ലഖ്നൗ: കാലം മാറി മാറി വരുമ്പോള്‍ മനോഭാവവും മാറുന്നു. കടുത്ത ശത്രുതയിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് പൊതുവേ മുസ്ലീം സമുദായം. നേതാക്കള്‍ വര്‍ഗ്ഗീയവാദിയെന്നും മുസ്ലീം വംശഹത്യക്കാരനെന്നും വിളിച്ചാക്ഷേപിച്ചപ്പോള്‍ നേതാക്കളെ വിശ്വസിച്ചുപോയ അണികളും മോദിയെ അങ്ങനെ കരുതി. ഇപ്പോള്‍ കാലം മാറി. കാര്യങ്ങള്‍ നേരിട്ടറിയാന്‍ തുടങ്ങിയവര്‍ മോദിയെ അനുകൂലിക്കുന്നു, ആരാധിക്കുന്നു. മൂന്നാം വട്ടവും മുഖ്യമന്ത്രിക്കസേരയില്‍ എത്തിയ നേതാവിനെക്കുറിച്ച് അടുത്തറിഞ്ഞവരാണിവര്. അവരില്‍ നല്ലൊരു പങ്ക് മുസ്ലീം സമുദായാംഗങ്ങളാണ് താനും. അങ്ങനെ ഏറ്റവും വാശിയോടെ മത്സരം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപിയും മുഖ്യമന്ത്രി നരേന്ദ്ര മോദിയും വന്‍ വിജയം നേടിയപ്പോള്‍ അതു വിശകലനം ചെയ്യാനും വിശദീകരിക്കാനും മോദി വിരുദ്ധ നേതാക്കളും നിര്‍ബന്ധിതരായിരിക്കുകയാണ്.
മുസ്ലീം സമുദായത്തിന്റെ വഴികാട്ടികളെന്നോ നിയന്ത്രിതാക്കളെന്നോ വിശേഷിപ്പിക്കാവുന്ന കടുത്ത മതപണ്ഡിതരുടെ കേന്ദ്രമായ ദേവ്ബന്ദും ഒടുവില്‍ സമ്മതിക്കുന്നു, “മോദിയോടുള്ള മുസ്ലീങ്ങളുടെ മനോവികാരം മാറിയിട്ടുണ്ട്. ഒരു വിഭാഗം അദ്ദേഹത്തിനു വോട്ടുചെയ്തിട്ടുണ്ടാകാം,” ജാമാഅത് ഉലേമാ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മെഹ്മൂദ് മദനി വിശദീകരിക്കുന്നു.
മോദിക്കെതിരെ നിന്ന രാജ്യാന്തരസമൂഹവും നിലപാടു തിരുത്തി അനുഭാവത്തിന്റെ വഴിയില്‍ വന്നിരിക്കെ കടുത്ത എതിര്‍പ്പുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമില്ലെന്ന മുസ്ലീം നേതാക്കളുടെ തിരിച്ചറിവാണ് ഈ മനംമാറ്റത്തിനു കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
“ഗുജറാത്തില്‍ പല നിയമസഭാ മണ്ഡലങ്ങളിലും ജമാഅത്തെ പ്രവര്‍ത്തകര്‍ പറഞ്ഞു, അവര്‍ മോദിക്ക് വോട്ടുകുത്തിയെന്ന്. ഇന്നിപ്പോള്‍ മനസ്ഥിതിയും കാഴ്ചപ്പാടും മാറിയിരിക്കുന്നു. മനോനിലയും മാറിയിരിക്കുന്നു. മതേതരന്മാര് എന്ന് സ്വയം പറയുന്നവര്‍ പലരും ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍കൊണ്ട് ഗുജറാത്തിലെ മുസ്ലീങ്ങളുടെ സാമ്പത്തിക നിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്,” സീഥി ബാത്ത് എന്ന ടിവി ഷോയിലെ അഭിമുഖത്തില്‍ മൗലാനാ മെഹ്മൂദ് പറഞ്ഞു.
ദേവ്ബന്ദിന്റെ ഈ പരസ്യ പ്രസ്താവന മോദിയുടെ ആഗോള സ്വീകാര്യതക്കും ദല്‍ഹി രാഷ്ട്രീയത്തിലേക്കുള്ള യാത്രക്കും വേഗം കൂട്ടുമെന്നാണ് രാഷ്ട്രീയ പണ്ഡിതന്മാരുടെ അഭിപ്രായം.
മൗലാനാ മെഹ്മൂദ് അഭിമുഖത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സമുദായത്തിന്റെ ചിന്താഗതിയില്‍ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുള്ള കുമ്പസാരം കൂടിയാണെന്നുവേണം കരുതാന്‍. മൗലാനാ പറയന്നു,” ഗുജറാത്തിലേതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ മഹാരാഷ്ട്രയിലെ ജയിലുകളിലുണ്ട്. മതേതര സര്‍ക്കാരുകള്‍ എന്നു പറയുന്നവര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനത്തിന്റെ കണക്കുകള്‍ ഗുജറാത്തിലേതിനേക്കാള്‍ ഏറെ കൂടുതലാണ്. സാമ്പത്തിക നിലയുടെ കാര്യം പറഞ്ഞാല്‍ അതിനേക്കാള്‍ മോശമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഏറെക്കാലം ഭരിച്ചിരുന്ന പശ്ചിമബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ ദയനീയമാണ്.”
മൗലാനാ മെഹ്മൂദ് കുടുംബം നിയന്ത്രിക്കുന്ന ദേവ്ബന്ദ് മുമ്പൊരിക്കല്‍ അവിടത്തെ മുഖ്യമതപണ്ഡിതരില് ഒരാളായിരുന്ന മൗലാനാ വസ്താന്വിയെ മോദിക്കനുകൂലമായി സംസാരിച്ചതിന് പുറത്താക്കിയിരുന്നു. ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് മൗലാനാ മെഹ്മൂദ്. അദ്ദേഹം തന്നെ മോദിയെ പ്രശംസിക്കുന്നു. ഈ മാറ്റം അമ്പരപ്പിക്കുന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു. മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ ഒരുക്കമാണോ എന്ന ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞൊഴിഞ്ഞു-“അതേക്കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല. ബിജെപി പോലും തീരുമാനിച്ചിട്ടില്ല. അവസരം വരട്ടെ, അപ്പോള്‍ പ്രതികരിക്കാം.” മോദിയെന്ന പേരു കേട്ടാല്‍ ജ്വലിച്ചിരുന്ന എതിര്‍വികാരം പോയിരിക്കുന്നുവെന്നത് വലിയ മാറ്റമാണ്.
” ഗുജറാത്തില്‍ മാത്രമല്ല, ബീഹാറിലും മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തു. അവിടെ മതേതര കക്ഷിയായ ഐക്യ ജനതാദളുമായി സഖ്യം ചേര്‍ന്നു ഭരിക്കുകയാണല്ലോ ബിജെപി. ബിജെപിയോട് മുസ്ലീം സമുദായത്തിനിടയില്‍ ഒരു മഞ്ഞുരുകല്‍ സംഭവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മനോഭാവം തന്നെ മാറിയിരിക്കുന്നു. പക്ഷേ ബീഹാര്‍-ഗുജറാത്ത് അനുഭവം ബിജെപിക്ക് അഖിലേന്ത്യാതലത്തില്‍ ഒരു അനുകൂല പ്രതിഭാസമായി മാറുമോ എന്ന് എനിക്ക് ഉറപ്പില്ല,” മൗലാനാ മെഹ്മൂദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: