പൂര്ണത്വത്തെ പ്രാപിച്ച താദൃശനായ ഒരു വ്യക്തി അതിമാനുഷനായ ഒരു യോഗിയായിത്തീരുന്നു. എല്ലാ ശക്തികളും, എല്ലാ അറിവുകളും, എല്ലാ കഴിവുകളും അവന്റേതായിത്തീരുന്നു. അവന് ആനന്ദപൂര്ണനാണ്; അവനെ യാതൊന്നിനും ഇളക്കാനോ മൂടാനോ സാധ്യമല്ല. തന്റെ സാന്നിധ്യംകൊണ്ട് മാത്രം നിശബ്ദനായ ലോകത്തെ അനുഗ്രഹിച്ചുകൊണ്ട് നിശ്ചിതമായ തന്റെ ജീവിതകാലാവധിവരെ അവന് ജീവിക്കുന്നു.
അങ്ങനെയുള്ള ഒരു ജീവന്മുക്തന് മാത്രമെ ലോകത്തെ സേവിക്കാനും നിയന്ത്രിക്കാനും നയിക്കാനും കഴിയൂ. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ നിമിഷത്തില്‍ ഒരു ജീവന്മുക്തനാവാന് കഴിയും. ഈ പരമാനന്ദത്തെ – പരമപദത്തെ – നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ലേ? നേടലും ചിലവുചെയ്യലും സംഭരിക്കലും ആഡംബരം ചമയലും കരച്ചിലും പിഴിച്ചിലും അര്‍ത്ഥശൂന്യമായ ചിരിയും അഭിലാഷങ്ങളും പ്രതിഫലമില്ലാത്ത സ്നേഹങ്ങളും വൃഥാശൂന്യങ്ങളായ വികാരവിക്ഷോഭങ്ങളും, വിനഷ്ടങ്ങളായ പ്രതീക്ഷകളും, സങ്കല്പ്പസുഖങ്ങള്ക്ക് വേണ്ടിയുള്ള ശ്രമാവഹമായ പരക്കംപാച്ചിലുംകൊണ്ട് നിങ്ങള്‍ ആകമാനം തളര്‍ന്ന് വശായിട്ടില്ലേ? പ്രപഞ്ചത്തിലെ ക്ഷണചഞ്ചലങ്ങളായ ഇന്ദ്രിയഭോഗവസ്തുക്കളില്നിന്ന് ശാശ്വതപൂര്ണസുഖം തേടിപ്പിടിക്കാന്‍വേണ്ടി നിങ്ങളുടെ അനര്‍ഘമായ യുവത്വത്തെ എത്രകാലം നിങ്ങളിങ്ങനെ വൃഥാവ്യയം ചെയ്യണം? നിര്‍ത്തുക ! അന്ധമായ ഈ തിരച്ചില്‍ ദയവുചെയ്ത് നിര്‍ത്തുക! മതി, മതി, കാണാതായ താക്കോല്‍ നിങ്ങളുടെ പോക്കറ്റില്‍ത്തന്നെ ഇരിക്കുമ്പോള്‍, നൂറുവര്‍ഷം തിരഞ്ഞാലും മറ്റ് വല്ലേടത്തും നിങ്ങള്‍ക്ക് അതെങ്ങനെ കിട്ടാനാണ്? പരിഭ്രമിക്കാതിരിക്കുക! പരാജയങ്ങളെ മറക്കുക! സമാധാനിക്കുക! നിങ്ങളുടെ ശുഭകാംക്ഷിയുടെ ഉപദേശം ചെവിക്കൊള്ളുക: “പ്രിയരേ! ഒരിക്കലെങ്കിലും നിങ്ങളുടെ തന്നെ പോക്കറ്റ് ഒന്ന് പരിശോധിച്ചുനോക്കൂ!”
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: