ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാത്ത ടെലികോം കമ്പനികള്‍ ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ്. എംടിഎസ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
2012 നവംബറില്‍ നടന്ന ടുജി സ്പെക്ട്രം ലേലത്തില്‍ വിജയിക്കാത്തതും പങ്കെടുക്കാത്തതുമായ എല്ലാ ടെലികോം കമ്പനികളും പ്രവര്‍ത്തനം മതിയാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നവംബര്‍ 12, 14 തിയതികളില്‍ നടന്ന ലേലത്തില്‍ എംടിഎസ് പങ്കെടുത്തിരുന്നില്ല. 1800 മെഗാഹെട്സ് സ്പെക്ട്രത്തിന് വേണ്ടിയുള്ള ലേലമാണ് ആ ദിവസങ്ങളില്‍ നടന്നതെന്ന് എംടിഎസിന്റെ പ്രസ്താവനയില്‍ പറയുന്നു.
പൂര്‍ണമായും സിഡിഎംഎ സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്ന എംടിഎസ് 800 മെഗാഹെട്സ് സ്പെക്ട്രമാണ് ഉപയോഗിക്കുന്നത്. 2012 നവംബറില്‍ സിഡിഎംഎ സ്പെക്ട്രം ലേലം നടന്നിട്ടില്ലെന്നും സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് വക്താവ് പറയുന്നു. ഉയര്‍ന്ന തറവില കാരണം ആരും ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. 2012 ഫെബ്രുവരി രണ്ടിനാണ് ടുജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ഈ വിധിയില്‍ നിന്നും ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മെയില്‍ എംടിഎസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതിയുടെ തീരുമാനത്തിനായി കാത്തിരുന്നതിനാലാണ് നവംബറില്‍ നടന്ന ലേലത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എംടിഎസ് വ്യക്തമാക്കി. എന്നാല്‍ ഈ മാസം 14 നാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നത്. മാര്‍ച്ചില്‍ നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ എംടിഎസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: