കൊല്‍ക്കത്ത: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 50,000 ത്തില്‍ അധികം പേരെ നിയമിക്കാനൊരുങ്ങുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയും പേരെ നിയമിക്കുന്നത്. ബിസിനസിലുണ്ടായ വളര്‍ച്ചയാണ് കൂടുതല്‍ നിയമനം നടത്തുന്നതിന് ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ തുടങ്ങുന്നതിന് ഉടന്‍ ലൈസന്‍സ് നല്‍കുമെന്നത് പൊതുമേഖല ബാങ്കുകള്‍ക്ക് ഭീഷണിയാകുമെന്ന ധാരണയും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.രാജ്യത്തെ ഒരു ഡസനോളം ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം പേരെയാണ് പുതുതായി നിയമിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ 20 പൊതു മേഖലാ ബാങ്കുകള്‍ 22,415 ഓഫീസര്‍മാരേയും ശാഖകളുടെ വികസനത്തിനായി 32,453 ക്ലര്ക്കുമാരേയുമാണ് നിയമിക്കുകയെന്ന് ബാങ്ക് ജോലിക്കായുള്ള പൊതു പരീക്ഷ നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. റിട്ടയര്‍മെന്റും കൊഴിഞ്ഞ്പോക്കും മൂലമുള്ള ഒഴിവുകള്‍ നികത്താനും പുതിയ നിയമനത്തിലൂടെ സാധിക്കും.
എസ്ബിഐ 1,500 പേരെയാണ് നിയമിക്കുക. ഇവര്‍ സ്വന്തം നിലയിലായിരിക്കും നിയമനം നടത്തുക. 1980 കളിലും 1990 കളുടെ തുടക്കത്തിലുമാണ് ജനങ്ങള്‍ കൂടുതലും ബാങ്കിംഗ് മേഖലയിലേത്ത് ആകൃഷ്ടരാകുന്നത്.
2012 ല്‍ കൂടുതല്‍ റിട്ടയര്‍മെന്റ് നടന്നതിനാല്‍ ബാങ്കുകളുടെ ശമ്പള ചെലവ് വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 2011 ല്‍ 17.5 ശതമാനമായിരുന്നു ശമ്പള ചെലവെങ്കില്‍ 2012 ല്‍ ഇത് 13.72 ശതമാനമായി താഴ്ന്നു. 2012 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രാകാരം ജീവനക്കാരില്‍ നിന്നുള്ള ശരാശരി ബിസിനസ് ഉയര്‍ന്നതായി ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ ലാഭസാധ്യത വിവിധ കാരണങ്ങളാല്‍ ഉയര്‍ന്ന് നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 7.7 ലക്ഷമാണ്. ഇത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ മൊത്തം ജീവനക്കാരുടെ 76 ശതമാനത്തോളം വരും. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ശരാശരി ബിസിനസ് 11.5 കോടി രൂപയുടേതാണ്. 2008 ല്‍ ഇത് കേവലം 5.9 കോടി രൂപയായിരുന്നു. പുതിയ നിയമനത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ ലാഭസാധ്യത മെച്ചപ്പെടുമെന്നും കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: