ഹാമില്ട്ടണ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ ന്യൂസിലാന്റിന് വിജയം. 55 റണ്‍സിനാണ് ന്യൂസിലാന്റ് സന്ദര്‍ശകരെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. മൂന്നാമത്തെ മത്സരം 15ന് വെല്ലിംഗ്ടണില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ന്യൂസിലാന്റിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലും ഹമിഷ് റൂതര്‍ഫോര്‍ഡും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ 75 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. 27 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 40 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ റൈറ്റ് ബട്ട്ലറുടെ കൈകളിലെത്തിച്ചാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ ഗുപ്റ്റിലും മടങ്ങി. 31 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 47 റണ്‍സെടുത്ത ഗുപ്റ്റിലിനെ ട്രെഡ്വെല് ഹെയ്ല്സിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ നായകനും വിക്കറ്റ് കീപ്പറുമായ ബ്രണ്ടന്‍ മക്കല്ലം ഉജ്ജ്വല ഫോമിലായിരുന്നു. വെറും 38 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും അഞ്ച് സിക്സറുമടക്കം 74 റണ്‍സെടുത്ത മക്കല്ലം അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. ഡെന്‍ബാഷിന്റെ പന്തില്‍ ലംബിന് ക്യാച്ച് നല്‍കിയാണ് മക്കല്ലം മടങ്ങിയത്. എന്നാല്‍ ടെയ്ലര് (4), മണ്‍റോ (7), എല്ലിയറ്റ് (4) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ഡെന്‍ബാഷ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
193 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ഹെയ്ല്‍സിനെയും (5), ലൂക്ക് റൈറ്റിനെയും (0) നഷ്ടമായി. പിന്നീസ് സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ ബെയര്‍സ്റ്റോവിനെയും 43-ല്‍ ലംബിനെയും 47-ല്‍ മോര്‍ഗനെയും നഷ്ടമായതോടെ ഇംഗ്ലണ്ട് 47ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് സ്കോര്‍ 62-ല്‍ എത്തിയപ്പോള്‍ സമിത് പട്ടേലിനെ (6)യും ഇംഗ്ലണ്ടിന് നഷ്ടമായി. സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനെയും (1) നഷ്ടമായി. പിന്നീട് ബട്ട്ലറും ട്രെഡ്വെല്ലും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നീക്കിയെങ്കിലും സ്കോര്‍ 115-ല്‍ എത്തിയപ്പോള്‍ 54 റണ്‍സെടുത്ത ബട്ട്ലറും മടങ്ങി. ഫ്രാങ്ക്ലിന്റെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ബട്ട്ലര്‍ മടങ്ങിയത്. ട്രെഡ്വെല് 22 റണ്‍സെടുത്തും ഡെന്‍ബാഷ് റണ്ണൊന്നുമെടുക്കാതെയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 137-ല്‍ അവസാനിച്ചു. ന്യൂസിലാന്റിന് വേണ്ടി ഫ്രാങ്ക്ലിന് 3.3 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: