പതിനാറുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ധര്മ്മരാജന് എന്ന വക്കീലിന് 2000 രൂപയ്ക്ക് വിറ്റതും വക്കീല്‍ അവളെ ബലാത്സംഗം ചെയ്ത ശേഷം 42 പേര്‍ക്ക് കാഴ്ചവച്ചത് ഇന്നും കേരളം ലജ്ജയോടെ ഓര്‍ക്കുന്ന, ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടെ പോലും നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നിരിക്കെ 2005 ജനുവരിയില്‍ ഈ പീഡന കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് ബസന്ത് ഇപ്പോള്‍ പറയുന്നത് സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിരുന്നവളാണെന്നും അവള് വഴിപിഴച്ചവളാണെന്നും ബാലവേശ്യാ വൃത്തി ലൈംഗിക പീഡനമല്ല എന്നുമാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ 42 പേര് ബലാല്സംഗത്തിനിരയാക്കിയതില് ഇപ്പോഴത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷനും അന്ന് കേന്ദ്രമന്ത്രിയുമായിരുന്ന പി.ജെ.കുര്യനും ഉള്‍പ്പെട്ടിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മൈനര്‍ ആയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാം എന്ന് സുപ്രീംകോടതി അനുശാസിച്ചിട്ടുണ്ട്. പക്ഷെ അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് കുര്യനെ രക്ഷിച്ച് തെളിവുകള്‍ ശേഖരിക്കുകയും രണ്ടംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ബസന്ത്, കുട്ടിയ്ക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്നു പറഞ്ഞ് അവളെ വിലയ്ക്ക് വാങ്ങിച്ച ധര്‍മ്മരാജനെ ഒഴികെ ബാക്കി എല്ലാവരേയും വെറുതെ വിടുകയുമായിരുന്നു. ആ ന്യായാധിപനാണ് സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായി പ്രസ്താവന നടത്തി ഇരയെ ബാലവേശ്യ എന്നവഹേളിച്ചിരിക്കുന്നത്.
ബാലവേശ്യാവൃത്തി നിയമവിധേയമല്ലെന്ന നിയമം നിലനില്‍ക്കെയാണ് ഒരു ന്യായാധിപന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബാലവേശ്യാ വൃത്തി നടത്തിയാല്‍ അത് ബലാത്സംഗമല്ല എന്നും അവള് സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍നിന്നും ആഭരണം മോഷ്ടിച്ചവളാണെന്നും മറ്റും ആരോപിക്കുന്നത്.
ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ സുപ്രീം കോടതി അത് തള്ളി വീണ്ടും കേസന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുമ്പോഴാണ് ജസ്റ്റിസ് ബസന്തിന്റെ ക്രൂരമായ വെളിപ്പെടുത്തല്‍. ഇത് ഒരു ന്യായാധിപന് പറയാന്‍ പാടില്ലാത്തതാണെന്നും തനിയ്ക്കും പെണ്‍മക്കളുണ്ടെന്ന കാര്യം മറക്കരുതെന്നും പറഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യര്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക വേഴ്ച ബലാത്സംഗമാണെന്നും ബാലവേശ്യാ വൃത്തി കുറ്റകരമാണെന്നും അറിയുന്ന ജഡ്ജ് അസാന്മാര്ഗിക പ്രവൃത്തി തടയല്‍ നിയമത്തെ നിരാകരിച്ചാണ് ഈ ഹീനമായ പ്രസ്താവന നടത്തിയത്. 16 വയസ്സുള്ള സൂര്യനെല്ലി പെണ്‍കുട്ടി താന്‍ യാത്ര ചെയ്തിരുന്ന ബസ്സിലെ കിളിയുടെ ഭീഷണിയെ ഭയന്ന് വീട്ടില്‍നിന്നും ആഭരണവുമായി ഇറങ്ങി രാജുവിന്റെ ബസ്സില്‍ കയറി ചതിയില്‍പ്പെട്ട് ധര്‍മ്മരാജന്റെ അടുത്ത് എത്തിപ്പെടുകയായിരുന്നു. സൂര്യനെല്ലി കേസിലെ മൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ ധര്മ്മരാജന് ഇപ്പോള്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പി.ജെ.കുര്യന് തന്റെ കാറിലാണ് കുമളിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
കേസന്വേഷിച്ച സിബി മാത്യൂസ് തന്നെക്കൊണ്ട് കള്ളം പറയിപ്പിക്കുകയായിരുന്നു എന്നും ധര്മ്മരാജന് വെളിപ്പെടുത്തുന്നു. അന്വേഷണ സംഘം ഇങ്ങനെ ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചു എന്നും എന്നാല്‍ അന്വേഷണ സംഘത്തിലെ കെ.കെ.ജോഷ്വ കുര്യന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടു എന്നുമാണ് ധര്മ്മരാജന് ഈ അഭിമുഖത്തില്‍ പറഞ്ഞത്. ജോഷ്വ ഇത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല എന്ന് ധര്മ്മരാജന് ചൂണ്ടിക്കാട്ടുന്നു. ജി. സുകുമാരന്‍ നായര്‍ പറഞ്ഞത് കള്ളമൊഴിയാണെന്നും കുര്യന് വേണ്ടി നിയമം വഴിമാറുകയായിരുന്നു എന്നും ധര്മ്മരാജന് ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതിയായ ധര്മ്മരാജന് ആശയക്കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നാണ് സിബി മാത്യൂസിന്റെ പ്രതികരണം. പക്ഷെ സൂര്യനെല്ലി പെണ്‍കുട്ടി കേസ് പുനര്‍വിചാരണ നടത്തണമെന്ന് മുഖ്യമന്ത്രിയോടും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തിയാണ് സൂപ്രീംകോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ജസ്റ്റിസ് ബസന്ത് സുപ്രീംകോടതിയുടെ ഈ വിധിയെ പരിഹസിച്ച് കോടതിയലക്ഷ്യം നടത്തിയിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്നും മുഖമില്ലാതെ, ജീവിക്കുമ്പോള്‍ ഒരു ന്യായാധിപന് ജനവിധിയേയും സുപ്രീംകോടതി വിധിയേയും പരിഹസിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. പെണ്‍കുട്ടിയ്ക്ക് നീതി പിന്നെയും അന്യമാവുകയാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: