ന്യൂദല്‍ഹി: രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനോട് ഇന്ത്യന്‍ എംബസി വിട്ടുപോകാന്‍ ആവശ്യപ്പെടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. എംബസിയില്‍ തങ്ങണമോ വേണ്ടയൊ എന്നകാര്യം നഷീദിനു തീരുമാനിക്കാമെന്നും ഇന്ത്യ. നഷീദിനെതിരേ രണ്ടാം അറസ്റ്റ് വാറന്റും പുറപ്പെടുവിച്ച് മാലിദ്വീപ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
അഴിമതിക്കേസുകളില്‍പ്പെട്ട നഷീദ് ഫെബ്രുവരി പതിമൂന്നിനാണ് ഇന്ത്യന്‍ ഹൈക്കമീഷനില്‍ അഭയം തേടിയത്. നഷീദിനെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍ മാലിദ്വീപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം നഷീദിനെതിരേ ഹുല്ലുമാലെ മജിസ്ട്രേറ്റ് കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച വൈകിട്ട് നാലിനകം നഷീദിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതേത്തുടര്‍ന്ന് മാലിദ്വീപ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ ഹൈക്കമീഷനുമായി ആശയ വിനിമയം നടത്തി. എന്നാല്‍ ഇന്ത്യ മുന്‍ നിലപാടില്‍ നിന്ന് മാറാന്‍ ഇന്ത്യ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഡി.എം. മുലായിയെ നേരിട്ടുവിളിച്ചുവരുത്തി മാലിദ്വീപ് അധികൃതര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഹൈക്കമ്മീഷന് ഓഫിസിലിരുന്ന് നഷീദ് കലാപത്തിന് ആഹ്വാനം നല്‍കുന്നുവെന്നും രാഷ്ട്രീയ ഉപചാപങ്ങള്‍ നടത്തുന്നുവെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. എന്നാല്‍ അത് നിഷേധിച്ച ഇന്ത്യ നഷീദിനെ കാണാന്‍ വളരെക്കുറച്ച് സന്ദര്‍ശകരെ മാത്രമേ അനുവദിക്കുന്നുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ, നഷീദിനെ അനുകൂലിച്ച് മാലിദ്വീപ് ഇലക്ഷന് കമ്മീഷന് അധ്യക്ഷന്‍ ഫവാദ് തൗഫിക് രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിന് രാഷ്ട്രീയ അഭയംതേടേണ്ടിവന്നതില് അശങ്കയുണ്ടെന്ന് തൗഫിക് പറഞ്ഞു. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ നഷീദിന് പ്രത്യേക അവകാശങ്ങളുണ്ട്.
മാത്രമല്ല പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ ഒരാളുമാണ് അദ്ദേഹം. നഷീദിനെ ഒഴിവാക്കാനാണ് ഈ നിയമ നടപടികളെന്നുതെളിഞ്ഞാല് തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ അത് ബാധിക്കുമെന്നും തൗഫിക് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: