രണ്ട് അസാമാന്യജനതകള് ഉണ്ടായിട്ടുണ്ട് – രണ്ടും ഒരേ വംശത്തില്‍ നിന്നുയര്ന്നുവന്നവ. എന്നാല്‍ വിഭിന്ന പരിതഃസ്ഥിതികളിലും ചുറ്റുപാടുകളിലുമാണ് അവ നിലകൊണ്ടത്. അതതിന്റെ തനതായ മാര്‍ഗത്തിലൂടെയാണ് ജീവിത പ്രശ്നങ്ങളെ കൈകാര്യം ചെയ്തതും.
പ്രാചീനഹിന്ദുക്കളെയും പ്രചീനയവനരെയുമാണ് ഞാന്‍ വിവക്ഷിക്കുന്നത്. വടക്ക് മഞ്ഞുതൊപ്പിയണിഞ്ഞ ഹിമാലയം അതിരിട്ടും, സമതലങ്ങളില്‍ കടല്‍പോലെ പരന്നൊഴുകുന്ന ശുദ്ധജലവാഹിനികളാല് ചുറ്റപ്പെട്ടും, ലോകസീമകളായി തോന്നിയ നിത്യകാന്താരങ്ങളൊത്തുമിരുന്ന ഭാരതീയാചാര്യന്‍ തന്റെ നോട്ടം ഉള്ളിലേക്ക് തിരിച്ചു. സഹജമായ ആ വാസന, ആര്യന്റെ സുസൂക്ഷ്മഗ്രാഹിയായ ആ മസ്തിഷ്കം, ചുറ്റുപാടുമുള്ള ഉദാത്തമായ ആ ദൃശ്യം – ഇത്രയും ചേര്‍ന്നപ്പോള്‍ സ്വാഭാവികമായി വന്നുകൂടിയ ഫലം അയാള്‍ അന്തര്ദൃഷ്ടിയായതാണ്. ഭാരതീയാചാര്യന്റെ മഹത്തായ പ്രവൃത്തി സ്വമനസ്സ് അപഗ്രഥിക്കലായിരുന്നു. മറിച്ച് ഉദാത്തമെന്നതിനേക്കാള് ഏറെ സുന്ദരമെന്ന് കരുതാവുന്ന ഒരു ഭൂഭാഗത്തില്‍, ലളിതവും ഉദാരവുമായ പ്രകൃതിയിലുള്ള ഗ്രീക് ദ്വീപസമൂഹത്തില്‍ ചെന്നെത്തിയ ഗ്രീസുകാരന്റെ മനസ് സ്വാഭാവികമായി വെളിയിലേക്ക് കടന്നു. ബാഹ്യലോകത്തെ അപഗ്രഥിക്കാനാണ് അതുവെമ്പിയത്.
ഫലത്തില്‍, ഭാരതത്തില്‍നിന്ന് ആപഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഗ്രീസില്‍നിന്ന് ഉദ്ഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഉടലെടുത്തു. ഹിന്ദുവിന്റെ മനസ് തനതായ ഒരുലാക്കുവച്ചുകൊണ്ട് മുന്നേറി; ഏറ്റവും അത്ഭുതങ്ങളായ ഫലങ്ങള്‍ കൈവരുത്തി. ഇന്നും ഹിന്ദുക്കളുടെ യുക്തി ശക്തിയും ഹൈന്ദവമസ്തിഷ്കത്തിന്റെ വമ്പിച്ച കരുത്തും നിസ്തൂലമാണ്. മറ്റേത് നാട്ടിലുമുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിച്ചാലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്നും വിജയിക്കുമെന്ന് നമുക്ക് അറിയാമല്ലോ. അതോടൊപ്പം മുഹമ്മദീയാക്രമണത്തിന് ഒന്നോ രണ്ടോ ദശകങ്ങള്ക്കുമുന്പ്, ജനതയുടെ വീര്യം ക്ഷയിച്ചപ്പോള്‍, ജനതയ്ക്ക് പൊതുവേ ഉണ്ടായിരുന്ന ഈ കഴിവിനെ അതിരുവിട്ട് പെരുപ്പിച്ച് കാണിക്കുകയും കീഴോട്ടുവഴുതിവീഴ്ത്തുകയും ചെയ്തു. ഈ വീഴ്ച ഭാരതത്തിലുള്ള എല്ലാറ്റിലും കാണുന്നുണ്ട്. – കലയിലും സംഗീതത്തിലും ശാസ്ത്രങ്ങളിലുമെല്ലാം വിശാലമായ ഒരു സങ്കല്‍പ്പം, രൂപത്തിന്റെ സമാനമോ മനുഷ്യസങ്കല്‍പ്പത്തിന്റെ ഉദാത്തതയോ കലയില്‍ പിന്നീട് ഇല്ലാതായി. ഉണ്ടായത് അലംകൃതവും പല്ലവിതവുമായ ഒരു രീതിക്കുവേണ്ടിയുള്ള യത്നമാണ്.
– സ്വാമി വിവേകാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: