ന്യൂദല്‍ഹി: സ്ത്രീ പീഡനത്തെ സംബന്ധിച്ച് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രസ്ഥാനമായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. ഇതിനായി ഓര്‍ഡിനന്‍സില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും പീഡനത്തിനിരയായവര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് കുറ്റകരമാക്കുക, പ്രതികളെ ശിക്ഷിക്കുന്നതില്‍ കാലതാമസം വരുത്താതിരിക്കുക, പീഡനക്കേസുകളില്‍ പ്രതികളാകുന്ന പോലീസ്, സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂഷന് ചെയ്യാനുള്ള അനുവാദം, ഇത്തരം സംഭവങ്ങളില്‍ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും ഓര്‍ഡിനന്‍സില്‍ ഇല്ലാത്തത് ഓര്‍ഡിനന്‍സിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നു.
മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളെ ഗൗരവമായി പരിഗണിക്കാന്‍ ഉതകുന്ന നിയമമാണ് ആവശ്യമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ദക്ഷിണേഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. സ്ത്രീ പീഡനക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ഓര്‍ഡിനന്‍സില്‍ പരിഗണിച്ചില്ലെന്ന ആരോപണമുണ്ട്.
ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത്, മാനഭംഗക്കേസുകളില്‍ പോലീസ് ഉള്‍പ്പെടെയുള്ള സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതിലെ തടസ്സം, തുടങ്ങിയ സംഭവങ്ങള്‍ക്കെതിരെ വ്യക്തമായ നിര്‍വചനങ്ങളും നിയമങ്ങളില്‍ കാതലായ മാറ്റങ്ങളുമാണ് ജസ്റ്റിസ് വര്‍മ്മ കമ്മീഷന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇവയൊന്നും ഓര്‍ഡിനന്‍സ് രൂപീകരിച്ചപ്പോള്‍ പരിഗണിച്ചിട്ടില്ലെന്ന് ആരോപണം നേരത്തെയുണ്ടായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ഇഷ്ടപ്രകാരം ഓര്‍ഡിനന്‍സ് തരപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ആദ്യം മുതലേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും സ്ത്രീപക്ഷ വാദികളില്‍ നിന്നും സ്ത്രീ സംഘടനകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
സ്ത്രീകളെ വേദനിപ്പിക്കുന്ന ഏതൊരു ചെറിയ പ്രവര്‍ത്തിയും ക്രിമിനല്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരുന്നതിനെ ഓര്‍ഡിനന്‍സ് അനുകൂലിക്കുന്നില്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരമുള്ള ശിക്ഷ കൃത്യമായി കുറ്റക്കാര്‍ക്ക് നല്‍കുന്നതിനെതിരേയും ഓര്‍ഡിനന്‍സ് മുഖം തിരിഞ്ഞു നില്‍ക്കുന്നതായും ആംനസ്റ്റി ആരോപിച്ചു. സമ്മതത്തോടുള്ള ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതും വേശ്യാവൃത്തിയെ സമ്മതത്തോടുള്ള ലൈംഗിക വേഴ്ച്ചയ്ക്ക് തുല്യമാക്കുന്നതിനും ഓര്‍ഡിനന്‍സിന് നല്ല പങ്കുണ്ടെന്നും ആരോപണമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം നല്കുന്ന പ്രായപരിധി നിയമ പ്രകാരം 18 ആണ്. എന്നാല്‍ ഇത് 16 ആക്കി കുറയ്ക്കണമെന്ന ജസ്റ്റിസ് വര്‍മ്മ കമ്മറ്റി റിപ്പോര്‍ട്ട് നിരാകരിക്കപ്പെട്ടു.
രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്ന ഒര്ഡിനന്സിനേക്കാള് ലിംഗാധിഷ്ടിത അതിക്രമങ്ങളെ പ്രത്യേകമായി പ്രതിപാദിക്കുന്ന ശക്തമായ ബില്ലാണ് വരുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ജി.അനന്തപത്മനാഭന് പറഞ്ഞു. സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരുമായുള്ള കൂടിയാലോചനകള്‍ നടത്തി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിയമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: