വെസ്റ്റ്മിന്‍സ്റ്റര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ലണ്ടനിലും സമുചിതമായി ആഘോഷിച്ചു.
ലണ്ടന്‍ പാര്‍ലമെന്റ് ഹൗസിലെ പാര്‍ലമെന്ററി യൂണിയന് റൂമിലാണ് ആഘോഷച്ചടങ്ങുകള്‍ നടന്നത്. ഫെല്‍ത്താം-മെല്‍ബണിലെ പാര്‍ലമെന്റംഗമായ സീമാ മല്‍ഹോത്രയാണ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്. മെട്രോപൊളിറ്റന്‍ പോലീസ് ഹിന്ദു അസോസിയേഷന്, ഹിന്ദു അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭുക്കന്മാര്, എംപിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മെട്രോപൊളിറ്റന്‍ പോലീസ് സര്‍വീസിലെ സ്റ്റാഫംഗങ്ങള്‍, ഹിന്ദു സമുദായത്തിലെ പ്രധാനവ്യക്തികള്‍, പ്രതിനിധികള്‍ എന്നിവരാണ് ജനുവരി 24ന് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
സ്ത്രീകള്‍ ചേര്‍ന്ന് പതിനഞ്ച് വൈദ്യുത ദീപങ്ങള്‍ തെളിച്ചുകൊണ്ടാണ് ആഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ പോലീസ് ചാപ്ലിന് ഗുരുദേവ് രാജേഷ് പാരമര്, രാജ്കോട്ടില്‍ നിന്നുള്ള സ്വാമി ധവല്നാരായണാചാര്യ എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ഥന നടത്തി.
സീമാ മല്‍ഹോത്രയ്ക്കു വേണ്ടി കീത്ത് വാസാണ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചത്. കമലേഷ് പട്ടേല്‍ പ്രഭുവിനും മെട്രോപൊള്ളിറ്റന്‍ പോലീസ് സര്‍വീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ക്രെയ്ഗ് മക്കെ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ലോകത്തുള്ള എല്ലാ മതങ്ങളിലുംപെട്ട വിശ്വാസികള്‍ ആദരപൂര്‍വം വീക്ഷിക്കുന്ന മഹാന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതില്‍ അളവറ്റ ചാരിതാര്‍ഥ്യമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വ്യക്തമാക്കി. ചടങ്ങ് സംഘടിപ്പിക്കാന്‍ മുന്നോട്ടു വന്ന ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകരെ ഏവരും അഭിനന്ദിച്ചു. ആയിരത്താണ്ടുകളായി വെല്ലുവിളികള്‍ അതിജീവിച്ച് നിലകൊള്ളുന്ന ഹിന്ദുധര്‍മത്തെ പാശ്ചാത്യര്‍ക്ക് ആധുനിക ഭാഷയില്‍ പരിചയപ്പെടുത്തിയത് സ്വാമി വിവേകാനന്ദനാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു അക്കാദമി ഡയറക്ടര്‍ ജയ ലഖാനി പറഞ്ഞു.
ഹിന്ദുധര്‍മം എല്ലാ മതങ്ങളിലും കലര്‍ന്നിരിക്കുന്നതായും അതിനാല്‍ ഒന്ന് മറ്റൊന്നിന് മുകളിലല്ലെന്നും മതപരിവര്‍ത്തനം അനാവശ്യമാണെന്നും ഇറ്റോണ്‍ കോളേജില്‍ ആദ്യ ഹിന്ദു അധ്യാപകന് കൂടിയായ അദ്ദേഹം വിശദീകരിച്ചു.
സ്വാമി വിവേകാനന്ദന്റെ 1893ലെ ചിക്കാഗോ പ്രസംഗത്തിന്റെ അനുസ്മരണം ബംഗാളി വംശജനായ കമാന്റര്‍ നീല്‍ ബസു നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്റെ അധ്യാപന ബുദ്ധിവൈഭവത്തെക്കുറിച്ചും സമാധാനപൂര്‍വം നിലനില്‍ക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളെക്കുറിച്ചും ഷെയ്ക്ക് പ്രഭു സംസാരിച്ചു. എസ് വി 150 സമിതി സെക്രട്ടറി നീലേഷ് സോളങ്കി വിശിഷ്ടാതിഥികള്‍ക്ക് പാര്‍ലമെന്ററി യൂണിയന് റൂമില്‍ ഒരുക്കിയിരുന്ന സ്വാമി വിവേകാനന്ദ എക്സിബിഷനെക്കുറിച്ച് വിശദീകരിച്ചു.
ഹിന്ദുസംഘടനാ പ്രതിനിധികളായ ഡോ.ജഗദീശ് ശര്‍മ, സത്യ മിന്‍ഹാസ്, സണ്‍റൈസ് റേഡിയോ അവതാരകന് രവിശര്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: