ന്യൂദല്‍ഹി: പ്രതിരോധമന്ത്രി എ.കെ. ആന്റണി അഴിമതിക്കാരനാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ആദര്ശവാനല്ല എന്ന് പറയുന്നവരും ചുരുക്കം. അഴിമതിയുടെ കറ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആദര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനങ്ങള്‍ ഇട്ടെറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ വ്യക്തിപരമായി അഴിമതി നടത്തിയില്ല എന്നതുകൊണ്ട് ഒരു ഭരണാധികാരിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണിപ്പോള്‍ വീണ്ടും ഉയരുന്നത്. ഇല്ല എന്ന ഉത്തരമാണ് പുതിയ ഇറ്റാലിയന്‍ ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി വ്യക്തമാക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയുമായുള്ള 4000 കോടിയുടെ ഇടപാടില്‍ 368 കോടി പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങി എന്നാണ് ഇറ്റലി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ കരാറിലേക്ക് എത്തിയ ചര്‍ച്ചകള്‍ ആന്റണിയുടെ മുന്‍ഗാമിയായിരുന്ന പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയാണ് തുടങ്ങിവെച്ചത് എങ്കിലും തീരുമാനം എടുത്തതും കരാര്ഒപ്പിട്ടതും പണം നല്‍കിയതുമെല്ലാം ആന്റണി മന്ത്രിപദവിയിലായിരിക്കുമ്പോഴാണ്. ഏറെക്കാലം പ്രതിരോധമന്ത്രിപദവിയിലിരിക്കുന്ന ആള് എന്ന പെരുമയുമായി ഏഴ് വര്‍ഷമായി ഭരിക്കുന്ന ആന്റണിക്ക് വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ല എന്ന് പറയാന്‍ ഇനി കഴിയില്ല. അല്ലാത്തപക്ഷം കഴിവുകേട് സ്വയം സമ്മതിക്കേണ്ടിവരും.
ഇടപാടില്‍ കോഴ കൊടുക്കല്‍ ഉണ്ടായിട്ടുണ്ട് എന്ന സംശയം 2009 ല്‍തന്നെ ഇറ്റലി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ അഴിമതി തെളിയുകയും കമ്പനിയുടെ സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനുശേഷം മാത്രമാണ് ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധനായിരുന്നെങ്കില്‍ 2009 ല്‍തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സോണിയാ കുടുംബത്തോടുള്ള വിധേയത്വമായിരുന്നോ അതിന് തടസം. ബോഫോഴ്സ് കേസ് പോലെ ഈ അഴിമതിയിലെ ഇറ്റാലിയന്‍ ബന്ധം ‘ഗാന്ധി’ കുടുംബത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് വിചാരിച്ചിട്ടാണോ.
പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ആന്റണിയുടെ നിലപാട് ആദര്ശവാന്റേത് ആയിരുന്നില്ല എന്നതാണ് സത്യം.
സൈന്യത്തിന് ട്രക്കുകള്‍ വാങ്ങിയതില്‍ കോഴ നടന്നിട്ടുണ്ടെന്ന് സൈനികതലവനായിരുന്ന വി.കെ. സിംഗ് എ.കെ. ആന്റണിയെ അറിയിച്ചിരുന്നു. തനിക്ക് 14 കോടി വാഗ്ദാനം ചെയ്ത കാര്യം സിംഗ് നേരിട്ട് പറഞ്ഞിട്ടും ആന്റണി നടപടി ഒന്നും എടുത്തില്ല. മാസങ്ങള്‍ക്കുശേഷം സിംഗ് ഇക്കാര്യം മാധ്യമങ്ങളോട് പറയും വരെ ആന്റണി ഒന്നും ചെയ്തിരുന്നില്ല. ഇസ്രയേല്‍ കമ്പനിയുമായി 2009 ല്‍ ഉണ്ടാക്കിയ 10000 കോടി രൂപയുടെ പ്രതിരോധ ഇടപാടില്‍ 600 കോടി കോഴ നല്‍കിയതായി തെളിഞ്ഞിരുന്നു. ‘ബിസിനസ് ചാര്‍ജ്’ എന്ന നിലയില്‍ 600 കോടി ചെലവഴിച്ചതിന്റെ കണക്ക് കമ്പനി കാണിക്കുകയും പ്രതിരോധമന്ത്രാലയം അനുവദിക്കുകയും ചെയ്തു. 2009 ഫെബ്രുവരിയിലായിരുന്ന ഇൗ കരാര്‍ സമയത്തിനും വളരെ പ്രാധാന്യമുണ്ട്. യുപിഎ സര്‍ക്കാര്‍ മേയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ് സത്യസന്ധനായ മനുഷ്യനായിരുന്നെങ്കില്‍ ധൃതിപിടിച്ച് കരാറില്‍ ഒപ്പിടുകയും കമ്മീഷന് അനുവദിക്കുകയും ചെയ്യുമായിരുന്നോ? എവിടേക്കാണ് ആ കമ്മീഷന് പോയത്. 64 കോടിയുടെ കമ്മീഷന്റെ കാര്യത്തിലാണ് ബോഫോഴ്സ് കേസില്‍ രാജീവ്ഗാന്ധി കുടുങ്ങിയത്. അതിന്റെ നാണക്കേട് ഇതേവരെ രാജീവില്‍നിന്ന് ഒഴിഞ്ഞിട്ടില്ല. അേപ്പോള് ആന്റണിയുടെ വകുപ്പ് അനുവദിച്ച 600 കോടിയുടെ കമ്മീഷനോ.
അഴിമതി നടത്തുന്നവര്‍ വിമര്‍ശനത്തെ ചെറുക്കാനുള്ള മറയായി ആന്റണിയെ ഉപയോഗിക്കുന്നതാകാം. എങ്കിലും അഴിമതി കണ്ടാല്‍ അഴിമതി എന്ന് പറയാന്‍ കഴിയാത്തവന് അഴിമതിക്കാരന്‍തന്നെ; കഴിവുകേടുകൊണ്ടായാലും വിധേയത്വം കൊണ്ടായാലും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: