ഇന്നും നാളെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ദല്‍ഹിയിലാണ്. 48 മണിക്കൂറിനിടയില്‍ 21 കേന്ദ്രമന്ത്രിമാരെ നേരില്‍കണ്ട് കേരളത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും ബോധ്യപ്പെടുത്തുമത്രെ. അതില്‍ പ്രധാനപ്പെട്ടതാണ് റെയില്‍വേ ബജറ്റില്‍ കേരളം തഴയപ്പെട്ടത്. റെയില്‍വേ ബജറ്റ് എപ്പോള്‍ അവതരിപ്പിക്കുമെന്ന് കേരളത്തിന് അറിയാവുന്നതാണ്. ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കും മുന്‍പ് ആവശ്യങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉറപ്പുവരുത്താനും സാധിക്കുന്നതാണ്. എന്നാല്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു നീക്കം കാര്യമായി നടന്നില്ലെന്ന ആക്ഷേപമുണ്ട്. അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സംസ്ഥാന ഭരണനേതൃത്വത്തിനുണ്ട്. ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കേട്ടഭാവം നടിക്കാതെയാണ് റെയില്ബജറ്റ് അവതരിപ്പിച്ചത്. ഭരണപക്ഷത്തുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെക്കണ്ടപ്പോള്‍ ചില ഉറപ്പുകള്‍ നല്‍കിയെന്ന് പറയുന്നു. എന്തുകൊണ്ട് കേരളം ബജറ്റില്‍ കയറിയില്ലെന്ന ചോദ്യത്തിന് മറുപടി നല്കാന് യു.പി.എയ്ക്ക് ബാധ്യതയുണ്ട്.
മറ്റൊരു മുഖ്യവിഷയം കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി വയ്ക്കുന്നത് കെ.എസ്.ആര്.ടി.സിയെ സംബന്ധിക്കുന്നതാണ്. പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സി. ഇന്ന് മരണത്തിനും ജീവിതത്തിനുമിടയിലാണ്. കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കെ.എസ്.ആര്.ടി.സിയുടെ അന്ത്യം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് അതിന് സാരഥ്യം നല്കുന്നവര് കട്ടായമായി പറയുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും പഴക്കമുള്ള സര്‍ക്കാരുടമസ്ഥതയിലുള്ള ബസ് കമ്പനിയാണിത്. തിരുവിതാംകൂര്‍ഭരണകൂടം കേരളം രൂപംകൊള്ളുന്നതിനും സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പ് സ്ഥാപിച്ചതാണിത്. 1938 ഫെബ്രുവരി 20 ന് മഹാരാജാവ് കന്നിയാത്രക്കാരനായി ഉദ്ഘാടനം ചെയ്യപ്പെട്ട സംവിധാനം പ്രത്യേക നിയമത്തിന്‍കീഴില്‍ 1965 ഏപ്രില്‍ ഒന്നിന് സ്വയംഭരണ സ്ഥാപനമായി. അറുപത് ബസ്സുമായി തുടങ്ങിയ കെ.എസ്.ആര്.ടി.സിക്ക് ഇപ്പോള്‍ 4700 ല്‍ കൂടുതല്ബസുകളുണ്ട്. മുപ്പതിനായിരത്തിലധികം ജീവനക്കാരുള്ള കെ.എസ്.ആര്.ടി.സി. ലാഭനഷ്ടം നോക്കി മാത്രം പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല. എന്നുകരുതി നഷ്ടത്തിന്റെ പട്ടികമാത്രം നിരത്തിമുന്നോട്ടുപോകാനും സാധ്യമല്ല. ഒരുകാലത്ത് ജീവനക്കാരുടെ താന്തോന്നിത്തവും അഹന്തയുമൊക്കെ സ്ഥാപനത്തിന് പേരുദോഷം സൃഷ്ടിച്ചെങ്കില്‍ ഇന്നങ്ങനെയല്ല. ജീവനക്കാരുടെ പ്രവര്‍ത്തനവും പേരുദോഷവുമല്ല കെ.എസ്.ആര്.ടി.സിയെ നാശോന്മുഖമാക്കുന്നത്; മറിച്ച് സര്‍ക്കാരുകളുടെ തലതിരിഞ്ഞ നടപടികള്‍ കൊണ്ടുമാത്രമാണ്.
ഏറ്റവുമൊടുവില്‍ പ്രതിമാസം 90 കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സിയുടെ യാത്ര. ഇന്ധനവിലയാണ് നഷ്ടം കുത്തനെകൂട്ടിയത്. ഇനി ഒരിക്കല്‍ക്കൂടി വില ഉയര്‍ന്നാല്‍ നഷ്ടം നൂറുകോടിയാവും. 55 കോടി രൂപ ശമ്പളത്തിനും 32 കോടി രൂപ പെന്ഷനുംനീക്കിവയ്ക്കേണ്ട കെ.എസ്.ആര്.ടി.സിയില്‍ നിന്നു കൂടിയവിലയാണ് എണ്ണക്കമ്പനികള്‍ ഈടാക്കുന്നത്. സൂപ്പര്‍ ടാക്സും സര്‍വീസ് ടാക്സും ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം പിഴിയുന്നത് 260 കോടിയാണ്. അധികനികുതി ഒഴിവാക്കിത്തരണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ധനവകുപ്പാണ് തടസം. വിലകുറച്ച് ഡീസല്‍ നല്‍കാമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും അതനുവദിക്കാന്‍ തയ്യാറല്ല. ഈ സ്ഥാപനം തകരുന്നെങ്കില്‍ തകരട്ടെ എന്ന ചിന്ത ആരുടെയൊക്കെയോ തലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തിന് വേണ്ടാത്തത് കേന്ദ്രം സംരക്ഷിക്കുമെന്ന് ഒരുറപ്പുമില്ല.
ദല്‍ഹി ദൗത്യത്തിന് കേരള മന്ത്രിമാര്‍ വേറെയും ഒരുപാട് കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിന് കേരളഭരണകൂടം ഒന്നടങ്കം ദല്‍ഹിയിലേക്ക് ചെല്ലേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളീയരായുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കാനും നേടിയെടുക്കാനും അവര്‍ക്ക് ബാധ്യതയില്ലേ? മന്ത്രിസഭയില്‍ അവരുടെ സാന്നിധ്യം എന്തിനാണെന്ന ചോദ്യം ഉയരേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. കേരളവും കേന്ദ്രവും ഒരേകക്ഷിഭരിച്ചാലേ ചേലാകൂ എന്ന് പാടിനടന്നവരുടെ നാക്കിറങ്ങിപ്പോയ അവസ്ഥയാണിപ്പോഴുള്ളത്. കേരളം കെഞ്ചുകയല്ല, നെഞ്ചുറപ്പോടെ നേടിയെടുക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: