കൊച്ചി: ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക് പാര്‍ലമെന്റിലെ ‘ബജറ്റ്’ വാരമാണിത്. ഭാരതത്തിന്റെ പൊതുബജറ്റും റെയില്‍വേ ബജറ്റും സാമ്പത്തിക സര്‍വേ എന്നിവ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുന്ന വാരമാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വരുമാനവും ചെലവുകളും പദ്ധതികളും വെളിപ്പെടുത്തി ജനപ്രതിനിധിസഭയ്ക്ക് മുന്നില്‍ ‘ബജറ്റ്’ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെയും വിദേശ ഇന്ത്യക്കാരുടേയും സാമ്പത്തികഭാരത്തിന്റെ കഠിനതയാണ് വെളിപ്പെടുത്തുക. ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗത സംവിധാനമായി കണക്കാക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെതാണ് റെയില്‍ ബജറ്റ്. പാര്ലമെന്റിലവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റ് ജനകീയമായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടാറ്. റെയില്‍വേ നയങ്ങളും വികസനവും പുതിയ തീവണ്ടികളും വിശകലനങ്ങളുമായുള്ള റെയില്‍വേ ബജറ്റ് പക്ഷെ പ്രാദേശിക താല്പ്പര്യമുണര്ത്തുന്നവയാണെന്നാണ് പൊതു ആരോപണം.
ഭാരതത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ പ്രതീക്ഷകളടങ്ങുന്ന വരവ്-ചെലവ് കണക്കുകളാണ് പൊതുബജറ്റ്. ഇതിനാല്‍ ഭാരതം പൊതുബജറ്റിനെ ഉറ്റുനോക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ളതാണ് 2013 ലെ കേന്ദ്ര ബജേറ്റ്ന്ന് ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. സാധാരണക്കാരന് മുതല്‍ കോടീശ്വരന്വരെയും പെട്ടിക്കടക്കാരന് (വഴിയോര കച്ചവടക്കാരന്ാമുതല് കോര്‍പ്പറേറ്റുകള്‍ വരെയും ബജറ്റ്നിര്ദ്ദേശങ്ങളെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇളവുകളും പുതിയ ഭാരങ്ങളും വികസന പദ്ധതികളും നയപ്രഖ്യാപന പരിപാടികളുമായി ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന 56-ാമത് ബജറ്റാണ് 2013 ലേത് . ധനകാര്യ മന്ത്രി പി.ചിദംബരം വ്യാഴാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റിന് മുന്നോടിയായി ബുധനാഴ്ച രാജ്യത്തെ സാമ്പത്തികനില വെളിവാക്കി സാമ്പത്തിക സര്‍വേയും അവതരിപ്പിക്കപ്പെടും.
രാജഭരണകാലത്തും വൈദേശിക ഭരണകാലത്തും ബജറ്റ് അവതരണം നടത്തിയിരുന്നുവെങ്കിലും കാര്യമായ പ്രചാരവും പ്രതീക്ഷയും ജനങ്ങള്‍ പുലര്‍ത്തിയിരുന്നില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണകൂടമായതോടെയാണ് പൊതുബജറ്റ് ജനകീയാവേശമായി മാറിയത്. 1947 നവംബര്‍ 26 ന് ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രി ആര്.കെ.ഷണ്മുഖന് ചെട്ടിയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക് ആയതോടെ പൊതുബജറ്റിനും പ്രാധാന്യമേറി. ഇന്ത്യന്‍ ഭരണഘടനയിലെ 12-ാം ആര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കി ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ളതാണ് ബജറ്റ്. ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസമാണ് കേന്ദ്ര പൊതുബജറ്റ് അവതരിപ്പിക്കുക. ജനാധിപത്യ റിപ്പബ്ലിക്കന്‍ ഇന്ത്യയുടെ ആദ്യബജറ്റ് (1950-51 സാമ്പത്തിക വര്‍ഷം) ധനകാര്യ മന്ത്രി ജോണ്‍ മത്തായിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ 66-ാമത് കേന്ദ്ര പൊതുബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിന് സവിശേഷതകള്‍ ഏറെയാണ്. പൊതുബജറ്റ് അവതരിപ്പിക്കുന്ന 30-ാമത്തെ ധനകാര്യമന്ത്രിയാണ് പി.ചിദംബരം. 1996-97 ലാണ് പി.ചിദംബരം കേന്ദ്ര ധനകാര്യമന്ത്രിയായി ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
1964 ലും 1968 ലും കേന്ദ്ര പൊതുബജറ്റ് അവതരണം നടന്നത് ഫെബ്രുവരി 29 നാണ്. മൊറാര്‍ജി ദേശായി അവതരിപ്പിച്ച രണ്ട് ബജറ്റുകളും അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു എന്നതിലൂടെ ഏറെ ശ്രദ്ധേയവുമായി. 1955-56 വര്‍ഷത്തെ ബജറ്റ് വരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് രാഷ്ട്രഭാഷയായ ഹിന്ദിയിലായിരുന്നു. പിന്നീടത് ഇംഗ്ലീഷിലാക്കി സാമ്പത്തികവര്‍ഷം 2000 വരെയുള്ള കേന്ദ്ര പൊതുബജറ്റ് അവതരണം നടന്നിരുന്നത് വൈകിട്ട് 5 ന് ശേഷമായിരുന്നു. ബ്രിട്ടീഷ് നയം പിന്തുടര്ന്നായിരുന്നു അത്. ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) അടല്‍ജിയുടെ നേതൃത്വത്തില്‍ 2000-വര്‍ഷം മുതല്‍ കേന്ദ്ര പൊതുബജറ്റ് അവതരണം രാവിലെ 11 മണിക്കാക്കി മാറ്റുകയും ചെയ്തു.
രാജ്യത്തെ സര്‍ക്കാരിനുള്ള വരുമാനം, ചെലവ്, പദ്ധതി-നയപ്രവര്ത്തനം എന്നിവയിലേയ്ക്കുള്ള ധനസ്രോതസ്സുകളാണ് പൊതുബജറ്റില്‍ പ്രകടമാക്കുക. പ്രത്യക്ഷ-പരോക്ഷ നികുതികള്‍, ഇളവുകള്‍, സര്‍ക്കാര്‍ ചെലവുകള്‍, പദ്ധതി വിഹിതം, പുതിയ പദ്ധതികള്‍ തുടങ്ങിയവ ബജറ്റ് നിര്‍ദ്ദേശങ്ങളായി അവതരിപ്പിക്കപ്പെടുമ്പോള്‍ തുടര്‍ന്നുള്ള ജനപ്രതിനിധി സഭാ സമ്മേളനം ചര്‍ച്ചകളിലൂടെ അതംഗീകരിക്കുകയും ഏപ്രില്‍ ഒന്നുമുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുകയും ചെയ്യും. ഇതിനകം രണ്ടുതവണ കേന്ദ്ര പൊതുബജറ്റ് ചര്‍ച്ച കൂടാതെ പാസ്സാക്കിയതായാണ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക വര്‍ഷം 2013-14 ലെ കേന്ദ്ര പൊതുബജറ്റ് തെരഞ്ഞെടുപ്പിന്റെ പ്രതിഫലനത്തിലായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2014 ല്‍ നടക്കേണ്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുവാനുള്ള ശ്രമങ്ങള്ക്കിടയിലവതരിപ്പിക്കപ്പെടുന്ന പൊതുബജറ്റിനെ ആനുകൂല്യ പ്രതീക്ഷയോടെയാണ് ജനങ്ങളും വ്യവസായ-വാണിജ്യ മേഖലയും ഉറ്റുനോക്കുന്നത്. ഉയര്‍ന്ന നാണയപ്പെരുപ്പം, വര്‍ധിച്ച അഴിമതി, കുതിച്ചുയര്‍ന്ന വിലനിലവാരം, തളര്‍ന്ന വ്യാവസായിക-വാണിജ്യ-നിക്ഷേപ മേഖലകള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, സബ്സിഡിവര്ധന, പരാജയപ്പെട്ട ഓഹരി വില്‍പ്പന, വിദേശനിക്ഷേപ കുറവ്, തിരിച്ചടിയേറ്റ വളര്‍ച്ചാ നിരക്ക്, കാര്‍ഷികമേഖലയിലെ വരുമാനകുറവ് തുടങ്ങി വിവിധതലങ്ങളിലുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം സര്‍ക്കാരിന്റെ ചെലവിലുണ്ടായ ഭീമമായ വര്‍ധനവിനെത്തുടര്‍ന്നുണ്ടായ ധനകമ്മിയും കേന്ദ്രപൊതുബജറ്റില് പ്രതിഫലിക്കുമെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നത്. ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന പൊതു ആവശ്യം ബജറ്റില്‍ പരിഗണിച്ചാലും ഇന്ധന വില വര്‍ധനവിന്റെ നിര്‍ദ്ദേശം ആനുകൂല്യത്തോടൊപ്പം ഇരുട്ടടിയും സമ്മാനിക്കുന്നതായിരിക്കും പ്രകടമാക്കുക. ജനകീയ ബജറ്റ് അവതാരകന് എന്ന തിനെക്കാളേറെ വിദേശ-കോര്‍പ്പറേറ്റ് -ധനാഢ്യ ശക്തികളുടെ സമ്മര്‍ദ്ദത്തിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യമന്ത്രി എന്നനിലയിലാണ് പി.ചിദംബരം ഏറെ അറിയപ്പെടുന്നത്. പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയിലെ പൊതുബജറ്റ് ആനുകൂല്യങ്ങള്‍ പ്രവൃത്തി വര്‍ഷത്തില്‍ ബില്ലുകളായും ഓര്‍ഡിനന്‍സുകളായും ഇല്ലാതാക്കുമ്പോള്‍ പൊതുജനത്തിന് പൊതുബജറ്റ് ഫലത്തില്‍ അധികസാമ്പത്തിക ഭാരത്തിന്റെതായി മാറുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതിഫലനങ്ങളാണ് നാണയപ്പെരുപ്പത്തിലും വിലവര്‍ധനവിലും പരോക്ഷനികുതിയിലുമായി പ്രകടമാക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധരെക്കാള്‍ ഏറെ ജനകീയ വിദഗ്ദ്ധരെയാണ് അനിവാര്യമായി ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കന്‍ പാര്‍ലമെന്റിന് ആവശ്യം. ഇതിനുള്ള ശ്രമങ്ങളാണ് ഇനി ജനകീയമായി വളരേണ്ടത്. അല്ലെങ്കില്‍ പൊതുബജറ്റ് പ്രതീക്ഷകള്‍ മാത്രമായി മാറും. ജനം വലയുകയും രാജ്യം സാമ്പത്തിക തകര്ച്ചിലുമാകും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: