ചു. ഇതില്‍ 195 രേഖകള്‍ അപ്രാമാണികമെന്ന് കണ്ട് മാറ്റുകയും 287 രേഖകളുടെ അടിസ്ഥാനത്തില്‍ പഠനം പൂര്‍ത്തിയാക്കുകയുമായിരുന്നു. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ വസ്തുതകള്‍ മദര്‍ തെരേസ എന്ന ലോകപ്രശസ്തവ്യക്തിത്വത്തിന്റെ കാപട്യം പുറത്തുകൊണ്ടുവരുന്നതായിരുന്നു. രോഗികളെ പരിചരിക്കുന്ന രീതി, ചോദ്യം ചെയ്യപ്പെടാവുന്ന ഇവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍, പണം കൈകാര്യം ചെയ്യുന്നതിലെ ദുരൂഹത, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിലെ കടുംപിടിത്തം തുടങ്ങിയവയാണ് ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടുന്ന ഘടകങ്ങള്‍.നൂറ് രാജ്യങ്ങളിലായി ദരിദ്രര്‍ക്കും രോഗികള്‍ക്കുമായി 517 മിഷനുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. മരിക്കുന്നവര്‍ക്കായുള്ള വീടുകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. നല്ല ചികിത്സയും ഡോക്ടര്‍മാരുടെ സേവനവും പ്രതീക്ഷിച്ചാണ് ഭൂരിഭാഗവും ഈ സ്ഥാപനങ്ങളിലെത്തിയിരുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നല്ല പരിചരണമോ ചികിത്സയോ ലഭിക്കാതെ മരിക്കേണ്ടി വന്നു.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മതിയായ ആഹാരമോ വേദനസംഹാരിയോ പരിചരണമോ ലഭിക്കാതെയാണ് രോഗികള്‍ ഇവിടെ കഴിഞ്ഞിരുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവശരുടെ സേവനം ലക്ഷ്യമാക്കി ലക്ഷക്കണക്കിന് രൂപ ലഭിക്കവേയാണ് രോഗികള്‍ക്ക് ഇത്തരത്തില്‍ കഴിയേണ്ടി വന്നത്. പ്രാര്‍ത്ഥനയ്ക്കായിരുന്നു മദര്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും അവശരായ രോഗികളോട് ക്രിസ്തുവിനെപ്പോലെ വേദന സഹിക്കാന്‍ ഉപദേശിക്കുമായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. ഭോപ്പാല്‍ ദുരന്തം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ നേരിട്ടോ ധനപരമായോ സഹായിക്കാന്‍ മദര്‍ തെരേസ എന്ന വിശുദ്ധ തയ്യാറായില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയാണ് വന്നുനിറഞ്ഞത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പണം വളരെ പിശുക്കി ചെലവഴിക്കുന്ന രീതിയായിരുന്നു മദര്‍ തെരേസയുടേത്.
ഇത്തരത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുളള മദര്‍ തെരേസക്ക് ഇത്രയധികം നന്മയുടെയും വിശുദ്ധിയുടെയും പട്ടമെങ്ങനെ ചാര്ത്തികിട്ടിയെന്ന ചോദ്യത്തിനും ഗവേഷകര്‍ കൃത്യമായ ഉത്തരം നല്കുന്നു. ഗര്‍ഭഛിദ്രത്തോട് ശക്തമായ വിയോജിപ്പുള്ള കാത്തലിക് വിശ്വാസിയായ ബിബിസിയിലെ മാല്‍ക്കം മഗെഡെറുമായുള്ള ബന്ധമാണ് മദര്‍ തെരേസയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. 1968 ല്‍ ലണ്ടനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ബിബിസി പോലൊരു ശക്തമായ മാധ്യമത്തിന്റെ സ്വാധീനം ഉപയോഗിച്ച് മാല്‍ക്കം മദര്‍ തെരേസയെ പ്രശസ്തിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ‘ഫസ്റ്റ് ഫോട്ടോഗ്രാഫിക് മിറക്കിള്‍’ എന്ന പേരില്‍ മദര്‍ തെരേസയുടെ മിഷനറി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാല്‍ക്കം നിര്‍മ്മിച്ച ഡോക്യുമെന്ററി മദറിന്റെ ജീവിതത്തില്‍ വന്‍വഴിത്തിരിവായി. കൊഡാക് ഫിലിമിന്റെ പുതിയ ഫിലിമിന്റെ വിപണനവും ഇതിന് പിന്നില്‍ ലക്ഷ്യമിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് മദര്‍ തെരേസ തന്റെ ജൈത്രയാത്ര തുടങ്ങി. ഒട്ടേറെ പുരസ്കാരങ്ങളും അവര്‍ നേടിയെടുത്തു.
മരണാനന്തരം മദര്‍ തെരേസയെ വിശുദ്ധയാക്കാന്‍ അഞ്ച് വര്‍ഷമെന്ന കാലാവധി പോലും വത്തിക്കാന്‍ തിരുത്തി. ഉദരവേദന കൊണ്ട് വലഞ്ഞ മോണിക്ക ബര്‍സ എന്ന പെണ്‍കുട്ടിയുടെ ഉദരത്തില്‍ പദവിമുദ്ര അമര്‍ത്തി രോഗശാന്തി വരുത്തിയെന്നതായിരുന്നു മദര്‍ തെരേസയുടെ അത്ഭുത വൃത്തി. എന്നാല്‍ തങ്ങള്‍ നല്കിയ മരുന്നിന്റെ ഫലമായാണ് ബര്സയയുടെ അണ്ഡാശയ മുഴയും ക്ഷയരോഗവും മാറിയതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം ഇത് മദര്‍ തെരേസയുടെ അത്ഭുത പ്രവര്‍ത്തിയാണെന്ന നിലപാടില്‍ വത്തിക്കാന്‍ ഉറച്ചുനിന്നു.ലോകമെമ്പാടും പരന്ന പ്രശസ്തിയും പ്രതിഛായയും അതിനുമുമ്പ് ജനങ്ങള്‍ക്കിടയില്‍ അവരെ വിശുദ്ധയാക്കിയെന്നും കാനേഡിയന്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. റോമന്‍ ആധിപത്യം കുറയുന്ന സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ച് പള്ളികളെ പുനരുജ്ജീവിപ്പിക്കാന്‍ മദര്‍ തെരേസയുടെ വിശുദ്ധീകരണത്തില്‍ കൂടുതലായി മറ്റൊന്നുണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: