കല്ലടയാറിന്റെ ഈണവും താളവും തീര്‍ത്ത മനസ്സുമായി ‘നഗരവിരാട സമൃദ്ധിയിന്‍ വഴികളില്‍’ ഒറ്റയ്ക്കുഴലുകയായിരുന്നു കവി വിനയചന്ദ്രന്. പേരറിയാത്ത മരങ്ങള്‍ക്കിടയിലൂടെ നാട്ടറിവിന്റെ നാടോടി ശീലുകള്‍ ആരും കേട്ടുകൊള്ളട്ടെ എന്ന മട്ടില്‍ ഉറക്കെപ്പാടി നടന്ന ഒരു മനുഷ്യന്. കല്ലടയിലെ ചിറ്റുമലക്കുന്നിന്റെ നെറുകയില്‍ നിന്ന് താഴെ വിശാലമായ ക്ഷേത്രച്ചിറയില്‍ ഇളംതെന്നല്‍ തീര്‍ക്കുന്ന കുഞ്ഞോളങ്ങളെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഉഴിഞ്ഞ്, അറിഞ്ഞ്, പറഞ്ഞ്, പാടി സുഖദമായ ഒരു കാറ്റ് പോലെ മലയാളത്തെ തഴുകി ഉണര്‍ത്തി അദ്ദേഹം പോയി.
കവിതയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനകത്ത് ഒതുങ്ങാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. പറയേണ്ടതു പറയാന്‍ അലങ്കാരത്തിന്റെ തൊങ്ങലുകളും വൃത്തശാസ്ത്രത്തിന്റെ ഗണിതസൂത്രങ്ങളും വിനയചന്ദ്രന് തേടിയില്ല. ചിലപ്പോള്‍ അത് ഗദ്യകവിതയുടെ പരുക്കന്‍ മേലാപ്പെടുത്തണിഞ്ഞു. മറ്റു ചിലപ്പോള്‍ വന്യജീവിതത്തിന്റെ രൗദ്രതാളം പകര്‍ന്നാടി. കായികാധ്വാനത്തിന്റെ കരുത്ത് കവിതയ്ക്കുമുണ്ടാകണമെന്ന് ശഠിച്ചു വിനയചന്ദ്രന്. ഒപ്പം രുധിരകാളിയുടെ ചടുലനൃത്തത്തെ കവിതയുടെ ശീലുകളിലേക്ക് ആവാഹിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കവി പച്ചമണ്ണിന്റെ പാട്ടുകാരനാകണം എന്നതായിരുന്നു വിനയചന്ദ്രന്റെ മതം. മണലൂറ്റിയും കുന്നിടിച്ചും ചെളിയെടുത്തും സ്വന്തം നാട് പാതാളക്കുഴിയായി മാറുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരുവന്റെ വ്യഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിധ്വനിച്ചു. ഋഷിപരമ്പരയെക്കുറിച്ചും ഭാരതീയ സാഹിത്യത്തിന്റെ മേന്മയെക്കുറിച്ചും വാതോരാതെ സംസാരിച്ചു. കോട്ടയത്ത് മാമന് മാപ്പിള ഹാളില്‍ തപസ്യയുടെ 36-ാമത് വാര്‍ഷികോത്സവം ‘മാറുന്ന കാലവും മലയാളത്തനിമയും’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ വിനയചന്ദ്രന് പ്രതികരിച്ചത് ആവേശത്തോടെയാണ്. നമ്മുടെ മണ്ണ് വരണ്ടുപോകുന്നതിനെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ച വേണമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംസ്കൃതിയുടെ കറ്റക്കിടാവാണ് കേരളമെന്ന സന്ദേശം ആ സമ്മേളനം സമാജത്തിന് പകരണം എന്നായിരുന്നു മറക്കാനാവാത്ത ആ മാര്‍ഗദര്‍ശനം.
പ്രകൃതിയുടെ എല്ലാ താളങ്ങളെയും വിനയചന്ദ്രന് സ്വന്തമാക്കി. കടമ്മനിട്ട തുറന്നിട്ട ചൊല്‍ക്കാഴ്ചകള്‍ക്ക് ഉഴുതുമറിച്ചിട്ട വയലുകളിലെ ചളിമണ്ണിന്റെ ഗന്ധം പകര്‍ന്നു അദ്ദേഹം. പുതിയ നാമ്പുകള്‍ക്ക് കിളിര്‍ക്കാനും തളിര്‍ക്കാനും കുലകുലയായി കതിരുതിര്‍ക്കാനും പാകമാകുന്ന ചളിമണ്ണ്. അതിലദ്ദേഹം അഭിമാനിച്ചു. പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും വിളഭൂമിയായ ഈ കറുത്ത മണ്ണിനെതിരായ എല്ലാ ചലനങ്ങളെയും ഹൃദയം തുറന്നെതിര്‍ത്തു. അതുകൊണ്ടാണ് മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ചാവറയച്ചന്റെ ‘അനസ്താസ്യയുടെ രക്തസാക്ഷ്യം’ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു മാധ്യമമുത്തശ്ശിയും അവരുടെ എഴുത്തുപടയും ചേര്‍ന്ന് നടത്തിയ പരിശ്രമത്തെ എതിര്‍ക്കാന്‍ വിനയചന്ദ്രന് ഒറ്റയ്ക്ക് മുന്നോട്ടുവന്നത്.
മലയാള ഭാഷയെയും കവിതയെയും കൂട്ടത്തോടെ മതംമാറ്റാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണതെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മ്മിപ്പിച്ചു. കല്ലടയുടെ പ്രാക്തന സംസ്കൃതിയെപ്പറ്റി ഗവേഷണം നടത്തിയാല്‍ ചരിത്രാതീതമായ പല രേഖകളും കണ്ടെത്താനായേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പൗരാണികതയുടെ ശിലാബിംബങ്ങള്‍ പള്ളിമതക്കാരുടെ വെച്ചുകെട്ടുകള്‍ക്കകത്ത് പുറംലോകം കാണാതെ ഒതുങ്ങിക്കിടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. അത് പുറത്ത് കൊണ്ടുവരാന്‍ മലയാളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കവി ആഗ്രഹിച്ചു.
മലയാളത്തെ വീണ്ടെടുക്കാനുള്ള സംരംഭങ്ങള്‍ക്ക് ശക്തമായ കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന ആ ആഗ്രഹം ശിഥിലമായ സ്വപ്നമായി അവശേഷിക്കുന്നു. എഴുത്തുകാര്‍ക്കിടയില്‍ സര്‍ഗാത്മകമായ ഒത്തുചേരലുകള്‍ അവസാനിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എങ്ങും കേള്‍ക്കുന്നത് ‘ഭ്രാന്തസമാനമായ പൗരവിവാദങ്ങള്‍, വേട്ടകള്‍ വിലയങ്ങള്‍’ എന്ന് വിലപിച്ചു. കണ്ണ് ചൂഴ്ന്ന് വിലപിക്കുന്ന മാതൃദുഃഖം നിറയുകയാണ് നാടെങ്ങും എന്ന് വിളിച്ചു പറഞ്ഞു. ഒടുവില്‍ ഒരു നിസ്വനെപ്പോലെ, ‘സമദുഃഖ സുഖ ക്ഷമി’ ആയി കവി മറയുന്നു.
എന്തെന്നറിയാതെന്റെ മനസ്സില്‍
സുഖവും ദുഃഖവും ഒരുപോലെ
എന്തെന്നലയാതെന്റെ നഭസ്സില്‍
സന്ധ്യകളില്ലാതൊരു ഭൂമി
** എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: