കേരള സാഹിത്യ അക്കാദമി അധ്യക്ഷനും പ്രശസ്ത നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന് വിനയചന്ദ്രനെ അനുസ്മരിക്കുന്നു
അയ്യപ്പപണിക്കര്ക്കുശേഷം മലയാള കവിതയില്‍ ആ ശൈലി പിന്തുടര്ന്നുവന്ന ഒരു കവിയായിരുന്നു ഡി.വിനയചന്ദ്രന്. ഗ്രാമീണമായ ഒരു സൗന്ദര്യലഹരി വിനയചന്ദ്രന്റെ കവിതകളില്‍ എപ്പോഴും നിറഞ്ഞാടി. ഏത് കവിതയിലും അദ്ദേഹം ഹൃദയഹാരിയായ ഒരു താളക്കൂത്ത് സൃഷ്ടിച്ചു. സ്വര്‍ഗീയമായ പദാവലിയെക്കൊണ്ടും ബിംബകല്പ്പനകള്കൊണ്ടും വിനയചന്ദ്രന് ഒരു കാവ്യഭാഷ സൃഷ്ടിച്ചു. മൗലികശോഭയുള്ള ആ കവിതകള്‍ കേരളത്തിനകത്തും പുറത്തും പാടി തന്റെ ശ്രോതാക്കളെ കാവ്യാത്മകമായൊരു ഉന്മാദം അനുഭവിപ്പിച്ചു. അങ്ങനെ പലതരത്തില്‍ നവീനഭാവുകത്വത്തിന്റെ കാലത്ത് വിനയചന്ദ്രന് തന്റെ മൗലീകത ഉയര്‍ത്തിപ്പിടിച്ചു.
ഒരു കവി എന്ന നിലയില്‍ അദ്ദേഹം ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. വിനയചന്ദ്രന്റെ കവിതകളില്‍ ഭാവതീക്ഷ്ണമായ ഭാവുകത്വം മുദ്രയായിരുന്നു. സവിശേഷതയുള്ള ഒരു ആലാപനശൈലിയായിരുന്നു വിനയചന്ദ്രന്. വേദികളില്‍ പാടുമ്പോള്‍ കവിതയില്‍ നിറഞ്ഞാടിയിരുന്ന ഒരു കവിയെ ആസ്വാദകര്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു. ആലാപനത്തിന്റെ ഉന്മാദം കൊണ്ട് വിസ്തൃതമായൊരു പടവുകള്‍ കയറിപ്പോകുന്ന ഒരു കവിയെ വിനയചന്ദ്രന് എപ്പോഴും ഓര്‍മ്മിച്ചു.
ഒരു കവിമാത്രമായിരുന്നോ വിനയചന്ദ്രന് നമുക്കെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളുമൊക്കെ കാവ്യാത്മകമായൊരു ശൈലി വായനക്കാര്‍ക്ക് നല്കി. നോവലും നാടകവും കവിതയും മാറിമാറി എഴുതിയ അദ്ദേഹം തന്റെ സര്ഗാത്മകതയില് ഭിന്നഭാവങ്ങള്‍ മലയാളികളെ കാണിച്ചു. മടുക്കാത്ത വായനയുള്ള ആളായിരുന്നു വിനയചന്ദ്രനെന്ന് പരിചയമുള്ളവര്‍ക്കറിയാം. കവിയെന്ന നിലയില്‍ മലയാള കവിതയുടെ ആദ്യരൂപം തൊട്ടുള്ള കാവ്യപാരമ്പര്യത്തെ പിന്തുടര്ന്ന് പുതിയ ഭാവുകത്വത്തിന്റെ ഹരിതഭൂമിയില്‍ അദ്ദേഹം ചെന്നെത്തി. വേദികളില്‍ കവിത വായിക്കുമ്പോള്‍ കവിതയുടെ ഭംഗിയും സംഗീതവും തിരമാലകള്‍ പൊലെ ഉയര്‍ന്നുപോകുന്നതുപോലെ തോന്നിപ്പോകുമായിരുന്നു കേള്‍വിക്കാര്‍ക്ക്.
ഓര്‍ക്കാപ്പുറത്ത് ആ കാവ്യാലാപനം നിര്‍ത്തി അദ്ദേഹം ജീവിതത്തിന്റെ മറുഭാഗത്തേക്ക് പോയിരിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരാള്‍ക്ക് വലിയ നഷ്ടബോധമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ദീര്‍ഘകാലം താനുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിനയചന്ദ്രന്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് ഞാന്‍ എത്തുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ അകത്തും മന്ത്രി ശിവകുമാര്‍ ഉള്‍പ്പടെയുള്ള സ്നേഹിതര്‍ പുറത്തുമായിരുന്നു.
വിദഗ്ദ്ധഡോക്ടര്‍മാരുടെ ഒരു സംഘം വിനയചന്ദ്രനെ ശുശ്രൂഷിക്കാനുണ്ടായിരുന്നു പക്ഷെ രാത്രി വളരെ വൈകി തിരിച്ചുപോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു; പുതിയ കവിതകള്‍ പാടിക്കൊണ്ട് വിനയചന്ദ്രന് നമ്മുടെ ഇടയിലേക്ക് വരുമെന്ന്. ഇപ്പോള്‍ ആ പ്രതീക്ഷയാണ് നഷ്ടപ്പെട്ടതെങ്കിലും ആ പാട്ട്, കവിയുടെ ഓര്‍മ്മ നമ്മുടെ മനസ്സില്‍ തങ്ങിനില്ക്കും. മാഞ്ഞുപോകാതെ. ആ പാട്ടിന്റെ സുഗന്ധം നമുക്കു ചുറ്റും എപ്പോഴുമുണ്ടാകും കാറ്റടിച്ചുപോകാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: