വൈകി കിട്ടുന്ന നീതി നീതിയല്ലെന്നും അത് അനീതിയാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ കുറച്ചുകാലങ്ങള്‍ക്കു മുമ്പു നിരീക്ഷിച്ചിരുന്നല്ലോ. ഈ സാഹചര്യം നമ്മുടെ രാജ്യത്തു യാതൊരു മാറ്റവുമില്ലാതെ നിലനില്ക്കുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത് 43.22 ലക്ഷം കേസുകളാണത്രെ. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു പ്രഖ്യാതമായ അലഹബാദ് ഹൈക്കോടതിയിലാണ്. പത്തുലക്ഷം കേസുകള്‍. തൊട്ടുപുറകില്‍ മദ്രാസ് ഹൈക്കോടതിയാണ്. അവിടെ 4.7 ലക്ഷം കേസുകള്‍ വിധിത്തീര്പ്പിനായുണ്ട്. ഇക്കണക്കിനുപോയാല്‍ 2040 ആകുമ്പോഴേക്കും രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 15 കോടിയിലെത്തുമത്രെ. അത്രയും കേസിന് ആനുപാതികമായി 75000 ന്യായാധിപന്മാരെങ്കിലും ഉണ്ടായിരിക്കുകയും വേണം. നാഷണല്‍ കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റമാണ് ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഹൈക്കോടതികളിലും കീഴ്ക്കോടതികളിലുമായി മൂന്നേകാല്‍ കോടിയോളം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നു കേന്ദ്ര നിയമമന്ത്രാലയവും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ബൃഹത്തായ നീതിന്യായസംവിധാനമാണ് ഇന്ത്യയിലേത്. മൂന്നു കോടിയിലധികം കേസുകളാണ് രാജ്യത്തെ കോടതികളിലെല്ലാം കൂടി തീര്പ്പുകാത്തുളളത്. ഇത്രയും കേസുകള്‍ പരിഗണിക്കുവാനായി അനുവദിക്കപ്പെട്ടിട്ടുള്ളതാകട്ടെ 18,871 ന്യായാധിപസ്ഥാനങ്ങളും.
ഇതില്‍തന്നെ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ ആയിരക്കണക്കിനു വരും. പരമോന്നത നീതിപീഠമായ സുപ്രീംകോടതി മുതല്‍ ഏറ്റവും താഴെയുള്ള കോടതികളില്‍ വരെ ന്യായാധിപരുടെ ഒഴിവുകള്‍ നിയമനം കാത്തുകിടക്കുന്നു. സുപ്രീംകോടതിയില്‍ നിലവില്‍ 27 ജഡ്ജിമാരാണുള്ളത്. ഇതില്‍തന്നെ മൂന്നുപേര്‍ ജനുവരി ആദ്യമാണു ചുമതലയേറ്റത്. അനുവദിക്കപ്പെട്ടിട്ടുള്ളതു 31 ജഡ്ജിമാരാണ്. അതായതു നാലു ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ട്.ഹൈക്കോടതികളില്‍ മാത്രം മുന്നൂറിലധികം ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടു വാനുള്ളതെന്നു നിയമമന്ത്രാലയം വ്യക്തമാക്കുന്നു. വേണ്ടത്ര യോഗ്യതയുള്ളവരുടെ എണ്ണക്കുറവും ന്യായാധിപ നിയമന നടപടി ക്രമങ്ങളുടെ സങ്കീര്‍ണതകളുമെല്ലാം ഒഴിവുകള്‍ നികത്തപ്പെടുന്നതിനു കാലവിളംബം വരുത്തുന്നുണ്ടത്രെ.
കോടതികളിലെ മറ്റു ജീവനക്കാരുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. സുപ്രീംകോടതി, ഹൈക്കോടതികള്‍ എന്നിവയൊഴിച്ചു രാജ്യത്തെ ബാക്കിയുള്ള കീഴ്ക്കോടതികളെല്ലാം മേല്‍സൂചിപ്പിച്ച രണ്ടു കാരണങ്ങളാല്‍ കൂടി വീര്‍പ്പു മുട്ടുകയാണ്. കേസുകള്‍ സംബന്ധിച്ച രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ പോലും ബഹുഭൂരിപക്ഷം കീഴ്ക്കോടതികളിലുമില്ല. മഴപെയ്താല്‍ ചോര്ന്നൊലിക്കുന്നവയും എപ്പോള്‍ വേണമെങ്കിലും നിലംപതിയ്ക്കാന്‍ സാധ്യതയുള്ളതുമായ കോടതിക്കെട്ടിടങ്ങളുടെ എണ്ണവും കുറവല്ല എന്നു പറയുമ്പോള്‍തന്നെ കാര്യങ്ങള്‍ വ്യക്തം.
ദല്‍ഹി ഹൈക്കോടതിയില്‍ മാത്രം 61,000 കേസുകളാണു കെട്ടിക്കിടക്കുന്നത്. ഇതില്‍ അയ്യായിരത്തോളം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ഇവിടെ നിലവില്‍ 13 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. ആവശ്യമായ ആകെ ജഡ്ജിമാരുടെ എണ്ണമാകട്ടെ 48. ഉത്തര്‍പ്രദേശിലെ പ്രഖ്യാതമായ അലഹബാദ് ഹൈക്കോടതിയില്‍ നികത്തപ്പെടുവാനുള്ളത് 74 ന്യായാധിപര്മാരുടെ ഒഴിവുകളാണ്. രാജസ്ഥാനില്‍ 18ഉം ബോംബെയില്‍ 20 ഉം കല്‍ക്കത്തയില്‍ 17ഉം കര്‍ണാടകയില്‍ 13ഉം പഞ്ചാബ് ആന്റ് ഹരിയാനയില്‍ 26ഉം മദ്രാസില്‍ 10ഉം ഹൈക്കോടതി ജഡ്ജിമാരുടെ കുറവാണു നിലവിലുള്ളത്.
സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 262 ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടുവാനുള്ളത്. രാജ്യത്തെ 21 ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കൂടി 895 ജഡ്ജിമാരാണു വേണ്ടത്. ഇതിലാണു മുന്നൂറിലധികം പേരുടെ കുറവ് നില്നിലക്കുന്നത്. അതായതു നിയമനം കാത്തു കഴിയുന്നത് 35 ശതമാനത്തോളം ന്യായാധിപക്കസേരകള്. ഈ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂ. നമ്മുടെ ന്യായാധിപന്മാരില് 99 ശതമാനവും ആത്മാര്‍ത്ഥമായി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ്. ഒരു പക്ഷേ, അതുകൊണ്ടാകാം രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 3.2 കോടിയില്‍ ഒതുങ്ങിയതും.
രാജ്യത്തെ സമാധാനത്തെയും സുസ്ഥിതിയെയും ജനാധിപത്യത്തെ തന്നെയും താങ്ങിനിര്‍ത്തുന്ന നെടുംതൂണാണു ജുഡീഷ്യറി. കേസുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങ്ങളും ദശകങ്ങളും പിന്നിട്ടാല്‍ ജനങ്ങള്‍ക്കു കോടതികളിലുള്ള വിശ്വാസവും വിധേയത്വവും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. എന്തു തന്നെയാലും നമ്മുടെ രാജ്യത്തെ നീതിനിര്‍വഹണരംഗം ലോകത്തിലെതന്നെ മികച്ചതായി തുടരുന്നു. ഭരണകൂടങ്ങള്‍ കോടതികളോട് അങ്ങേയറ്റം ബഹുമാനവും ആദരവും നിലനിര്‍ത്തിപ്പോരുന്നു. എന്നിരിക്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ.
സുപ്രീം കോടതി മുതല്‍ കീഴ്ക്കോടതികള്‍ വരെ അടിമുടി ആധുനികവത്കരിക്കുകയാണ് ഈ പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. ജനസംഖ്യാനുപാതികമായോ ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലോ ഹൈക്കോടതികള്‍ക്ക് അഡീഷണല്‍ ബെഞ്ചുകള്‍ അനുവദിക്കുകയും കൂടുതല്‍ കീഴ്ക്കോടതികള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഇതിനു സാമ്പത്തിക പ്രതിസന്ധി വിഘാതമായിക്കൂടാ. കാരണം, രാജ്യത്തിന്റെ നിലനില്പിനു സുശക്തമായ സൈന്യം പോലെ തന്നെ ജുഡീഷ്യറിയും ഒഴിച്ചുകൂടാനാവാത്തതാണ്. ഭരണചക്രം തിരിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്.
പ്രിന്‍സ്രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: