ന്യൂദല്‍ഹി: ജനുവരിയില്‍ കയറ്റുമതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 0.82 ശതമാനമാണ് വര്‍ധന. എട്ട് മാസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് കയറ്റുമതിയില്‍ പുരോഗതി പ്രകടമായിരിക്കുന്നത്. 2013 ആദ്യമാസത്തില്‍ ഇറക്കുമതിയിലും ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. 25.58 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ജനുവരിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 25.37 ബില്യണ്‍ ഡോളറിന്റേതായിരുന്നു.
ഇറക്കുമതി 6.12 ശതമാനം ഉയര്‍ന്ന് 45.5 ബില്യണ്‍ ഡോളറിലെത്തി. 20 ബില്യണ്‍ ഡോളറാണ് വ്യാപാരക്കമ്മി. 2012-13 ഏപ്രില്‍ മുതല്‍ ജനുവരിവരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 4.86 ശതമാനം ചുരുങ്ങി 239.6 ബില്യണ്‍ ഡോളറിലെത്തി. ഇതേ കാലയളവില്‍ ഇറക്കുമതി 0.01 ശതമാനം ഉയര്‍ന്ന് 406.8 ബില്യണ്‍ ഡോളറിലെത്തി. 167.16 ബില്യണ്‍ ഡോളറാണ് പത്ത് മാസത്തെ വ്യാപാര കമ്മി. വ്യാപാരകമ്മി ക്രമാതീതമായി ഉയരുന്നത് ആശങ്ക ഉളവാക്കുന്നതായി വാണിജ്യ സെക്രട്ടറി എസ്.ആര്.റാവു പറഞ്ഞു. ക്രൂഡ് ഓയില്‍ ഇറക്കുമതി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ജനുവരിയില്‍ എണ്ണ ഇറക്കുമതി 6.91 ശതമാനം ഉയര്‍ന്ന് 15.89 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.87 ബില്യണ്‍ ഡോളറായിരുന്നു. എണ്ണ ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതി 5.71 ശതമാനം ഉയര്‍ന്ന് 29.68 ബില്യണ്‍ ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: