കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി നവീകരിച്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് 22ന് നാടിന് സമര്‍പിക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. 22ന് വൈകിട്ട് ആറിനു യേശുദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത കച്ചേരിയോടെ നവീകരിച്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് നാടിന് തുറന്ന് കൊടുക്കും.
കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി.തോമസ്, ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍, എക്സൈസ് തുറമുഖ മന്ത്രി കെ.ബാബു, എം.എല്‍.എമാരായ ഹൈബി ഈഡന്, ഡൊമിനിക്ക് പ്രസന്റേഷന്, ബെന്നി ബെഹ്നാന്, മേയര്‍ ടോണി ചമ്മിണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ആര്‍ക്കിടെക്ട് ഗോപകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷമാണ് ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടികളാരംഭിച്ചത്. 1.44 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മൈതാനിയില്‍ ആധുനിക രീതിയിലുള്ള ഓപ്പണ്‍ സ്റ്റേജും മൈതാനിയില്‍ പുല് വച്ചുപിടിപ്പിക്കുകയും വെള്ളം കെട്ടിക്കിടക്കാത്ത വിധം ഗ്രൗണ്ടിനടിയിലൂടെ പൈപ്പുകള്‍ സ്ഥാപിക്കല്‍, വേദിക്ക് ചുറ്റും നടപ്പാത, സ്റ്റേജിനോടനുബന്ധിച്ച് ഗ്രീന്‍ റൂം, സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ള പ്രൊജക്ടര്‍ സംവിധാനം, ഡിജിറ്റല്‍ ശബ്ദ സംവിധാന മുള്‍പ്പടെയുള്ള മറ്റ് സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളാണ് ഗ്രൗണ്ടിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമാ സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ മികച്ചൊരു തീയറ്റര്‍ ആയി ദര്‍ബാര്‍ ഹാള്‍ മൈതാനിയെ മാറ്റും വിധത്തിലുളള സാങ്കേതിക പരിഷ്കാരം പദ്ധതിയുടെ രണ്ടാം ഘടത്തില്‍ നടത്തും. ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ സഹായത്തോടെ ഗ്രൗണ്ടിനു ചുറ്റും ചെടികള്‍ വച്ച് പിടിപ്പിക്കും. നിലവിലെ സ്റ്റേജ് ചെറുതാക്കുന്നതിനും വലുതാക്കുന്നതിനുമുള്ള ക്രമീകരണ പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ടത്തില്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. യേശുദാസിന്റെ സംഗീത കച്ചേരി നടക്കുന്ന ഉദ്ഘാടനദിവസമായ 22ന് ഗ്രൗണ്ടില്‍ 1500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: