ധാക്ക: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം തുടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ധാക്ക ഹസ്റത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രണബിനെ ബംഗ്ലാദേശ് പ്രസിഡന്റ് സില്ലൂര്‍ റഹ്മാന് സ്വീകരിച്ചു
റണ്‍വേക്ക് അടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രണബ് മുഖര്‍ജി ബംഗ്ലാദേശ് സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഭാര്യ സുവ്റ പ്രണബ് രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ്ഹസീന, വിദേശ കാര്യമന്ത്രി ദീപുമോനി, ധനകാര്യ മന്ത്രി അബുള്‍ മാല് മുഹദ് എന്നിവരുമായി മുഖര്‍ജി ചര്‍ച്ചനടത്തും. പ്രതിപക്ഷനേതാവ് ബീഗം ഖാലിദാസിയയുമായും പ്രണബ് ചര്‍ച്ച നടത്തുന്നുണ്ട്. ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദില്‍വാര്‍ ഹുസൈന് സഈദിക്കെതിരെ യുദ്ധക്കുറ്റംചുമത്തി വധശിക്ഷക്ക് വിധിച്ച നടപടിയില്‍ പ്രതിഷേധിച്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തതിനിടയിലാണ് പ്രണബിന്റെ സന്ദര്‍ശനം .
കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സന്ദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രണബിനോടൊപ്പം റെയില്‍വേ സഹമന്ത്രി അധിര്‍ രഞ്ജന്‍ ചൗധരി, വിദേശ കാര്യ സെക്രട്ടറി രഞ്ജന്മത്തായി, എംപിമാരായ സീതാറാം യെച്ചൂരി, മുകള്റോയി, ചന്ദന്‍ മിത്ര, ഭുവനേശ്വര്‍ കലിത എന്നിവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: