മുംബൈ: മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യയും രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയും സംയുക്ത സഹകരണത്തിന്. വ്യോമയാന മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കുന്നതിനാണ് ഇരു കമ്പനികളും ഒരുങ്ങുന്നത്. ഈ സംരംഭത്തില്‍ 49 ശതമാനം ഓഹരി എടുക്കുന്നതിനായി വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡ് മുമ്പാകെ എയര്‍ ഏഷ്യ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഈ സംയുക്ത സംരഭത്തിനായി 60 ദശലക്ഷം ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപിക്കുകയെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി. എയര്‍ ഏഷ്യ, ടാറ്റ, ഭാട്യാസിന്റെ ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ എന്നീ കമ്പനികളാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
സംയുക്ത സംരഭത്തില്‍ ടാറ്റ സണ്‍സിന് 30 ശതമാനം ഓഹരി പങ്കാളിത്തമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ എയര്‍ലൈനിന്റെ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടായിരിക്കില്ല. ടാറ്റ സണ്‍സുമായി ചേര്‍ന്ന് എയര്‍ലൈന്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുമെന്ന് എയര്‍ ഏഷ്യ സ്ഥാപകനും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയിലെ വ്യോമയാന മേഖലയെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ അന്തരീക്ഷം എയര്‍ ഏഷ്യയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംരംഭത്തിലൂടെ ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയിലേക്കുള്ള തിരിച്ചുവരവിനും വഴിയൊരുങ്ങും. ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാ എയര്‍ ഇന്ത്യ 1932 ല്‍ സ്ഥാപിച്ചത് ടാറ്റ ഗ്രൂപ്പായിരുന്നു.
പിന്നീട് ഇത് ദേശസാല്കരിച്ചപ്പോള് ഇതിന്റെ പ്രവര്‍ത്തനം ടാറ്റയ്ക്ക് നഷ്ടമാവുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
ചെന്നൈ ആസ്ഥാനമായിട്ടാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുക. പ്രാരംഭ ഘട്ടത്തില്‍ ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് ആയിരിക്കും നടത്തുക.
നിലവിലെ നിയമപ്രകാരം അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ വിദേശ സര്‍വീസ് നടത്തുന്നതിന് യോഗ്യത ലഭിക്കുകയുള്ളു.
തായ്ലന്റ്, മലേഷ്യ എന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യ ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, തിരുച്ചിറപ്പള്ളി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്ക് പുറമെ ഏഷ്യയിലെമ്പാടുമായി 20 രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതേസമയം മലേഷ്യന്‍ വിമാന കമ്പനിയാ എയര്‍ ഏഷ്യയുമായി ടാറ്റാ ഗ്രൂപ്പ് സഹകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കി. എന്നാല്‍ ടാറ്റ ഗ്രൂപ്പ് സ്വന്തമായി വിമാന കമ്പനി ആരംഭിക്കുന്നതിനോടാണ് കൂടുതല്‍ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമയാന മേഖയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതിന്റെ പ്രധാന ഉദ്ദേശ്യം ഇന്ത്യന്‍ എയര്ലൈനുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക എന്നതാണെന്നും സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: