ന്യൂദല്‍ഹി: ആന്റണി, അഹമ്മദ്, ആസാദ്, അംബിക. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കിച്ചണ്‍ ക്യാബിനറ്റിലെ പ്രധാനികളാണ് ഈ ‘അ’കാര നാമധാരികള്‍. പാര്‍ട്ടിയിലേയും സര്‍ക്കാരിന്റേയും കാര്യങ്ങള്‍ക്ക് അന്തിമതീര്‍പ്പ് കല്‍പ്പിക്കും മുമ്പ് സോണിയാ ഗാന്ധി ആശയവിനിമയം നടത്തുന്നത് ഇവരുമായിട്ടാണ്. പി.ജെ.കുര്യന്റെ പ്രശ്നത്തില്‍ കോണ്‍ഗ്രസിന് തീരുമാനം എടുക്കാന്‍ കാലതാമസം വരുന്നതിന്റെ പിന്നിലും ഇവര്‍ തന്നെ. കുര്യന് ആരോപണ വിധേയനായ ഉടന്‍ മാറി നില്‍ക്കണമെന്ന അഭിപ്രായമാണ് അംബികാ സോണിക്ക്. ഗുലാം നബി ആസാദിനും ഇതേ നിലാപാട് തന്നെ. എന്നാല്‍ എ.കെ.ആന്റണി കുര്യനെ ശക്തിമായി പിന്തുണയ്ക്കുന്നു. അഹമ്മദ് പട്ടേലും ആന്റണിക്കൊപ്പമാണ്.
അടുക്കള ക്യാബിനറ്റിലെ താല്പര്യങ്ങളുടെ വക്താക്കളാണ് എ.കെ. ആന്റണിയും അംബികാ സോണിയും. രണ്ടു ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. കഴിഞ്ഞാഴ്ച്ച കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ കുര്യന് മാറി നില്‍ക്കട്ടേയെന്ന നിലപാടിലായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ കുര്യനെതിരെ പാര്‍ലമെന്റ് ചേരും മുമ്പ് നടപടിയുണ്ടാവുമെന്ന് പറഞ്ഞത്. അംബികാ സോണിയുടെ ഗ്രൂപ്പില്‍പ്പെട്ട ആളാണ് ചാക്കോ. എന്നാല്‍ ചാക്കോയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് പിന്നീട് മാറി. ഇതിനു പിന്നില്‍ എ.കെ. ആന്റണിയും.
കുര്യനെതിരെ കൂടുതല്‍ തെളിവുകളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോള്‍ കേരളത്തിലെത്തിയ ആന്റണി കുര്യന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. നാലു മുഖ്യമന്ത്രിമാരുടെ കീഴില്‍ അന്വേഷണം നടത്തിയിട്ടും കുര്യനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും സുപ്രീം കോടതി വരെ അദ്ദേഹം തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അന്റണിയുടെ വിശദീകരണം. സാധാരണ ഇത്തരം വിഷയങ്ങളില്‍ എടുത്തുചാടി അഭിപ്രായം പറയാറില്ലാത്ത ആന്റണി കുര്യന്റെ കാര്യത്തില്‍ ആവേശഭരിതനായത് എന്തിന് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
നെഹ്റു കുടുംബവുമായും സോണിയാ ഗാന്ധിയുമായും ആന്റണിയേക്കാള്‍ അടുപ്പമുള്ളത് കുര്യനാണ്. ആദര്‍ശത്തിന്റെ പരിവേഷവുമായി നടക്കുന്ന ആന്റണിക്ക് നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കുര്യന് മുഖേനയാണ് സാധിച്ചെടുക്കാറ്. മാത്രവുമല്ല, ആന്റണിയെ ‘ആദര്‍ശവാനായി’ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതിന് കുര്യന്റെ പങ്ക് വലുതാണ്. പണ്ട് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെറിയാന് ഫിലിപ്പുമൊക്കെ ചെയ്തിരുന്ന ജോലി ദല്‍ഹിയില്‍ കുര്യന് ചെയ്യുന്നുവെന്ന് ചുരുക്കം. ഇതുകൊണ്ടാണ് കുര്യന് പരസ്യപിന്തുണയുമായി ആന്റണി രംഗത്തെത്തിയത്. തന്റെ നിലപാടിനെ അത്രപെട്ടെന്ന് തള്ളിക്കളയാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്ന് ആന്റണിക്ക് അറിയാം.
അതേസമയം, അംബികാ സോണിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കുര്യന്റെ രാജി തന്നെയാണ് ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ബില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കുര്യന് അദ്ധ്യക്ഷ പദവിയിലിരിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന നിലപാടിലാണ് അംബികയും ആസാദുമൊക്കെ. സോണിയാ ഗാന്ധിയും ഏറെക്കുറെ ഈ നിലപാടില്‍ തന്നെ. തന്റെ ഭാഗം നേരിട്ട് ബോധ്യപ്പെടുത്താന്‍ സോണിയയെ കാണാന്‍ ശ്രമിച്ച കുര്യന് സന്ദര്‍ശനാനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. കുര്യന്റെ രാജി ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം വച്ചുതാമസിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഇനിയാവില്ല. പി.സി.ചാക്കോ പറഞ്ഞതുപോലെ കോണ്‍ഗ്രസിന് ഇനി കണ്ണടയ്ക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് ചേരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തേ പറ്റു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: