തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയെന്ന രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ നയപ്രഖ്യാപന വേളയിലെ പരാമര്‍ശം നീക്കാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിടെ ബിജെപി ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. രാഷ്ട്രപതിയെ മറയാക്കി ആറന്മുളയിലെ നിലം നികത്തലിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറന്മുളയിലെ ജനകീയസമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരുകള്‍ ഭൂമാഫിയയ്ക്കൊപ്പം നിലകൊള്ളുകയാണ്. ആറന്മുള വിഷയം സംബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പ്രതിരോധ, വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന മറുപടിയാണ് പാരിസ്ഥിതിക മന്ത്രാലയത്തില്‍നിന്നും ലഭിച്ചതെന്നും മുരളീധരന് പറഞ്ഞു. പി.ജെ.കുര്യന് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനരന്വേഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കുര്യന് രാജിവയ്ക്കുകയാണ് വേണ്ടത്. കുര്യന് വിഷയത്തില്‍ ഇടതുകക്ഷികള്‍ പാര്‍ലമെന്റില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും ബിജെപിയുടെ നിലപാടും ഒരുപോലെയാണ്. ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടിന് സമാനമായ നിലപാടുമായി കേന്ദ്രത്തില്‍ ബിജെപി മുന്നോട്ടുപോകുമെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: