ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ വന്ന ഏഴ് ദയാ ഹര്‍ജികള്‍ അന്തിമ തീരുമാനത്തിനായി രാഷ്ട്രപതിക്ക് അയച്ചു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തയാളുടെ ഹര്‍ജിയും ഉള്‍പ്പെടുന്നു.
ഏഴ് ദയാഹര്‍ജികളാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പരിഗണനയിലുള്ളത്. മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളി അജ്മല്‍ കസബിന്റെയും പാര്‍ലമെന്റ് ആക്രമണകേസിലെ കുറ്റവാളി അഫ്സല് ഗുരുവിന്റേയും ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും നവംബര്‍ 21നും ഫെബ്രുവരി ഒമ്പതിനും ഇരുവരേയും തൂക്കിലേറ്റുകയും ചെയ്തിരുന്നു. ഈ പശ്ചാതത്തലത്തില്‍ വീണ്ടും രാഷ്ട്രപതിയുടെ പരിഗണനയില്‍വന്ന ദയാഹര്‍ജി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.
ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ച്ച മുമ്പ് അയച്ച ദയാഹര്‍ജിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊല്ലുകയും അതില്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഹരിയാന സ്വദേശി ധര്മപാലുമുണ്ട്. 1993ലാണ് അയാള്‍ കൂട്ടക്കൊല നടത്തിയത്. ഹരിയാന എംഎല്‍എയുടെ മകളായ സോണിയും ഭര്‍ത്താവ് സഞ്ചീവും അടങ്ങുന്ന കുടുംബത്തിലെ എട്ടു പേരെ കൊലപ്പെടുത്തിയ കേസിലെ ഹിസാന്റെതാണ് മറ്റൊരു ദയാഹര്‍ജി.
ബലാത്സംഗം, കൊലപാതകം എന്നിവയില്‍ ശിക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ സുന്ദര്‍സിങ്, 2002ല്‍ ഭാര്യയേയും അഞ്ച് മക്കളേയും കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ജഫാര്‍ അലി, ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശി പ്രവീണ്‍ കുമാര്‍, ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഗൂര്‍മീത് സിങ്, ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ രാംജാ, സുരേഷ് എന്നിവരുടെ ദയാഹര്‍ജിയാണ് മറ്റുള്ളവ.
സ്വന്തം ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശി സായി ബെന്ന നിജപ്പാ നാട്ടികാര്, 22 പോലീസുകാരെ 1993ല്‍ വധിച്ച വീരപ്പന്റെ സംഘത്തിലുണ്ടായിരുന്ന ഗനാന പ്രകാശ്, സീമോന്‍, മേസായി മടയില്‍, പില്ലവേന്ദ്രന് എന്നിവരുടെ ദയാഹര്‍ജി രാഷ്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനമ്മയേയും അവരുടെ മകളേയും മകനേയും കൊലചെയ്ത ദല്‍ഹി സ്വദേശി അത്സീറിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി പകരം ജീവപര്യന്തമാക്കണമെന്ന് രാഷ്ട്രപതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: