കൊച്ചി: പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. എറണാകുളം സിറ്റിയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടിയില്ല. അങ്ങിങ്ങ് ചില ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. സിറ്റിയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ആലുവയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടിസി ബസ് അടക്കം വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ആലുവായിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ബിഎംഎസ്, സിഐടിയു, എഐടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നഗരത്തില്‍ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പ്രകടനം നടത്തി. ബിഎംഎസ് മേഖല പ്രസിഡന്റ് വി.എം.ഗോപി,കെ.എ.പ്രഭാകരന്, ആനന്ദ് ജോര്‍ജ്ജ്, എം.പി.ഉദയകുമാര്‍, എം.ജെ.ടോമി, വി.എ.സലീം എന്നിവര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴയില്‍ പൂര്‍ണമായിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയതല്ലാതെ മറ്റു വാഹനങ്ങള്‍ ഓടിയില്ല. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രകടനം നടത്തി. പ്രകടനം നടത്തിയ യു.ആര്.ബാബു, എം.എം.സഹീര്‍ എന്നിവര്‍ നേതൃത്വം നല്കി.
വിവിധ ട്രേഡ് യൂണിയന് സംഘടനകളുടെ നേതൃത്വത്തില്‍ പറവൂരില്‍ രാവിലെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം മുന്‍ മന്ത്രിയും എംഎല്‍എയുമായ എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. സമരക്കാര്‍ പിരിഞ്ഞുപോകാതെ ഭക്ഷണം പാകം ചെയ്തു കഴിച്ചു. സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നുംതന്നെ ഓടിയില്ല. പറവൂരില്‍ സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിച്ചെങ്കിലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഹാജരായത്. തേഞ്ഞിക്കര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജോലിക്കെത്തിയ അദ്ധ്യാപികയെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു എംപാനല്‍ ജീവനക്കാരന് മാത്രമാണ് ജോലിക്ക് ഹാജരായത്. വൈപ്പിന്‍, മുനമ്പം, ചെറായി മേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. മുനമ്പം ഹാര്‍ബറില്‍ നിശ്ചലമായിരുന്നു. വരാപ്പുഴ ചേരാനെല്ലൂര്‍ ഭാഗങ്ങളില്‍ സമരം പൂര്‍ണമായിരുന്നു. കളമശ്ശേരി, ഏലൂര്‍ മേഖല ചരിത്രത്തിലാദ്യമായി പൂര്‍ണമായും നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നിരുന്നു.
മട്ടാഞ്ചേരിയില്‍ വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. പരമ്പരാഗത ധാന്യ-അരി-പലവ്യഞ്ജന വിപണിയായ മട്ടാഞ്ചേരി ബസാര്‍, മലഞ്ചരക്ക് വിപണിയായ ജ്യോൂ ടൗണ്‍, കയര്‍-തേയില ചില്ലറ വിപണിയായ മരക്കടവ്, മത്സ്യവിപണിയായ ഹാര്‍ബര്‍, ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, വസ്ത്ര വിപണിയായ ചെറളായി, തോപ്പുംപടി, പച്ചക്കറി-പഴവര്‍ഗ വിപണിയായ പാലസ് റോഡ് തുടങ്ങി എല്ലാ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസും, ബോട്ട് സര്‍വീസും പ്രവര്‍ത്തിച്ചില്ല.
പണിമുടക്കില്‍ കൊച്ചി തുറമുഖം സ്തംഭിച്ചു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്മിനലിലേയ്ക്കും-പുറത്തേയ്ക്കുമുള്ള കണ്ടെയ്നര്‍ നീക്കം നടന്നില്ല. തുറമുഖ ട്രസ്റ്റ് ഓഫീസിലും ടെര്‍മിനലുകളിലും ഹാജര്‍ നില നാമമാത്രമായിരുന്നു. വല്ലാര്‍പാടത്ത് നങ്കുരമിട്ട രണ്ടു കപ്പലുകളിലും കണ്ടെയ്നര്‍ കയറ്റിറക്കുമതി നാമമാത്രമായാണ് നടന്നത്. ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമെത്തിയ വിദേശവിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രധാന കേന്ദ്രങ്ങളൊന്നും തുറന്നു പ്രവര്‍ത്തിക്കാത്തതും യാത്രാ സൗകര്യമില്ലാത്തതും ടൂറിസ്റ്റുകളെ നിരാശരാക്കി. കൊച്ചി ബിനാലെയുടെ പ്രധാന വേദി ഒഴികെ മറ്റു വേദികള്‍ അടഞ്ഞു കിടന്നു. വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ജങ്കാര്‍-ബോട്ട് സര്‍വീസുകള്‍ പ്രവര്‍ത്തിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: