ജോഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നൈജീരിയക്ക്. ഇന്നലെ പുലര്‍ച്ചെ നടന്ന ഫൈനില്‍ ആദ്യമായി കലാശക്കളിക്കെത്തിയ ബുര്‍ക്കിന ഫാസോയെ കീഴടക്കിയാണ് നൈജീരിയ ആഫ്രിക്കന്‍ ഫുട്ബോളിലെ ചക്രവര്‍ത്തിമാരായത്. മറുപടിയില്ലാത്ത ഏക ഗോളിന് ബുര്ക്കിനോയെ കീഴടക്കിയാണ് 19 വര്‍ഷത്തെ ഇടവേളക്കുശേഷം നൈജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്മാരാകുന്നത്. കപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് നൈജീരിയ കിരീടം സ്വന്തമാക്കുന്നത്.
1994-ല്‍ ആണ് നൈജീരിയ ഇതിന് മുമ്പ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയിരുന്നത്. അന്ന് സാംബിയയെ 2-1 ന് തോല്‍പ്പിച്ചു. 2000 ത്തില്‍ ഫനലില്‍ എത്തിയെങ്കിലും കാമറൂണിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. (4-3). ഇത്തവണ യുവതാരം സണ്‍ഡേ എംബായുടെ ഉജ്ജ്വലഗോളാണ് നൈജീരിയയ്ക്ക് മൂന്നാംവട്ടവും നേഷന്‍സ് കപ്പ് നേടിക്കൊടുത്തത്. 85,000ത്തോളം കാണികളാണ് ഫൈനല്‍ മത്സരം അരങ്ങേറിയ ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്നത്.
കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ ആക്രമിച്ചു കളിക്കുന്ന ശൈലി തുടക്കം മുതല്‍ പുറത്തെടുത്ത നൈജീരിയക്ക് വേണ്ടി ആദ്യപകുതി അവസാനിക്കാന്‍ അഞ്ച് മിനിട്ടുകള്‍ ശേഷിക്കേയാണ് എംബ തന്റെ അവിസ്മരണീയ ഗോള്‍ നേടിയത്. വിക്ടര്‍ മോസസിന്റെ ഷോട്ട് ബുര്‍ക്കിനാ ഫാസോ ഗോളി തടുത്തിട്ടു. റീബൗണ്ട് വന്ന പന്ത് ബുര്‍ക്കിനോ പ്രതിരോധനിരക്കാരന്റെ തലക്ക് മുകളിലൂടെ കോരിയിട്ട് നിലം തൊടും മുമ്പേ കനത്ത ഇടംകാലനടിയിലൂടെ എംബാ ഗോളാക്കിമാറ്റുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ സമ്മര്‍ദത്തിലായ ബുര്‍ക്കിന ഫാസോയുടെ നിലതെറ്റി. തുടര്‍ന്നങ്ങോട്ട് സമനിലക്കുവേണ്ടി അവര്‍ പുറത്തെടുത്ത അടവുകളൊന്നും ഫലംകണ്ടില്ല. മുന്നേറ്റങ്ങളെല്ലാം കരുത്തുറ്റ നൈജീരിയന്‍ പടയുടെ പ്രതിരോധത്തില്‍ തട്ടിനിന്നു. പരിക്ക് തളര്‍ത്തിയിട്ടും ടീം സമര്ദ്ദത്തിലായപ്പോള് മൈതാനത്ത് ഇറങ്ങിയ ബുര്‍ക്കിന ഫാസോയുടെ പ്രധാനതാരം അലൈന്‍ ട്രാവോറിനും പ്രതിരോധനിരയിലെ മൊഹമ്മദ് കൊഫിക്കും അനിവാര്യമായ പരാജയം തടുത്തുനിര്‍ത്താനായില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നുഗോള്‍ നേടിയ ട്രാവോറിലായിരുന്നു ബുര്‍കിന ഫാസോയുടെ പ്രതീക്ഷ.
പഴുതുകളൊന്നും അവശേഷിപ്പിക്കാതെ അര്‍ഹിച്ച വിജയമാണ് നൈജീരിയന്‍ കഴുകന്മാര് നേടിയത്. നൈജീരിയ മൂന്നാമതും കപ്പുയര്‍ത്തിയപ്പോള്‍ കഴുകന്മാരുടെ പരിശീലകന് സ്റ്റീഫന്‍ കെഷിയാണ് യഥാര്‍ഥത്തില്‍ താരമായത്. ക്യാപ്റ്റനായും പരിശീലകനായും സ്വന്തം രാജ്യത്തിന് നേഷന്‍സ് കപ്പ് നേടിക്കൊടുത്ത താരമെന്ന ബഹുമതി ഇനി കെഷിക്ക് സ്വന്തം. 1994ല്‍ കഴുകന്മാര് കപ്പുയര്‍ത്തിയപ്പോള്‍ കെഷിയായിരുന്നു ടീമിനെ നയിച്ചത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയുടെ ആദ്യ ആഫ്രിക്കന്‍ നേഷന്‍സ് ഫൈനലായിരുന്നു. അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ വമ്പന്മാരെ അട്ടിമറിച്ചാണ് ബുര്‍ക്കിന ഫാസോ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത്. എന്നാല്‍ ഫൈനലില്‍ ആഫ്രിക്കന്‍ കഴുകന്മാരായ നൈജീരിയയെ പിടിച്ചുകെട്ടാന്‍ അവര്‍ക്കായില്ല. ഇതിന് മുമ്പ് ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കപ്പുറം ബുര്‍ക്കിന ഫാസോ എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: