ന്യൂദല്‍ഹി: അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് ഹെലികോപ്റ്റര്‍ ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യ. ഇന്ത്യയുമായി ഹെലികോപ്റ്റര്‍ ഇടപാടു നടത്തിയ അഗസ്റ്റ വെസ്റ്റ് ലന്‍ഡ് കമ്പനി പ്രവര്‍ത്തിക്കുന്നതു തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ്.
ഇറ്റാലിയന്‍ കമ്പനി ഫിന്മെക്കാനിക്ക അഗസ്റ്റയെ ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തനമേഖല മാറ്റിയിരുന്നില്ല. ഈ സാഹചര്യത്തിലാണു ഹെലികോപ്റ്റര്‍ ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുന്നത്. കരാര്‍ പ്രകാരം ഇന്ത്യക്കു ലഭിച്ച മൂന്നു ഹെലികോപ്റ്ററുകള്‍ ഇംഗ്ലണ്ടില്‍ നിര്‍മിച്ചവയാണ്. ഒമ്പതു കോപ്റ്ററുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലും.
കരാര്‍ സംബന്ധിച്ച വിവരങ്ങളും കോപ്റ്റര്‍ കോഴക്കേസിന്റെ രേഖകളും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് ഇറ്റലിയിലെ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടന് ഇന്ത്യ കത്തു നല്‍കിയതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇടക്കാല മറുപടി ബ്രിട്ടണ് നല്‍കിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ അത് തൃപ്തികരമല്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഈ സാഹചര്യത്തിലാണ് കാമറൂണിനോട് കോപ്റ്റര്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: