ന്യൂദല്‍ഹി: ദല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് അഭിഭാഷകര്‍. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദയാന് കൃഷ്ണനാണ് മൂന്ന് മാസം കൂടി വിചാരണ നീളുമെന്നറിയിച്ചത്. കേസിന്റെ വിചാരണ എല്ലാദിവസവും നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടെ ജഡ്ജിയുടെ പിതാവ് മരിച്ചതിനാല്‍ ഈ മാസം 13 മുതല്‍ വിചാരണാനടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്നും തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
തെക്കന്‍ ദല്‍ഹിയിലെ സാകേത് കോടതിയില്‍ ഈ മാസം അഞ്ച് മുതലാണ് വിചാരണ തുടങ്ങിയത്. മൂന്ന് മുതല്‍ നാല് മാസം വരെ വിചാരണാനടപടികള്‍ നീളുമെന്ന് കേസിലെ മുഖ്യപ്രതിയായ രാംസിംഗിന്റെയും കൂട്ടുപ്രതി മുകേഷിന്റെയും അഭിഭാഷകനും വ്യക്തമാക്കി. കേസില്‍ ഒട്ടേറെ സാക്ഷികളുണ്ടെന്നും ഇപ്പോള്‍ ഇവരുടെ മൊഴിയെടുത്തുവരികയാണെന്നും തുടര്‍ന്ന് വിസ്താരം തുടങ്ങുമെന്നും പ്രതികളുടെ അഭിഭാഷകന് പറഞ്ഞു. നടപടികള്‍ മെയ് അവസാനത്തോടുകൂടിയായിരിക്കും അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍ എന്നിവരുടെ അഭിഭാഷകനും വിചാരണ അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരുകില്‍ തള്ളിയിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പതിമൂന്ന് ദിവസത്തിന് ശേഷം സിംഗപ്പൂര്‍ ആശുപത്രിയില്‍ മരണമടയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സൂഹൃത്ത്, പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന സഫ്ദര്‍ ജംഗ് ആശുപത്രിയിലെയും സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ , പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് തുടങ്ങി 80 സാക്ഷികളെയാണ് കേസില്‍ വിസ്തരിക്കേണ്ടത്. ഇതുവരെ പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പടെ പത്ത് സാക്ഷികളെ കോടതി വിസ്തരിച്ചുകഴിഞ്ഞു. ഇനിയും എഴുപത് പേര് കൂടി സാക്ഷിപ്പട്ടികയിലുണ്ടെന്നും ഇവരുടെ വിസ്താരത്തിനായി സമയമെടുക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
വിചാരണ നടക്കുന്ന കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് കോടതിയലക്ഷ്യമായി കാണുമെന്ന് കോടതി മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ വളരെ രഹസ്യമായാണ് വിചാരണാനടപടികള്‍ നടക്കുന്നത്. അതേസമയം, കേസില്‍ നിഷ്പക്ഷമായ വിചാരണ നടക്കുമെന്നതില്‍ സംശയമുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ ആരോപണം. കേസില്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: