കൊച്ചി: പ്ലൈവുഡ് മലിനീകരണത്തിനെതിരെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നൂറ്റിപത്ത് ദിവസം പിന്നിട്ട റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. കര്‍മ്മസമിതി നേതാക്കളുമായി കളക്ടര്‍ പി.ഐ. ഷേക്ക് പരീത് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇതേത്തുടര്‍ന്ന് 18 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന കര്‍മ്മസമിതി ചെയര്മാന് വര്‍ഗ്ഗീസ് പുല്ലുവഴിക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രൊഫ. എം.കെ. സാനു നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കര്‍മ്മസമിതി ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ കളക്ടര്‍ തയ്യാറായി. ഇതനുസരിച്ച് പ്ലൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയും. കൂടാതെ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടിപ്പിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രായമംഗലം, വെങ്ങോല പഞ്ചായത്തുകളിലെ പ്ലൈവുഡ് കമ്പനികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തും. അന്യസംസ്ഥാന തൊഴിലാളികളെ ക്രമാതീതമായി പാര്‍പ്പിക്കുന്നത് തടയും. പ്ലൈവുഡ് മലിനീകരണം കൊണ്ട് രോഗബാധിതരായവരെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായിട്ടുണ്ട്.
പ്ലൈവുഡ് മലിനീകരണത്തിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ റിലേ നിരാഹാരസമരം ആരംഭിച്ചത്. സമരത്തോട് അനുബന്ധിച്ച് രണ്ട് തവണ ഡിഎംഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കൂടാതെ പ്ലൈവുഡ് മുതലാളിമാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വസതിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
സമരത്തിന്റെ അവസാനഘട്ടത്തിലാണ് ചെയര്മാന് വര്‍ഗ്ഗീസ് പുല്ലുവഴി നിരാഹാരം ആരംഭിച്ചത്. 14 ദിവസം പിന്നിട്ടപ്പോഴാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടരുകയായിരുന്നു. ഇതിനിടെ സമരത്തിന് അനുകൂലമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ബിജെപി ജില്ലാ ഘടകം സമരത്തിന് പൂര്‍ണ പിന്തുണ നല്കി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് നിരാഹാരം അനുഷ്ഠിക്കുന്ന വര്‍ഗ്ഗീസ് പുല്ലുവഴിയെ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
കളക്ടറുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ കര്‍മ്മസമിതി നേതാക്കളായ ഏലൂര്‍ ഗോപിനാഥ്, പ്രൊഫ. എസ്. സീതാരാമന്, അഡ്വ. ബേസില്‍ കുര്യാക്കോസ്, സി.കെ. പ്രസന്നന്, കുരുവിള മാത്യൂസ്, ദില്‍രാജ്, ജോണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഇതിനിടെ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ മിക്ക കാര്യങ്ങളും നടപ്പിലാക്കാന്‍ പോകുന്നില്ലെന്നാണ് അറിയുന്നത്. സംസ്ഥാന മന്ത്രിസഭയിലെ ചിലര്‍ പ്ലൈവുഡ് കമ്പനികള്‍ക്ക് അനുകൂലമാണെന്നതാണ് അതിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: