കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ 10 ശതമാനം ഓഹരി എടുക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അതിന് പുറമെ ഇപ്പോള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് കടുത്ത ജനവഞ്ചനയാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരനും ഇത് ആറന്മുളയുടെ ജലസ്രോതസ്സായ കോഴിത്തോട് നികത്താനും ഭൂഗര്‍ഭജലവിതാനം താഴ്ത്തുമെന്നും പമ്പാനദീതീരത്ത് ആയിരത്തോളം ഏക്കര്‍ കോണ്‍ക്രീറ്റ് ഇടുന്നത് കടുത്ത പരിസ്ഥിതിനാശത്തിലേക്ക് നയിക്കുമെന്നും പ്രസിദ്ധ പരിസ്ഥിതിപ്രവര്‍ത്തക സുഗതകുമാരിയും പ്രഖ്യാപിച്ചുകഴിഞ്ഞു. കെജിഎസ് ഗ്രൂപ്പ് നികത്തുന്നത് 500 ഏക്കര്‍ മാത്രമാണെന്നവകാശപ്പെടുമ്പോഴും അന്താരാഷ്ട്ര വിമാനത്താവളവും ഷോപ്പിംഗ് മാളുകളും ബഹുനില കെട്ടിടങ്ങളും ഉയര്‍ത്താന്‍ സ്വാഭാവികമായും ഇതില്‍ കൂടുതല്‍ വയല്‍ നികത്തപ്പെടും എന്ന് സാമാന്യബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നു. അനധികൃതമായി പുറമ്പോക്കും കൈപ്പറ്റിയിട്ടുണ്ട്.
ഇതിന്റെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ നിയോഗിച്ച നിയമസഭാ കമ്മറ്റിയുടെ പഠനം വ്യക്തമാക്കുന്നത് നൂറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഏക്കര്‍ കണക്കിന് നെല്‍വയലുകളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിക്കുമെന്നുമാണ്. ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും വര്‍ഷകാലങ്ങളില്‍ പമ്പാനദിയിലെ ജലവിതാനം ഉയരുമ്പോള്‍ ആറന്മുളയില് വെള്ളപ്പൊക്കമുണ്ടാകാതെ സംരക്ഷിച്ചിരുന്ന കോഴിത്തോട് നികത്തിയതോടെ പുഞ്ചപ്പാടങ്ങളിലെ കൃഷി നശിച്ചിരിക്കുന്നു.
വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭവും ചെറുത്തുനില്‍പ്പും തൃണവല്‍ഗണിച്ച്, ഭൂനിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും പട്ടികജാതി സംരക്ഷണ നിയമങ്ങളും ലംഘിച്ചാണ് വിമാനത്താവള കമ്പനി മുന്നേറുന്നതെന്ന വസ്തുത തിരസ്കരിച്ചാണ് രാഷ്ട്രപതി ഇപ്പോള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നത്.
വിമാനക്കമ്പനിക്കുവേണ്ടി എടുത്ത പട്ടികജാതിക്കാരുടെ ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്നും നികത്തിയ നെല്‍വയലില്‍നിന്നും മണ്ണ് നീക്കം ചെയ്യണമെന്നും ജില്ലാ കളക്ര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച പ്രദേശം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമാണ് പൈതൃകഗ്രാമ കര്‍മ്മസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. നിലം നികത്തലിനെതിരെ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച് നേടിയ നിലം പുനഃസ്ഥാപിക്കണമെന്ന വിധി ബന്ധപ്പെട്ടവര്‍ പരിഗണിച്ചില്ലെന്ന് കര്‍മസമിതി ആരോപിക്കുന്നു. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഈ സമിതി ആവശ്യപ്പെടുന്നു.
ജനദ്രോഹം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളടങ്ങിയ സര്‍ക്കാര്‍. “പണവും അധികാരവും ഉണ്ടെങ്കില്‍ ഏത് നിയമവും ലംഘിക്കാമെന്നും ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിക്കാമെന്നുമുള്ള വിമാനക്കമ്പനിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഉന്നതാധികാരിവര്ഗ്ഗം മുട്ടുമടക്കി” എന്ന് പൈതൃകഗ്രാമസമിതി കുറ്റപ്പെടുത്തുന്നു. ഒരു ഗ്രാമത്തിലെ ജനത ഒറ്റക്കെട്ടായി അവര്‍ക്ക് വേണ്ടെന്ന് പറയുന്ന പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് രാഷ്ട്രപതി പോലും വ്യഗ്രത കാണിക്കുന്നത്.
ഈ പദ്ധതിക്കെതിരെ സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് നിലവിലുണ്ട്. എന്നിട്ടും കേരള സര്‍ക്കാര്‍ ഈ സ്വകാര്യസംരംഭത്തില്‍ പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വിമാനത്താവളത്തിന് മറ്റൊരു വിമാനത്താവളത്തില്‍നിന്നും 150 നോട്ടിക്കല്‍ മെയില്‍ ദൂരം വേണമെന്ന നിയമം ലംഘിക്കപ്പെടുന്നു. ഐഎന്‍എസ് ഗരുഡയുടെ ഫ്ലൈയിംഗ് സോണില്പ്പെടുന്നതുകൊണ്ട് സുരക്ഷാപ്രശ്നമുണ്ടെന്ന് പ്രതിരോധമന്ത്രി ആന്റണിയും പറഞ്ഞിരുന്നു. ഇതെല്ലാം വെറുംവാക്കായി. വിമാനത്താവളത്തിന്റെ മറവില്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സ്റ്റാര്‍ ഹോട്ടലുകളും ഇന്റര്‍നാഷണല്‍ സ്കൂളും മറ്റും ഇവിടെ ഉയരുമ്പോള്‍ പൈതൃകഗ്രാമം വികസിത നഗരമായി രൂപാന്തരപ്പെടും. പുരാവസ്തുവകുപ്പ് സംരക്ഷിക്കുന്ന ശാസ്താംകുളങ്ങര ക്ഷേത്രവും കവിയൂര്‍ ഗുഹയും സംരക്ഷിക്കപ്പെടേണ്ട ചരിത്രസൗധങ്ങളും ബലികഴിക്കപ്പെടുകയാണ്.
സമീപപ്രദേശങ്ങളായ മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളും വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടും. ഇതിനൊന്നും തദ്ദേശവാസികളുടെ അഭിപ്രായം പോലും തേടിയില്ല. ആറന്മുള ഒരു പ്രതീകമാണോ? ഭൂമാഫിയ വാഴുന്ന കേരളത്തില്‍ നെല്‍വയലുകളുടെ മരണമണിമുഴക്കമാണോ കേള്‍ക്കുന്നത്? കുമ്മനം രാജശേഖരനും സുഗതകുമാരിയും എന്ത് വിലകൊടുത്തും വിമാനത്താവള നിര്‍മ്മാണം തടയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: