ന്യൂദല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു തല്‍സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. പക്ഷപാതപരമായ സമീപനം പുലര്‍ത്തുന്ന ഒരു വ്യക്തി ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജെറ്റ്ലി കട്ജുവിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിനേക്കാള്‍ വലിയ കോണ്‍ഗ്രസുകാരനായാണ് കട്ജു പെരുമാറുന്നത്. ഗുജറാത്തിലെയും ബീഹാറിലെയും പശ്ചിമബംഗാളിലെയും കോണ്‍ഗ്രസിതര സര്‍ക്കാരുകളെ മാത്രം വിമര്‍ശിച്ച കട്ജുവിന്റെ നടപടി രാഷ്ട്രീയ ദുഷ്ടലാക്കോടെ മാത്രം ഉള്ളതാണ്. സുപ്രീംകോടതി ജസ്റ്റിസായി വിരമിച്ചശേഷം പുതിയ തസ്തിക അനുവദിച്ചുതന്നവരോടുള്ള ഉപകാരസ്മരണയാണ് കട്ജുവിന്റെ വാക്കുകളില്‍ പ്രകടമാവുന്നതെന്ന് ജെറ്റ്ലി കുറ്റപ്പെടുത്തി. ഒരു ദിനപത്രത്തില്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് എന്ന നിലയില്‍ കട്ജു എഴുതിയ ലേഖനമാണ് വിവാദങ്ങള്‍ കുത്തിപ്പൊക്കിയത്.
നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉന്നയിച്ചിരുന്നത്. അതിനു മുമ്പുതന്നെ ബീഹാറില്‍ മാധ്യമസ്വാതന്ത്ര്യമില്ലെന്ന് കട്ജു ആരോപിച്ചിരുന്നു.
ജസ്റ്റിസായിരുന്ന കാലത്തും മാന്യതയാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ കട്ജുവിന് അസാധ്യമായിരുന്നുവെന്ന് ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു. പ്രസ് കൗണ്‍സില്‍ ചെയര്മാന് എന്നത് നിബന്ധനകള്‍ക്കനുസൃതമായ ഒരു തസ്തികയാണ്. പക്ഷപാതരഹിതവും രാഷ്ട്രീയ നിഷ്പക്ഷതയും കട്ജുവിന്റെ തസ്തികയിലിരിക്കുന്നയാള് പിന്തുടരണം. എന്നാല്‍ സത്യവും നീതിയും മറന്നുള്ള വാക്കുകളാണ് ചെയര്‍മാന്റെ സംഭാവനയെന്ന് ജെറ്റ്ലി പറഞ്ഞു. ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങുകയാവും അദ്ദേഹത്തിന് നല്ലതെന്നും ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജെറ്റ്ലി വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്ന് കട്ജു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: