നീതിന്യായ വ്യവസ്ഥയിലും കുറ്റാന്വേഷണ വിഭാഗത്തിലും അന്തര്‍ലീനമായി കിടക്കുന്നത് സ്ത്രീവിരോധവും പുരുഷമേധാവിത്വ മനഃസ്ഥിതിയുമാണെന്ന് തെളിയിക്കുന്നതായിരുന്നു ജസ്റ്റിസ് ബസന്തിന്റെ സൂര്യനെല്ലി കുട്ടിക്കെതിരെയുള്ള ബാലവേശ്യാ പ്രയോഗം. ആ മനോഭാവത്തിനടിവരയിടുന്നതാണ് തന്നെ അസഭ്യം പറഞ്ഞ പൂവാലന്മാര്ക്കെതിരെ പ്രതികരിച്ച അമൃതക്കെതിരെ കേസെടുക്കാനും ഇപ്പോള്‍ കോടതിയെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം കൂടിവരുന്ന ഇക്കാലത്ത് പെണ്‍കുട്ടികള്‍ പ്രതികരണശേഷി ആര്‍ജ്ജിക്കണം എന്ന് വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യാറുണ്ട്. പൂവാല ശല്യവും സ്ത്രീപീഡനത്തിന്റെ വകുപ്പില്‍പ്പെടുന്ന കാര്യമാണ്. സാധാരണ പെണ്‍കുട്ടികളും സ്ത്രീകളും അവര്‍ക്കെതിരെ അശ്ലീലം പറയുന്നതിനോടോ ബസ്സിലെ തോണ്ടലിനോടോ പ്രതികരിക്കാറില്ല. ഇത് ഇത്തരം മനോരോഗികളെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഉളളൂ. അതിനാല്‍ പീഡനത്തിനെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ശിക്ഷിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്.സൂര്യനെല്ലി പെണ്‍വാണിഭം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച കേരളത്തിലെ ആദ്യത്തെ കേസായിരുന്നു. 2007 നവംബര്‍ 16 ന് കേരളസര്‍ക്കാര്‍ ഈ കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി കുര്യന് അനുകൂലമായി വിധി പറഞ്ഞത് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനടങ്ങുന്ന സുപ്രീംകോടതി ബെഞ്ചായിരുന്നു.
തന്റെ ദുരന്താനുഭവങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നല്കിയ പരാതിയ്ക്കും വേണ്ട പരിഗണന ലഭിച്ചില്ലെന്ന് സൂര്യനെല്ലി പെണ്‍കുട്ടി ആരോപിച്ചിരുന്നു. അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദന കുറുപ്പിന്റെ “എന്റെ ജീവിതം” എന്ന ആത്മകഥയിലും കേസന്വേഷണം ദുര്‍ബലമാണെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും വരുത്താനുള്ള അന്വേഷണ ക്രമീകരണങ്ങള്‍ നടത്തിയതായി തനിയ്ക്ക് ബോധ്യമായതായി എഴുതിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് കുര്യനുവേണ്ടിയുള്ള തെളിവുകളാണ് ശേഖരിച്ചത് എന്നും പറയുന്നുണ്ട്. കുര്യനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനും സിബി മാത്യൂസ് ശ്രമിച്ചില്ല. സിബി മാത്യൂസിന്റെ കാഴ്ചപ്പാടിനെ പിന്താങ്ങുന്ന രാഷ്ട്രീയശക്തികളായിരുന്നു കേരളത്തില്‍ അന്ന് എന്ന് അദ്ദേഹം രേഖപ്പെടുത്തുമ്പോള്‍ ഇന്നും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് സുധാകരന് എംപിയുടെയും ജസ്റ്റിസ് ബസന്തിന്റെയും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ജഡ്ജിമാരിലും ആന്തരികമായി കുടികൊള്ളുന്ന ഇത്തരം മനോഗതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ജസ്റ്റിസ് കപാഡിയയും പറഞ്ഞതാണ്.
പി.ജെ. കുര്യനെതിരെ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്താന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സ്ത്രീപീഡകര്‍ക്കെതിരെ ഘോരഘോരം ശബ്ദിക്കുന്ന വിഎസ് സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ പെണ്‍കുട്ടി കുര്യനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി പുതിയതായി ഒന്നും പറയുന്നില്ല എന്നും 17 വര്‍ഷം മുന്‍പ് പറഞ്ഞതാണ് പറയുന്നതെന്നും പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനരന്വേഷണ ആവശ്യം തള്ളി പി.ജെ.കുര്യനെ സംരക്ഷിച്ചു. സൂര്യനെല്ലി കേസില്‍ ഉടനീളം പ്രതിഫലിക്കുന്നത് നൈതികമായ ലക്ഷ്മണരേഖയുടെ ലംഘനം തന്നെയാണ്. സൂര്യനെല്ലി വിഷയം നിയമസഭയെ പ്രക്ഷുബ്ധമാക്കി. പാര്‍ലമെന്റില്‍ സ്ത്രീ സുരക്ഷാ ബില്‍ പരിഗണിയ്ക്കാനെടുക്കുമ്പോള് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണവിധേയനായ പി.ജെ.കുര്യന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തിരിക്കുന്നതിലെ വൈരുധ്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പി.ജെ. കുര്യനെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പുച്ഛിച്ചു തള്ളിയിരിക്കുകയാണ്.
ഇത് നൈതിക ലക്ഷ്മണരേഖയുടെ നഗ്നമായ ലംഘനം അല്ലെങ്കില്‍ പിന്നെന്താണ്? ഇപ്പോള്‍ സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയിരിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ വിധി എങ്കിലും പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: