കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭം. വിലയില്‍ അഞ്ചിരട്ടിയുടെ വര്‍ദ്ധനവ്. ഹാന്‍സ്, പാന്‍പരാഗ്, തുളസി, മണിചന്ത് തുടങ്ങി നിരവധി പുകയില ഉല്‍പ്പന്നങ്ങളാണ് കേരളത്തില്‍ നിരോധിച്ചിരുന്നത്. കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. കൂടാതെ ചെറുപ്പക്കാരും കുറഞ്ഞ തോതില്‍ സ്ത്രീകളും ഇവയുടെ ഉപഭോക്താക്കളായി മാറിയിരുന്നു. സ്ഥിരമായ ഉപയോഗം മൂലം ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച അവസരത്തില്‍ സര്‍ക്കാരും പോലീസ് വകുപ്പും ഇത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരുന്നു.
കേരളത്തില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവ വന്‍തോതില്‍ തങ്ങളുടെ നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി.
ഇതിന്റെ വഴിതേടിയ കേരളത്തിലെ കച്ചവടക്കണ്ണുള്ള മാഫിയകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് ഇതിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ അഞ്ചിരട്ടിവിലയീടാക്കി വില്പന തുടങ്ങിയതോടെ ഈ മാഫിയ സംഘങ്ങള്‍ ദിവസേന കോടികളാണ് സമ്പാദിച്ച് കൂട്ടുന്നത്. വന്‍തോതില്‍ നിരോധിത ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ താത്കാലികമായി ഉപഭോഗം നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം വീണ്ടും ഈ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗക്കാരായി തീര്‍ന്നിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇതില്‍ അന്യസംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതലായി എത്തുന്നത് ഹാന്‍സാണ്. ഇതിന്റെ പായ്ക്കറ്റ് വിലയായി പ്രിന്റു ചെയ്തിരിക്കുന്നത് മൂന്ന് രൂപയാണെങ്കിലും വിറ്റഴിക്കപ്പെടുന്നത് 15 രൂപ മുതല്‍ 20 രൂപ വരെ വിലയ്ക്കാണ്. ഹാന്‍സ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയതരം. മുരാരിലാല്‍ ഹാരിഷ് ചന്ദര്‍ ജാസ്വാന് പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുന്ന ഹാന്‍സ് ചാപ്പ് ടുബാക്കോയുടെ ഹാന്‍സ് റെഡിമെയ്ഡ് എന്ന ബ്രാന്റാണ്.
ടി.എം രജിസ്ട്രേഷന് നമ്പരായ 249250 ല്‍ ഇറക്കുന്ന ഇവയുടെ ഉറവിടം എം.എഫ്.ജി ആന്റ് പാക്ക്ഡ് അറ്റ് പി.ജി ദല്‍ഹിയാണ്. ഇവര്‍ക്ക് കസ്റ്റമര്‍ കീയറും നിലവിലുണ്ട്. നമ്പര്‍ 011 22456680. ഈ നിരോധിത ഉത്പന്നം ഇന്ന് കേരളത്തിലെ പല പുകയില വ്യാപാരികളും രഹസ്യമായി മാഫിയകളുടെ കൈകളില്‍ നിന്നും മൊത്തമായി എടുത്ത് ചില്ലറ വില്പനക്കാര്ക്ക് കൈമാറുന്നു.
ഇവര്‍ അതീവരഹസ്യമായി ഉപഭോക്താക്കളില്‍ എത്തിക്കുന്നു. നേരിയ ലഹരികൊണ്ട് ഉപഭോക്താക്കളെ അടിമകളാക്കാന്‍ കഴിഞ്ഞ ഈ ഉത്പന്നം വിലയുടെ അഞ്ചും ആറും ഇരട്ടി വില നല്കി വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു.
കോളേജുകളും സ്കൂളുകളും ലക്ഷ്യമിട്ട് വ്യാപാരം കൊഴുപ്പിക്കുന്ന മാഫിയസംഘങ്ങളും കേരളത്തില്‍ സജീവമാണ്. വകുപ്പും പോലീസും ഉണര്‍ന്നു പ്രവത്തിച്ചില്ലെങ്കില്‍ കേരളത്തിലെ യുവതലമുറ അപകടകാരികളായ നിരോധിത ഉത്പന്നങ്ങളുടെ അടിമകളാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: