ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ വ്യാപകമായ അഴിച്ചുപണിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്ന രീതിയില്‍ അഭിമതരായ ഉദ്യോഗസ്ഥരെ മര്‍മ്മപ്രധാന തസ്തികകളില്‍ നിയോഗിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ക്യാബിനറ്റ് സെക്രട്ടറി, സിഎജി, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കെല്ലാം മാറ്റമുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈവര്‍ഷം മെയ് മാസത്തോടെ ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്ത് വിരമിക്കും. കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിഎജി വിനോദ് റായിയുടെ കാലാവധിയും പൂര്‍ത്തിയാകുകയാണ്. ഇതിനിടെ സര്‍വീസ് നീട്ടിക്കിട്ടാനും സിഎജി തസ്തിക ലഭിക്കാനുമായി അജിത് സേത്ത് ശ്രമിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാരിലെ ഒരു വിഭാഗം ക്യാബിനറ്റ് സെക്രട്ടറിയായി സേത്തിനെ നിലനിര്‍ത്തണമെന്നും അഭിപ്രായപ്പെടുന്നു.
ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്ത് കേന്ദ്രസര്‍ക്കാരിന് സമ്മതനായ ഉദ്യോഗസ്ഥനാണ്. ഈ സാധ്യത അദ്ദേഹത്തെ സിഎജി പദവിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാരിന്റെ സ്വന്തം പ്രതിനിധിയായ സേത്ത് ഒരിക്കലും ഒരു പ്രശ്നക്കാരനാകില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന് സാധ്യത നല്‍കുന്നത്. എന്നാല്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ആര്.കെ. സിംഗും പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയും സിഎജി തസ്തികക്കായി ശ്രമിക്കുന്നവരില്പ്പെടുന്നു. എന്നാല്‍ ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരുകയില്ല. സേത്തിനെ സിഎജി തസ്തികക്ക് പരിഗണിച്ചാല്‍ ക്യാബിനറ്റ് സെക്രട്ടറിയാകാന്‍ സാധ്യത റവന്യൂ സെക്രട്ടറി സമിത് ബോസിനാണ്. ആഭ്യന്തര സെക്രട്ടറിയുടെ കാലാവധിയും പ്രതിരോധ സെക്രട്ടറിയുടെ കാലാവധിയും പൂര്‍ത്തിയാകുന്നത് ജൂണ്‍ മാസത്തിലാണ്. ഈ തസ്തികകളിലെത്താന്‍ വന്‍സമ്മര്‍ദ്ദമാണ് മറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. മുന്‍ ജമ്മുകാശ്മീര്‍ ചീഫ് സെക്രട്ടറിയായിരുന്ന മാധവചന്ദ്ര ആഭ്യന്തരവകുപ്പിലേക്കുള്ള തന്റെ ശ്രമം തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ സെക്രട്ടറിസ്ഥാനത്തേക്കും വന്‍ വടംവലിയുണ്ടാകുമെന്ന് ഉറപ്പാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയും മാറാന്‍ സാധ്യതയുണ്ട്. ദല്‍ഹി പോലീസ് കമ്മീഷണറും ജൂലൈ മാസത്തോടെ വിരമിക്കും.
പുതിയ അഴിച്ചുപണി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഉദ്യോഗസ്ഥര്‍ സുരക്ഷിതതാവളം തേടിയുള്ള നെട്ടോട്ടവും തുടങ്ങി. സര്‍ക്കാരിനെ പ്രസാദിപ്പിക്കുന്നതിലൂടെ നിലനില്പ്പുണ്ടെന്ന് തിരിച്ചറിയുന്നവരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരും ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: