ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്കാന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചു. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി 7,500 കോടി രൂപ വായ്പ നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്യാമള്‍ ആചാര്യ അറിയിച്ചു.
തുടര്‍ നടപടികളെ സംബന്ധിച്ച തീരുമാനം അതാത് ബാങ്ക് ബോര്‍ഡ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിങ്ങ്ഫിഷര്‍ പ്രതിനിധികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അഞ്ച് ബാങ്ക് അധികൃതരും കിങ്ങ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍, യുബി ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ രവി നെടുങ്ങാടി തുടങ്ങിയവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
11 മാസത്തെ ശമ്പളക്കുടിശ്ശിക ജീവനക്കാര്‍ക്ക് ഉടന്‍ നല്‍കുമെന്നും പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നും കിങ്ങ്ഫിഷര്‍ ചെയര്മാന് വിജയ് മല്യ ഉറപ്പ് നല്‍കിയിരുന്നു. പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നത് സംബന്ധിച്ച് പുരോഗതി ഇല്ലെങ്കിലും കമ്പനിയ്ക്ക് മതിയായ സമയം നല്‍കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് ആചാര്യ പറഞ്ഞു. ബാങ്കുകള്‍ 6,360 കോടി രൂപയാണ് ഇതിന് മുമ്പ് കിങ്ങ്ഫിഷറിന് വായ്പ നല്‍കിയിരുന്നത്. പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ആകെ 7,500 കോടി രൂപയാണ് കിങ്ങ്ഫിഷര്‍ തിരിച്ചടയ്ക്കാനുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കിങ്ങ്ഫിഷറിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിട്ടുള്ളത്-1600 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്കും ഐഡിബിഐയും 800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യ 650 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 550 കോടി രൂപയുമാണ് വായ്പ നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതലാണ് കിങ്ങ്ഫിഷര്‍ സര്‍വീസ് നിര്‍ത്തലാക്കുന്നത്.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 430 കോടി രൂപയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 410 കോടി രൂപയും യൂകോ ബാങ്ക് 320 കോടി രൂപയും കോര്പ്പറേഷന് ബാങ്ക് 310 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ 150 കോടി രൂപയും ഇന്ത്യന്‍ ഓവര്‍സീസ് 140 കോടി രൂപയും ഫെഡറല്‍ ബാങ്ക് 90 കോടി രൂപയും പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് 60 കോടി രൂപയും ആക്സിസ് ബാങ്ക് 50 കോടി രൂപയുമാണ് വായ്പ നല്‍കിയിരിക്കുന്നത്.
കണ്‍സോര്‍ഷ്യത്തിന് പുറമെ ശ്രേയി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് 430 കോടി രൂപയും ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക് 80 കോടി രൂപയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് 50 കോടി രൂപയുമാണ് വായ്പ ഇനത്തില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: