ലണ്ടന്‍: വൈദികരുടെ സ്വഭാവദൂഷ്യങ്ങളില്‍ മനംനൊന്താണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനംഒഴിയല് തീരുമാനമെടുത്തതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന റോമന്‍ കാത്തലിക് വൈദികനായ കര്‍ദിനാള്‍ കീത് ഒബ്രിയാന് വിവാദത്തില്‍. 1980മുതല്‍ ഇങ്ങോട്ടുള്ള മുപ്പതുവര്ഷങ്ങള്ക്കിടെ ഒബ്രിയാന്റെ പെരുമാറ്റദൂഷ്യങ്ങള്‍ അക്കമിട്ടു നിരത്തി മൂന്നു പുരോഹിതരും ഒരു മുന്‍ പുരോഹിതനും വത്തിക്കാന്റെ ബ്രിട്ടണിലെ പ്രതിനിധിക്ക് പരാതി നല്കി. ഒബ്രിയാന് കര്‍ദിനാള്‍ പദവി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാര്‍പാപ്പയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ ഏക ബ്രിട്ടീഷ് പ്രതിനിധിയായ ഒബ്രിയാനെതിരായ ആരോപണം സഭയെ അങ്കലാപ്പിലാക്കി. സ്കോട്ട് ലന്‍ഡിന്റെ കാത്തലിക് ചര്‍ച്ചിന്റെ ചുമതലയില്‍ നിന്ന് അനാരോഗ്യത്തിന്റെ പേരില്‍ പിന്മാറിയ ഒബ്രിയാന് അടുത്തമാസം വിരമിക്കാനിരിക്കുകയായിരുന്നു.
1980ല്‍ ഡ്രൈഗ്രാന്കെയിലെ ആന്‍ഡ്രൂസ് കോളേജില്‍ സെമിനാരിയന് ആയിരുന്ന ഒബ്രിയാന് രാത്രി പ്രാര്‍ഥനകള്‍ക്കുശേഷം തെറ്റായ ഉദ്ദേശവുമായി തന്നെ സമീപിച്ചെന്ന് മുന്‍ പുരോഹിതന് പരാതിയില്‍പ്പറയുന്നു. അയാള്‍ക്ക് എല്ലായ് പ്പോഴും എനിക്കുമേല്‍ അധികാരം പ്രയോഗം സാധ്യമാകുമെന്ന് അറിയാമായിരുന്നു. കല്യാണം കഴിക്കാന്‍വേണ്ടിയാണ് ഞാന്‍ പൗരോഹിത്യം ഉപേക്ഷിച്ചതെന്ന് ചിലര്‍ പറയുന്നു. പക്ഷേ എന്റെ വിശുദ്ധി നിലനിര്‍ത്താനാണ് പുതിയ ജോലി തേടിയത്, അദ്ദേഹം വ്യക്തമാക്കുന്നു. പള്ളിയിടവകയില്‍ താമസിച്ചിരുന്ന കാലത്ത് ഒബ്രിയാനും താനും തമ്മില്‍ ശരിയല്ലാത്ത ബന്ധ മുണ്ടായിരുന്നെന്നാണ് മറ്റൊരു പുരോഹിതന്റെ വെളിപ്പെടുത്തല്‍. എണ്‍പതുകളില്‍ രാത്രി അമിതമായി മദ്യപിച്ചിരുന്ന ഒബ്രിയാന് അസ്വാഭികമായി പെരുമാറിയിരുന്നെന്നു മൂന്നാമത്തെ പുരോഹിതന് പരാതിപ്പെടുന്നു.
പ്രാര്ഥനാവേളകളെ തന്റെ മോശംപ്രവൃത്തികള്ക്കുള്ള വേദിയായാണ് ഒബ്രിയാന് ഉപയോഗിച്ചതെന്ന് മറ്റൊരാളുടെ പരാതി. അതേസമയം, പോപ്പിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കര്‍ദിനാളിനെ തടയാന്‍ പരാതിക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒബ്രിയാനെതിരായ ആരോപണങ്ങള്‍ അത്യന്തം ഖേദകരമാണെന്ന് കത്തോലിക്ക സഭയിലെ ഉന്നതരില്‍ ചിലര്‍ പ്രതികരിച്ചു. അതിനിടെ, ലൈംഗികാതിക്രമ കേസുകളില്‍പ്പെട്ട പുരോഹിതരെ സഹായിച്ച കര്‍ദിനാള്‍ റോജര്‍ മഹോണിയെ കോ ണ്‍ക്ലേവില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനായിരത്തോളം അമേരിക്കന്‍ പൗരന്മാര് നിവേദനം സമര്‍പ്പിച്ചതും സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: