ക്ഷണികമായ വല്ല സാമുദായികപരിഷ്ക്കാരവും പ്രസംഗിക്കാന്‍ എനിക്കാവില്ല. ദോഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കയുമല്ല ഞാന്‍. നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നത് മുന്നോട്ട് നീങ്ങാനാണ്; നമ്മുടെ പൂര്‍വികര്‍ പൂര്‍ണമായി സംവിധാനം ചെയ്ത ആ മാനുഷികപുരോഗതിയുടെ പരിപാടി പ്രായോഗികമായി തികച്ചും സാക്ഷാത്കരിക്കാനാണ്. വേദാന്തത്തിന്റെ ആദര്‍ശമായ മനുഷ്യൈക്യവും മനുഷ്യന്റെ കൂടെപ്പിറപ്പായ ദിവ്യത്വവും കൂടുതല്‍ കൂടുതലായി സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ യത്നിക്കണമെന്നേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ. വേണ്ടത്ര സമയമുണ്ടായിരുന്നെങ്കില്‍, ഞാന്‍ സസന്തോഷം കാട്ടിയേനേ, ഇന്ന് നമുക്ക് ചെയ്യേണ്ട കാര്യങ്ങളെല്ലാം വളരെക്കാലം മുമ്പ് നമ്മുടെ പുരാതനനിയമവിധാതാക്കള് ആകലനം ചെയ്തിരുന്നെന്ന്; നമ്മുടെ ജനതാവ്യവസ്ഥകളില് ഇന്നുണ്ടായവയും ഇനിയുണ്ടാകേണ്ടവയുമായ പരിണാമങ്ങളെല്ലാം അവര്‍ മുന്‍കൂട്ടി തിട്ടമായി കണ്ടുവെച്ചിരുന്നെന്ന്; അവരും ജാതിദ്ധ്വംസകരായിരുന്നു. പക്ഷേ ഇന്നത്തെ നമ്മുടെ ആളുകളെപ്പോലല്ലായിരുന്നു. ജാതിദ്ധ്വംസനമെന്നാല്, പട്ടണത്തിലെ പൗരന്മാരെല്ലാം ഒത്തുചേര്‍ന്ന് ഗോമാംസവും ശീവമദ്യവുമുള്പ്പെടുന്ന ഒരു സദ്യയില്‍ പങ്കെടുക്കുന്നതാണെന്നും നാട്ടിലുള്ള ഭ്രാന്തന്മാരും വിഡ്ഢികളും തോന്നുന്നിടത്തു തോന്നുമ്പോള്‍ ആരെന്നാലവരെയൊക്കെ പരിണയിക്കയാണെന്നും അങ്ങനെ നാടിനെ ഒരു ഭ്രാന്താലയമായി അധഃപതിപ്പിക്കയാണെന്നും അവര്‍ കരുതിയില്ല. വിധവകള്‍ക്ക് പുനര്‍ വിവാഹത്തിന് കിട്ടുന്ന ഭര്ത്താക്കന്മാരുടെ സംഖ്യവച്ചുവേണം ഒരു ജനതയുടെ അഭ്യുദയം തിട്ടപ്പെടുത്തുവാനെന്നും അവര്‍ കരുതിയില്ല. അത്തരത്തില്‍ അഭ്യുദയത്തിലെത്തിയ ഒരു ജനതയെ ഇനിയും എനിക്ക് കാണേണ്ടതായിട്ടാണിരിപ്പ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: