മനുഷ്യശിശു ഏറ്റവും നിസ്സഹായനായ ഒരു ജീവിയത്രെ. ഏത് പാല് കുടിക്കണമെന്നോ ഏത് ഭാഷ പഠിക്കണമെന്നോ ഒരു കുട്ടിയും ശാഠ്യം പിടിക്കുന്നില്ല. മാതാപിതാക്കള്‍ക്ക് ആര്‍ക്കെങ്കിലും ശാഠ്യം കാണും. ഭരണകൂടം നിര്‍ബന്ധിക്കുകയും ചെയ്തേക്കാം. കുട്ടിക്ക് തല്ക്കാലം അനുസരിക്കയല്ലേ നിവൃത്തിയുള്ളൂ! ഇവിടെ ഇംഗ്ലീഷ് ഭ്രമം തലയ്ക്ക് പിടിച്ച ശാഠ്യക്കാരനായ ഒരു പിതാവിന്റെ കഥ പറഞ്ഞുകൊള്ളട്ടെ.
കൃഷ്ണധനഘോഷ് എന്നാണ് കഥാനായകന്റെ പേര്. ബംഗാളി യുവാവ്. കഷ്ടിച്ച് ഒന്നര നൂറ്റാണ്ട് മുമ്പാണ് കേട്ടോ. രണ്ടുവര്‍ഷം ഇംഗ്ലണ്ടില്‍ പോയി പഠിച്ചുവന്നു. അതോടെ നാട്ടുകാരോടും ബംഗാളി ഭാഷയോടുമൊക്കെ പരമപുച്ഛമായി. അഞ്ചുവയസ്സുള്ള അരവിന്ദന് ഉള്‍പ്പെടെയുള്ള മൂന്ന് ആണ്മക്കളേയും കന്യാസ്ത്രീകള്‍ നടത്തുന്ന ഇംഗ്ലീഷ് കോണ്‍വെന്റില്‍ താമസിച്ചു പഠിക്കാന്‍ ഏര്‍പ്പാടാക്കി.
ഒരു പെണ്കുഞ്ഞു കൂടി പിറന്നപ്പോള്‍ കൃഷ്ണധനഘോഷിന് സഹിച്ചില്ല. 1879 ല്‍ ഭാര്യയേയും നാലു കുട്ടികളേയും കൂട്ടി ഇംഗ്ലണ്ടില്‍ പോയി. കുറച്ചുനാള്‍ക്കുശേഷം ഭാര്യയും പെണ്‍കുഞ്ഞുമായി ഇന്ത്യയില്‍ തിരിച്ചെത്തി. ആണ്‍കുട്ടികള്‍ മൂവരും ഇംഗ്ലണ്ടില്‍ പഠിത്തം തുടരാന്‍ നിര്‍ബന്ധിതരായി. നീണ്ട 14 വര്‍ഷങ്ങള്‍. അവരില്‍ ഒരാളായിരുന്ന അരവിന്ദഘോഷ് അതിബുദ്ധിമാനായിരുന്നു. ഇംഗ്ലീഷിന് പുറമെ ലാറ്റിന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ഗ്രീക്ക്, സ്പാനിഷ്, ജര്‍മന്‍ എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. വെറും ഭാഷാ പരിചയമല്ല; സ്വന്തമായി ആ ഭാഷകളില്‍ കവിത രചിക്കാനുള്ളത്ര വൈദഗ്ദ്ധ്യം തന്നെയാണ് സമ്പാദിച്ചത്.
21-ാം വയസ്സില്‍ ഉന്നത ബിരുദം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അരവിന്ദന് സ്വന്തം പോരായ്മ ബോധ്യമായി. നാട്ടുഭാഷകളൊന്നും അറിയില്ലല്ലോ! മനസ്സിലാണെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ അഭിലാഷവും! അതിനാല്‍ മാതൃഭാഷയുള്പ്പെടെ ഭാരതീയ സംസ്ക്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭാഷകള്‍ പഠിക്കാനായി അരവിന്ദന്റെ ശ്രമം. ബംഗാളിയും മറാഠിയും ഗുജറാത്തിയും സംസ്കൃതവുമെല്ലാം അരവിന്ദന് വഴങ്ങി. രഹസ്യപ്രവര്‍ത്തനം നടത്തിയതിന് ഒരുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോഴാകട്ടെ തപസ്സും ധ്യാനവുമായി കഴിച്ചു. പിന്നീടുള്ള കാലം തമിഴ്നാട്ടിലെ ഫ്രഞ്ച് ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ ആശ്രമം സ്ഥാപിച്ചു വേദപഠനവും ആദ്ധ്യാത്മികമായ എഴുത്തും യോഗചര്യയുമായി നാലുപതിറ്റാണ്ടുകള്‍ കഴിച്ചുകൂട്ടി. അക്കാലത്ത് തമിഴിനും അദ്ദേഹത്തിന്റെ ഭാഷാശേഖരത്തില്‍ ഇടം നേടാനായി. 1950 ഡിസംബര്‍ 5 ന് സമാധിയാവുകയും ചെയ്തു.
മഹര്‍ഷി അരവിന്ദഘോഷിന്റെ ജീവചരിത്രം സംക്ഷിപ്തമായി ഇവിടെ പറഞ്ഞത് ഭാഷാസ്നേഹത്തിന്റെയും സാംസ്ക്കാരിക മഹത്വത്തിന്റേയും ലോകമാനവികതയിലേയ്ക്കുയരുന്ന സ്വാതന്ത്ര്യത്തിന്റെയും യോഗചര്യയുടേയുമൊക്കെ കാര്യങ്ങള്‍ സൂചിപ്പിക്കുവാനാണ്. പിതാവായ കൃഷ്ണധനഘോഷിന്റെ ശാഠ്യങ്ങള്‍ക്കും ചിന്തകള്‍ക്കുമപ്പുറമുള്ള അരവിന്ദന്റെ വിസ്മയകരമായ വളര്‍ച്ചയില്‍നിന്ന് പലതും നമുക്ക് പഠിക്കാനുള്ളതുകൊണ്ടാണ്.
കൃഷ്ണധനഘോഷിന്റേതുപോലുള്ള ശാഠ്യങ്ങളാണ് മലയാളികളായ ഇന്നത്തെ പല മാതാപിതാക്കള്‍ക്കും ഉള്ളത്. മലയാളത്തിനോട് പരമപുച്ഛം! ഇംഗ്ലീഷാണ് ലോകഭാഷ. അതുമാത്രം പഠിച്ചാല്‍ മതി. ലോകത്തെവിടെയും പോയി ജോലി ചെയ്യാം. കോടീശ്വരനായി കുട്ടിക്ക് സുഖിക്കാം എന്ന വിചാരണമാണവര്ക്ക്. അതിനാല്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയോട് ഇംഗ്ലീഷിലാണവര് കൊഞ്ചുക. പിന്നെ ഇംഗ്ലീഷ് നഴ്സറിയിലും ഇംഗ്ലീഷ് സ്കൂളിലും ചേര്‍ത്ത് ഇംഗ്ലീഷ് ഭക്ഷണവും ഇംഗ്ലീഷ് മരുന്നും ഇംഗ്ലീഷ് വളവും നല്കി വളര്‍ത്തുകയായി. നിര്‍ഭാഗ്യവശാല്‍ ഗവണ്മെന്റിന്റെ വിദ്യാഭ്യാസരീതികള് ഇക്കൂട്ടര്‍ക്ക് അനുകൂലമാണ്. അതിനാല്‍ ഇംഗ്ലീഷ് വിദ്യാലയങ്ങളിലെങ്ങാനും മലയാളം പറഞ്ഞാല്‍ ആ കുട്ടികളേയും രക്ഷിതാക്കളേയും വരെ മൊട്ടയടിക്കാം, അപമാനിക്കാം, പിഴയടപ്പിക്കാം എന്നിടത്തോളമെത്തിയിട്ടുണ്ട് സ്വകാര്യ അഹങ്കാരം!
ഈ ദുരവസ്ഥയ്ക്കെതിരെ കുറെ വര്‍ഷങ്ങളായി ഭാഷാസ്നേഹികള്‍ നടത്തിവരുന്ന സമരങ്ങളുടേയും നിവേദനങ്ങളുടെയും ഫലമായി ഇപ്പോള്‍ ഒരു മലയാളം സര്‍വകലാശാലയ്ക്ക് തുടക്കമായിട്ടുണ്ട്. നിവേദനങ്ങളേക്കാള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പലതരം പ്രലോഭനങ്ങളുമാണ് പിന്നില്‍. ഉള്ളിന്റെയുള്ളില്‍ ഇംഗ്ലീഷിനോടാവും പലര്‍ക്കും കമ്പം. അതിനാല്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം യൂണിവേഴ്സിറ്റി എന്നപേരിനെ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ചുരുക്കി ‘ടെമു’ (ഠലാൗ) എന്നുവിളിച്ചു കൂടായ്കയില്ല. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയെ (ഈടഅഠ)കുസറ്റ്ന്ന് കുസൃതിപ്പേരിട്ടു നാം നേരത്തെ മാനിച്ചിട്ടുണ്ടല്ലോ.
എന്തായാലും മലയാളം സര്‍വകലാശാല നിലവില്‍ വന്നത് നല്ല കാര്യം തന്നെ. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങളധികവും ഉപരിവിദ്യാഭ്യാസത്തിനും ഗവേഷണാദികള്ക്കുമായി പരിമിതപ്പെടുമെന്നാണ് മനസ്സിലാകുന്നത്. അത് ആ വഴിക്ക് നടക്കട്ടെ. അതിനേക്കാള്‍ പ്രധാനം പ്രാഥമിക തലം മുതല്‍ മലയാളം എല്ലാ ക്ലാസ്സുകളിലും പഠിക്കാന്‍ നിര്‍ബന്ധിക്കുക എന്നതാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവും നിയമവും സൗകര്യങ്ങളും അത്തരത്തിലായിരിക്കണം.
വീടുകളില്‍ മലയാളം പറയണം. വിദ്യാലയങ്ങളില്‍ മലയാള ഭാഷയുടെ ശാസ്ത്രവും സാഹിത്യശാഖകളും പഠിപ്പിക്കപ്പെടണം. ഭരണകാര്യങ്ങളില്‍ മലയാളം ഉപയോഗിക്കപ്പെടുകയും വേണം. അങ്ങനെ, നാട്ടില്‍ മലയാളം നിലനില്‍ക്കുമ്പോഴല്ലേ മലയാളം സര്‍വകലാശാലയ്ക്ക് പ്രസക്തിയുള്ളൂ? ഇന്ന് പക്ഷെ, പല കാരണങ്ങളാല്‍ മലയാളം നാട്ടില്‍നിന്ന് തിരോഭവിച്ചുകൊണ്ടിരിക്കേ ഉടനെ സ്ഥാപിക്കേണ്ടത് ഒരു മലയാളം മ്യൂസിയമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ?
ഇംഗ്ലീഷ് ഇന്ന് ലോകഭാഷയാണെന്ന് സമ്മതിക്കാമെങ്കിലും അതിന് രണ്ടാം സ്ഥാനമെ താന്‍ നല്‍കുന്നുളളൂവെന്നും മാതൃഭാഷാ പഠനത്തിനുള്ള അവസരമുണ്ടായിരിക്കുകയെന്നത് ഏത് കുട്ടിയുടേയും ജന്മാവകാശമാണെന്നും ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. വൈദേശിക ഭാഷ അടിച്ചേല്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ സര്‍ഗശേഷി നശിച്ചവരായി, വളര്‍ച്ച മുരടിച്ചവരായി, ഒറ്റപ്പെട്ടവരായി മാറുമെന്നും ഇതൊരു ദേശീയ ദുരന്തമായിട്ടാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അല്ലയോ ഭരണാധിപന്മാരേ, രക്ഷിതാക്കളേ! നിങ്ങള്‍ മഹാനായ രാഷ്ട്രപിതാവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുമോ? നാളത്തെ തലമുറയുടെ ദുരന്തനിവാരണത്തിനുവേണ്ടി ഇന്നുതന്നെ ആത്മാര്‍ത്ഥമായി വേണ്ടതെല്ലാം ചെയ്യുമോ?
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: