തിരുവനന്തപുരം: കലിയുഗവരദയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് ജനലക്ഷങ്ങള്‍ അര്പ്പിതഹൃദയരായി പൊങ്കാല നിവേദിക്കും. രാവിലെ 10 മണിയോടെ ശുദ്ധപുണ്യാഹത്തിനുശേഷം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് കൊളുത്തുന്ന ദീപം ക്ഷേത്രമേല്‍ശാന്തി കെ.എം.ഹരീഷ്കുമാറിന് കൈമാറും. അദ്ദേഹം ദേവിക്ക് നിവേദ്യമൊരുക്കുന്ന ചെറിയ തിടപ്പള്ളിയിലെ അടുപ്പിലേക്കും തുടര്‍ന്ന് വലിയ തിടപ്പള്ളിയിലെ അടുപ്പിലേക്കും തീ പകരും. അതിനുശേഷം തിരുനടയില്‍വച്ച് ദീപം കീഴ്ശാന്തിക്ക് കൈമാറും. അദ്ദേഹം പാട്ടുപുരയ്ക്കുമുന്നില് ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും.
ചെണ്ടമേളവും വായ്ക്കുരവയും കതിനാവെടികളുമുയരുന്ന പുണ്യമുഹൂര്‍ത്തത്തില്‍ ഭക്തലക്ഷങ്ങള്‍ അമ്മയെ ഹൃദയത്തിലേറ്റുവാങ്ങി പൊങ്കാലയടുപ്പുകള്‍ ജ്വലിപ്പിക്കുന്നതോടെ അനന്തപുരിയാകെ യാഗശാലയുടെ പ്രതീതിയിലേക്ക് മാറും. ക്ഷേത്രത്തില്‍നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടശേഷം മാത്രമേ പൊങ്കാലക്കാര്‍ അടുപ്പില്‍ തീ കത്തിക്കാന്‍ പാടുള്ളു. ക്ഷേത്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയുണ്ടാകും. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തരത്തില്‍ പൊങ്കാലക്കാരെത്തുമെന്നാണ് ഇന്നലെയുണ്ടായ അഭൂതപൂര്‍വമായ തിരക്കില്‍നിന്ന് വ്യക്തമാകുന്നത്.
ഉച്ചപ്പൂജയെത്തുടര്ന്ന് 2.30 ഓടെ പൊങ്കാല നിവേദിക്കും. ഈ സമയം വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. 250ഓളം ശാന്തിക്കാരെ പൊങ്കാല നിവേദിക്കുന്നതിന് നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30നാണ് കുത്തിയോട്ട ചൂരല്‍ക്കുത്ത്. 10.15ന് ദേവി പുറത്തെഴുന്നള്ളും. പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കാതിരിക്കാനും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിക്കുന്നതിനും ഭക്തജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: