ബര്‍ലിന്‍: അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന റൊമാനിയന്‍ ചിത്രം ‘ചൈല്‍ഡ്സ് പോസി’ന് ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം ലഭിച്ചു. 19 ചിത്രങ്ങളില്‍ നിന്നാണ് കലിന് പീറ്റര്‍ നെറ്റ്സര്‍ സംവിധാനം ചെയ്ത ‘ചൈല്‍ഡ്സ് പോസ്’ 63മത് ബെര്‍ലിന്‍ ചലചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
കുട്ടിയെ കാറിടിച്ച് ഗുരുതരമായി പരുക്കേല്പിച്ച സ്വന്തം മകനെ കുറ്റവിമുക്തനാക്കാന്‍ അഴിമതിയിലൂടെ ഒരു സ്ത്രീ നടത്തുന്ന ശ്രമങ്ങളാണ് ‘ചൈല്‍ഡ്സ് പോസ്’ന്റെ പ്രമേയം. ലുമിനിറ്റ ഗോര്ജിയു ആണ് സമ്പന്നയും അധികാരമോഹവുമുള്ള സ്ത്രീയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ഡോക്യുഡ്രാമയായ ‘ആന്‍ എപ്പിസോഡ് ഇന്‍ ദി ലൈഫ് ഓഫ് ആന്‍ അയണ്‍ പിക്കറി’നാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സില്‍വര്‍ ബെയര്‍ പുരസ്കാരം. ബോസ്നിയന്‍ ഗോത്ര വിഭാഗത്തില്‍ പെട്ട ദമ്പതികള്‍ ഗര്‍ഭാവസ്ഥയില്‍ കുട്ടി മരിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് സിനിമ പറയുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നസിഫ് മുജിക് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’നു ലഭിച്ചിരുന്നു.
‘പ്രിന്‍സ് അവലാഞ്ചെ’ എന്ന ചിത്രത്തിലൂടെ ഡേവിഡ് ഗോര്‍ഡണ്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ബെയര്‍ സ്വന്തമാക്കി. ചിലിയന്‍ സംവിധായകന് സെബാസ്റ്റ്യന്‍ ലെലിയോയുടെ ‘ഗ്ളോറിയ’യിലെ അഭിനയത്തിലൂടെ പൗലിന ഗാര്‍സിയ മികച്ച നടിയായി. മികച്ച തിരക്കഥയ്ക്കുള്ള സില്‍വര്‍ ബെയര്‍ പുരസ്കാരം ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹിയും കംബോസിയ പാര്ടോവിയും പങ്കിട്ടു. ‘ക്ളോസ്ഡ് കര്ട്ടന്’ എന്ന സിനിയുടെ തിരക്കഥക്കാണ് പുരസ്കാരം ലഭിച്ചത്. സംവിധായകന് വോങ് കാര്‍ വായ് അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: