ചെന്നൈ: ചെന്നൈയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇരുപതുവയസുകാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ആസിഡ് ആക്രമണത്തെ ത്തുടര്‍ന്ന് ഒരാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ആഡമ്പാക്കത്ത് ഒരു ഇന്റര്‍നെറ്റ് ബ്രൗസിംഗ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന വിദ്യ കഴിഞ്ഞ ജനുവരി മുപ്പതിനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
വിവാഹവാഗ്ദാനം നടത്തിയ വിജയ് ഭാസ്ക്കര്‍ എന്നയാളാണ് വിദ്യയെ ആക്രമിച്ചത്. ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ വിദ്യയുടെ നേരെ ഇയാള്‍ ആസിഡ് നിറച്ച കുപ്പിയെറിയുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം തിരിച്ചതിനാല്‍ ആസിഡ് മുഖത്ത് വീഴാതെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വിജയ് ഭാസ്ക്കര്‍ വിദ്യയെ തള്ളിയിട്ട് നിലത്ത് വീണ ആസിഡില്‍ മുഖം ഉരയ്ക്കുകയും ചെയ്തിരുന്നു.
വിദ്യയുടെ കരച്ചില് കേട്ടെത്തിയ ഓഫീസ് ജീവനക്കാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും വിദ്യയുടെ നില വീണ്ടും വഷളാകുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ച വിദ്യയെ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. വിദ്യയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വിജയ് ഭാസ്ക്കര്‍ വിദ്യയുടെ അമ്മയെ സമീപിച്ചിരുന്നു. വിജയ് ഭാസ്ക്കറുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന് വിദ്യയുടെ അമ്മ വ്യക്തമാക്കി. എന്നാല്‍ സഹോദരിയുടെ വിവാഹം നടത്താതെ വിജയ്ഭാസ്ക്കറും വിദ്യയുമായുള്ള വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദ്യയെ കാണുന്നതില്‍ നിന്ന് വിജയ് ഭാസ്ക്കറെ വിലക്കുകയും ഇതില്‍ പ്രകോപിതനായ ഇയാള്‍ വിദ്യക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു.
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ആസിഡാക്രമണം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രേമനൈരാശ്യത്തിന്റെയും വിവാഹവാഗ്ദാനം നിരസിക്കുന്നതിന്റെയും പേരില്‍ രാജ്യത്ത് ഒട്ടേറെ പെണ്‍കുട്ടികള്‍ ആസിഡ് ആക്രമണത്തിന് ഇരകളായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: