ധാക്ക: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയെ യുദ്ധക്കുറ്റം ആരോപിച്ച് നിരോധിക്കാനായി ബംഗ്ലാദേശ് സര്‍ക്കാര്‍ നീക്കം ശക്തമാക്കി. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടാനായി 1971ലെ യുദ്ധത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട ജമാ അത്ത് നേതാക്കള്‍ വിചാരണയിലാണ്. മധ്യ ധാക്കയില്‍ ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം ആവശ്യപ്പെട്ട് പ്രകടനം നടത്തുന്ന പതിനായിരക്കണക്കിന് പ്രക്ഷോഭകാരികള്‍ക്ക് സര്‍ക്കാര്‍നീക്കം ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജമാ അത്ത് അടക്കമുള്ള ഒരു സംഘടനയെയും പ്രോസിക്യൂട്ട് ചെയ്യില്ലെന്ന് നിയമമന്ത്രി ഷഫീക് അഹമ്മദ് വ്യക്തമാക്കി. പകരം യുദ്ധക്കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പ്രത്യേക കോടതി അവയെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിരോധിക്കും. അദ്ദേഹം പറഞ്ഞു. മുമ്പ് യുദ്ധക്കുറ്റങ്ങള്‍ ചാര്‍ത്തി വ്യക്തികളെ മാത്രമാണ് പ്രോസിക്യൂട്ട് ചെയ്തിരുന്നത്. ജമാ അത്തിനെ നിരോധിക്കുന്നതിലൂടെ അതില്‍ നിന്നും ഒരടി മുന്നോട്ടു പോയിരിക്കുകയാണ്, നിയമസഹ മന്ത്രി കാമറുള്‍ ഇസ്ലാം പറഞ്ഞു.
ഇസ്ലാം വിരുദ്ധ ബ്ലോഗറുടെ കൊലയില്‍ ചില ജമാ അത്ത് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അതിനാല്‍ നിരോധനത്തെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി ഷെയ്ക് ഹസീന ശനിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് നിരോധന നീക്കത്തിന് ഊര്‍ജം കൂടിയത്.
ഓണ്‍ലൈന്‍ പ്രവര്‍ത്തകരുടെ പോസ്റ്റുകളില്‍ ആകൃഷ്ടരായി കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ദിനവും നൂറുകണക്കിന് ആള്‍ക്കാരാണ് ജമാ അത്തിന്റെ നിരോധനം ആവശ്യപ്പെട്ട് തെരുവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ 1971ലെ യുദ്ധത്തിനിടയില്‍ നടന്ന കൂട്ടക്കുരുതിക്കും കൊലകള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ജമാ അത്ത് നേതാക്കളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.
പകയോടെയുള്ള ഇസ്ലാമിക പ്രക്ഷോഭം ഇടയ്ക്ക് വച്ച് ജമാ അത്തെ നേതാക്കളുടെ വിചാരണ നിര്‍ത്തി വച്ചതില്‍ അക്രമാസക്തമായി. ഇത് 13 പേരുടെ മരണത്തിലാണ് കലാശിച്ചത്. പോലീസും ഇസ്ലാമിക പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ ആഴ്ച മുതിര്‍ന്ന ജമാ അത്തെ നേതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് അല്‍പ്പം ശമിച്ചത്.
വിചാരണ വ്യാജപ്പരാതികളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും ഇതിന് പിന്നില്‍ ഏറെ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും കുറ്റപ്പെടുത്തുന്നു. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ഒമ്പതു മാസത്തെ യുദ്ധത്തിനിടയില്‍ സംഭവിച്ച മുറിവുകളുണക്കാനാണ് ശ്രമിക്കുന്നതെന്ന് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമിയില്‍ നുഴഞ്ഞു കയറിയ പാക് അനുകൂല തീവ്രവാദികളാണ് ആ യുദ്ധത്തില്‍ മൂന്ന് ദശലക്ഷം ആള്‍ക്കാരെ കൊന്നതെന്നും സര്‍ക്കാര്‍ പറയുന്നു.
യുദ്ധക്കുറ്റങ്ങളുടെ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റും തയ്യാറായി. വിധി വരികയും തുടര്‍ന്ന് അപ്പീല്‍ തള്ളുകയും ചെയ്താല്‍ ജമാ അത്തെ നേതാക്കളുടെ ശിക്ഷ, അത് വധശിക്ഷയാണെങ്കില്‍ പോലും ഉടനടി നടപ്പാക്കുമെന്ന് ഇതോടെ വ്യക്തമായി. അറുപത് ദിവസത്തെ സമയമാണ് അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: