തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതു താനെ താഴെ വീണുകൊള്ളുമെന്നും തട്ടിക്കൂട്ടി മന്ത്രിസഭയുണ്ടാക്കാന്‍ സിപിഎമ്മില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സര്‍ക്കാര്‍ പുറത്തുപോകണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സ്വയം വിനാശകരമായ കാര്യങ്ങളാണ് അവരിപ്പോള്‍ ചെയ്യുന്നത്. എന്നാല്‍, സര്‍ക്കാരിനെ വീഴ്ത്താന്‍ പാര്‍ലമെന്ററി ഉപജാപങ്ങള്‍ നടത്തില്ല. യുഡിഎഫിനുള്ളില്‍ തന്നെ അസ്വസ്ഥതകള്‍ രൂക്ഷമാണ്. മകനെതിരേ അച്ഛന് രംഗത്തെത്തുന്ന അവസ്ഥയാണിപ്പോഴെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സകല വൃത്തികേടുകളുടെയും കൂമ്പാരമായി യുഡിഎഫ് സര്‍ക്കാര്‍ മാറി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില മന്ത്രിമാര്‍ അഴിമതിക്കു സമ്മര്‍ദ്ദം ചെലുത്തുന്ന എന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പുളവാക്കുന്നതുമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്. ഉദ്യോഗസ്ഥര്‍ക്കു മാന്യമായി ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.
വിഎസിന്റെ പ്രതിപക്ഷ സ്ഥാനം സംബന്ധിച്ചു ഉടന്‍ തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ വിഎസ് തന്നെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നും അതുകൊണ്ടും തൃപ്തരാകാനും അതിനപ്പുറമുള്ള സംഘടനാകാര്യങ്ങള്‍ മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യാനാകില്ലെന്നും പിണറായിപറഞ്ഞു. വിഎസ് ഉള്‍പ്പെടെ എല്ലാ നേതാക്കളും അഖിലേന്ത്യാ ജാഥയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിവിധ പ്രശ്നങ്ങളുന്നയിച്ച് സിപിഎം നടത്തുന്ന അഖിലേന്ത്യാ ജാഥയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പിണറായി അറിയിച്ചു. 24ന് കന്യാകുമാരിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന ജാഥയെ 25ന് രാവിലെ 11ന് കളിയിക്കാവിളയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം സ്വീകരിക്കും. 25ന് വൈകിട്ട് മൂന്നിന് ആറ്റിങ്ങലാണ് സംസ്ഥാനത്തെ ആദ്യ സ്വീകരണം. വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം 27ന് വൈകിട്ട് 6.30തോടെ കോയമ്പത്തൂരെത്തും. പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ളയാണ് ജാഥാ ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: