ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള 3,600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാട് ഉറപ്പിക്കുന്നതിനായി ഇറ്റലി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഗസ്ത വെസ്റ്റ്ലാന്‍ഡ് അനധികൃതമായി മാറ്റിവച്ചത് 217 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. 12 വിവിഐപി ഹെലികോപ്ടറുകള്‍ക്കായി നിശ്ചയിച്ച 3600 കോടി രൂപയുടെ ഇടപാടില്‍ 7.5 ശതമാനം കമ്മീഷന്തുകയായി ലഭിച്ചെന്ന് മധ്യസ്ഥന്‍ വ്യക്തമാക്കി. ഇറ്റലിയിലെ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ഇടപാടില്‍ 362 കോടിയോളം രൂപയുടെ കൈക്കൂലി നടന്നെന്നാണ് വ്യക്തമാകുന്നത്.
ടുണീഷ്യയിലും ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്ത കരാറുകളുടെ കൈക്കൂലിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രധാന ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഖായലിന് ഇറ്റലിയിലെ പ്രതിരോധ നിര്‍മ്മാതാക്കളായ ഫിന്‍മെക്കാനിക്കയുടെയും അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെയും സിഇഒമാര്‍ 217 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടെന്‍ഡര്‍ രേഖയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങങ്ങള്‍ വരുത്തിയതിന് ശേഷമാണ് കോപ്ടറുകള്‍ വാങ്ങാന്‍ യോഗ്യമായവയെന്നും പ്രധാന ഇടനിലക്കാര്‍ വെളിപ്പെടുത്തി.
ഫിന്മെക്കാനിക്ക സിഇഒ ഗൈസപ്പ് ഓര്‍സിയും അഗസ്ത വെസ്റ്റ്ലാന്‍ഡ് സിഇഒ ബ്രൂണോ സ്പാഗേനാലിനിയും മറ്റ് ഇടനിലക്കാരായ ഗിഡോ ഹഷ്ക്കേക്കും കാര്‍ലോ ജറസോയ്ക്കും 2.8 കോടി രൂപ കോഴയായി നല്‍കിയെന്നും ഇതില്‍ 72 ലക്ഷം രൂപ ത്യാഗി സഹോദരന്മാര്ക്ക് നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.
ഇടനിലക്കാരനായ ഗിഡോ ഹഷ്ക്കേയ്ക്ക് മുന്‍ വ്യോമസേനാമേധിവി ത്യാഗിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഹഷ്ക്കേയുടെ കുറ്റസമ്മതം അന്വേഷണോദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗിയുടെ സഹോദരന്മാരുടെ വീട്ടിലും ഓഫീസിലും താന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഗിഡോ ഹഷ്ക്കേ സമ്മതിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ എയര്ഷോ നടന്ന സമയത്ത് ത്യാഗിയെ കണ്ടിരുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി. ത്യാഗിയുടെ സഹോദരന്മാരായ ജൂലി ത്യാഗി, ദോക്സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്കാണ് കമ്മീഷന് നല്‍കിയതെന്നും പ്രധാന ഇടനിലക്കാരന് വ്യക്തമാക്കി.
ടെന്‍ഡര്‍ റിക്വസ്റ്റ് ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ഘട്ടത്തിലായിരുന്നപ്പോഴായിരുന്നു ഇടനിലക്കാരനായ സാപ്പ ത്യാഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് എഡിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരു മധ്യസ്ഥന്‍ വെളിപ്പെടുത്തി. ചര്‍ച്ചയില്‍ പ്രധാനമായും ഹെലികോപ്ടറുകളുടെ നിബന്ധനയെക്കുറിച്ചാണ് ചര്‍ച്ച നടന്നത്. 18000 അടി ഉയരം സംബന്ധിച്ചും ചര്‍ച്ച ചെയ്തിരുന്നു. ടെന്ഡന് വിജ്ഞാപനം ചെയ്തപ്പോള്‍ 18000 അടി ഉയരമെന്നത് 15,000 അടിയായി കുറച്ചിരുന്നതായും എഡിആര്‍ പറഞ്ഞു. ടെന്‍ഡര്‍ പുരോഗതികളെക്കുറിച്ച് ത്യാഗി തങ്ങളെ ധരിപ്പിച്ചിരുന്നതായും ഇയാള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ത്യാഗി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: