ന്യൂദല്‍ഹി: ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി സി.ബി.ഐ സംഘം ഇറ്റലിയിലേക്ക് പോകുന്നത് വൈകും. യാത്രയ്ക്കുള്ള നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ സംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് യാത്ര തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.എന്നാല്‍ ഇതുവരെ യാത്രയ്ക്കുള്ള നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാകാത്തതിനാല്‍ ഇത് വൈകാനാണ് സാധ്യത. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിഷയത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകാനുള്ള സാധ്യത ഇതോടെ മങ്ങുകയാണ്.
സി.ബി.ഐയെ ഇറ്റലിയില്‍ സഹായിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്റെ സേവനം വിദേശകാര്യമന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. രേഖകള്‍ ആവശ്യപ്പെട്ട് അഭിഭാഷകന് കോടതിയെ സമീപിക്കും. ഇടപാടു സംബന്ധിച്ച നിര്‍ണായകരേഖകള്‍ ഇടനിലക്കാരനില്‍നിന്ന് ഇറ്റലിയിലെ അന്വേഷണസംഘം കണ്ടെടത്തിയിരുന്നു. ഗീഡോ റാല്‍ഫ് ഹാഷ്കെ എന്ന ഇടനിലക്കാരന്റെ കംപ്യൂട്ടറില്‍ നിന്നും ഇയാളുടെ അമ്മയുടെ വസതിയില്‍ നിന്നുമാണു നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തത്.
ഇടനിലക്കാരനായ ഹാഷ്കെ ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും കംപ്യൂട്ടറില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇടപാടിനെക്കുറിച്ച് സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിയില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുമെന്ന പ്രതിപക്ഷത്തിന്റെ ഭീഷണി നിലനില്‍ക്കേയാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ഇതിനിടെ അഗസ്റ്റ് വെസ്റ്റ്ലാന്ഡയുമായുള്ള കരാര്‍ റദ്ദാക്കുന്ന നടപടി പ്രതിരോധ മന്ത്രി എ.കെ ആന്റണി തുടങ്ങിയത് മന്ത്രിസഭ ഉപസമിതിയുമായോ പ്രധാനമന്ത്രിയുടെ ഓഫീസുമായോ ആലോചിക്കാതെയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീസ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമ്പോള്‍ ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച വിവാദവും ഉയര്‍ന്നു വരാനാണ് സാധ്യത.
ഇന്ത്യയിലെ വിവിഐപികളുടെ യാത്രയ്ക്കായി എ.ഡബ്ല്യു.101 എന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 3,600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കോഴ നല്‍കിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: