ചില നിയോഗങ്ങള്‍ അങ്ങനെയാണ്. ഒരു വെള്ളി വെളിച്ചം പോലെ മിന്നിമായും. അതിന്റെ ചൂടും പ്രകാശവും സകലതിനെയും ത്രസിപ്പിക്കും. ആ ഊര്‍ജ്ജപ്രവാഹം കാലത്തെ മുന്നോട്ടു നയിക്കും. ആ പ്രകാശ ധവളിമ കാലാന്തരത്തിലും കൂടുതല്‍ ശോഭയാര്ജ്ജിക്കും.
ദീനദയാല്‍ജി അത്തരമൊരു പ്രകാശ വിസ്മയമായി. 1916 സപ്തംബര്‍ 25മുതല്‍ 1968 ഫെബ്രുവരി 11 വരെയുള്ള ജീവിതത്തെയും കടന്നുപോവുമ്പോള്‍ അദ്ദേഹം ബാക്കിവച്ചത് ഭാരതം കൊതിച്ച ഋഷിതുല്യനായ ഒരു പരിഷ്കര്‍ത്താവിന്റെ ഈടുറ്റ ദര്‍ശനങ്ങള്‍! അത് തനിമകൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്തങ്ങളുമായി.
സമഗ്രമാനവത എന്ന ആശയം വാസ്തവത്തില്‍ പുത്തനല്ല. ഭാരതീയ ജീവിത സമ്പ്രദായത്തില്‍ അത് എന്നേ ഉള്‍ച്ചേര്‍ന്നിരുന്നു. മാനവകുലത്തിന്റെ വികാസഘട്ടങ്ങളിലൂടെ ഇതര ജീവികളില്‍നിന്നുള്ള വ്യത്യാസങ്ങളോരോന്നും മനുഷ്യന് തിരിച്ചറി യുകയായിരുന്നു. സമഗ്ര മാനവത എന്ന സത്യത്തെ വിഗണിച്ചുള്ള ഒരു ജീവിതാശയവും ഭാരതീയ പശ്ചാത്തലത്തില്‍ സ്വീകാര്യമാവുകയില്ല. എന്നു മാത്രമല്ല, സമഗ്ര മാനവതയെ അടിസ്ഥാനമാക്കി അതിന്റെ സൈദ്ധാന്തിക ഭൂമികയും പ്രയോഗതലവും ഒരുക്കലാണ് ജനാധിപത്യ ഭാരതത്തിന്റെ ദൗത്യം എന്ന്ദീനദയാല്ജി തിരിച്ചറിഞ്ഞിരുന്നു. അതനുസരിച്ചാണ് ശിലേഴൃമഹ വൗാമിശൊ അഥവാ ഏകാത്മക മാനവ വാദം എന്ന പേരില്‍ ആ ആശയം ദീനദയാല്‍ജി ക്രോഡീകരിച്ചത്. മനുഷ്യന് എന്ന അസ്തിത്വത്തിന്റെ പൂര്‍ണ്ണ സ്വരൂപത്തെ സംബന്ധിച്ച ഒരു നിരൂപണമാണ് ആ പ്രബന്ധം. അതിനദ്ദേഹം ആധാരമാക്കിയത് നിശ്ചയമായും വേദേതിഹാസങ്ങള്‍ മുതല്ക്കുള്ള സംഹിതകളും അര്‍ഥശാസ്ത്രം വരെയുള്ള വിജ്ഞാന സംഗ്രഹങ്ങളും. മനുഷ്യന് കേവലം ശരീരമല്ല. മനസ്സ്, ബുദ്ധി, ആത്മാവ് എന്നീ ഘടകങ്ങളും ചേര്‍ന്നതാണ്. എല്ലാ ജീവജാലങ്ങളിലും ഇവയുണ്ടാവുമെങ്കിലും ഓരോന്നിന്റെയും വികാസവും മൊത്തത്തിലുള്ള ചേര്ച്ചയുമനുസരിച്ചാണ് ഓരോ ജീവിയുടെയും ജീവിതാവസ്ഥകള്‍ നിര്‍ണയിക്കപ്പെടുന്നത്. മനുഷ്യരില്‍ പോലും വ്യക്തിത്വം അളക്കുന്നത് ഇവയുടെ വികാസ വിസ്തൃതി അടിസ്ഥാനമാക്കിയാണല്ലോ.
സോഷ്യലിസം,കമ്മ്യൂണിസം, ക്യാപ്പിറ്റലിസം തുടങ്ങിയ ആശയങ്ങള്‍ രൂപപ്പെട്ടത് മനുഷ്യ സമൂഹത്തിന്റെ ഭൗതികാവശ്യങ്ങളെ കേന്ദ്രീകരിച്ചാണ്. തീര്‍ച്ചയായും ഭൗതിക വികാസത്തെ അത് ത്വരിതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നന്മകള് സ്വീകരിക്കുന്നതിന് മടിക്കേണ്ട ആവശ്യമില്ല. പക്ഷേ ലോകസമൂഹം ആ ആശയങ്ങളെ ഒന്നും സാമൂഹ്യക്രമത്തിന്റെ ശാശ്വത അടിസ്ഥാനമായി സ്വീകരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ട്?. മനുഷ്യന് എന്ന സമഗ്രതയുടെ എല്ലാ ഘടകങ്ങളെയും തൃപ്തിപ്പെടുത്താന്‍ അവ അപര്യാപ്തമായി. വ്യക്തി – സമൂഹം- രാഷ്ട്രം – ലോകം എന്നിങ്ങനെ വികാസം പ്രാപിക്കുന്നതു കൂടിയാണ് മനുഷ്യാവസ്ഥ എന്നുകാണാം.
മന്ദമാരുതന് തൊട്ടു പ്രളയത്തിരമാലകള്‍ വരെയുള്ള ചലനവിശേഷങ്ങളും സൂക്ഷ്മാണുക്കള്‍ തൊട്ടു ഭീമഗ്രഹങ്ങള് വരെയുള്ള സൃഷ്ടി വൈവിധ്യങ്ങളും ഒരേ അനിര്‍വചനീയ ശക്തിയുടെ ഇച്ഛയാണ് എന്നതുപോലെ സമാജം, രാഷ്ട്രം എന്നിവയും അതേ ഇച്ഛയുടെ പ്രതിസ്ഫുരണമാണ്. വ്യക്തികളുടെ ആകത്തുകയല്ല സമാജത്തിന്റെ ശക്തി. വ്യക്തികളുടെ ശക്തിയെല്ലാം ഉള്ക്കൊ ണ്ടിരിക്കുമ്പോഴും വ്യതിരിക്തമായ ഒരു അസ്തിത്വവും ശക്തിയും സമാജത്തിനുണ്ട്. അതുപോലെ തന്നെ രാഷ്ട്രവും. രാഷ്ട്രമാനങ്ങള് വിഗണിച്ചു സൃഷ്ടിച്ച രാജ്യങ്ങള്‍ കാലാന്തരത്തില്‍ ഭിന്നിച്ചു പോയതും രാഷ്ട്രങ്ങള്‍ വെട്ടിമുറിച്ചുണ്ടാക്കിയ രാജ്യങ്ങള്‍ അപ്രതിഹതമായ ഇച്ഛയില്‍ ഒന്നുചേര്ന്നതും കാണാന്‍ സാധിച്ചു. രാഷ്ട്രത്തിന് അന്തര്യാമിയായ ഒരാത്മാവുണ്ട്. രാഷ്ട്രങ്ങളുടെ ഉദയവും അസ്തമനവും ദൈവേച്ഛ തന്നെ.
രാജ്യം, ഭരണകൂടം, സാമൂഹ്യ സ്ഥാപനങ്ങള്‍, സാമ്പത്തിക വ്യവസ്ഥ, പ്രകൃതി, ജീവിത മൂല്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, യന്ത്രവല്കരണം, തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യന്റെ പങ്കും ഉത്തരവാദിത്തവും കടമയും നിര്‍വചിക്കാന്‍ ഏകാത്മക മാനവ ദര്‍ശനത്തില്‍ മനുഷ്യജീവിതത്തിന്റെ ഭാരതീയ ശൈലിതന്നെയാണ് ആധാരമാക്കിയത്. വേതനം, മിച്ചമൂല്യം, സമ്പത്തിന്റെ വിതരണം, അന്ത്യജന്റെ ആദ്യാവകാശം, തൊഴിലാളിവല്ക്കൃതമായ ഉല്‍പ്പാദനം ചെറുകിട – ഗ്രാമീണ-കുടില്‍-വ്യവസായങ്ങളെ പ്രോത്സാ ഹിപ്പിക്കല് തുടങ്ങിയ വിഷയങ്ങളില്‍ ദീനദയാല്‍ജി നിത്യ നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവച്ചു.
ദേശീയ രാഷ്ട്രീയത്തിലെ മികച്ച നേതാവായി മാറിയ ദീനദയാല്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ രൂപപ്പെടല്‍ പ്രക്രിയയുമായി ചേര്‍ത്തുവച്ചു വേണം പരിശോധിക്കാന്‍. 1947ല്‍ വെള്ളക്കാര്‍ ഭാരതം വിട്ടുപോയെങ്കിലും അവര്‍ ബാക്കിവച്ചുപോയത് നമുക്ക് പിന്തുടരാനരുതാത്ത ശീലങ്ങളും ശൈലികളുമായിരുന്നു. ഭാരതത്തിന്റെ ആത്മാംശം നിറഞ്ഞ വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ പദ്ധതികളെ യുക്തിസഹമായും വിവേചനബുദ്ധിയോടെയും സമീപിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വൈദേശികമായ എല്ലാത്തിനെയും നിഷേധിക്കുകയോ ദേശീയമായ എല്ലാത്തിനേയും കണ്ണുമടച്ചു കൈക്കൊള്ളുകയോ ആശാസ്യമല്ല എന്നദ്ദേഹം പറഞ്ഞു. ഉല്പതിഷ്ണുവും പ്രായോഗികമതിയുമായ ഒരു ദേശീയനേതാവിന്റെ പക്വതയാര്‍ന്ന സമീപനം അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. “നമ്മുടേതായ നേട്ടങ്ങള്‍ കാലാനുസൃതമാക്കിയും പുറത്തു നിന്നുള്ളവ ദേശാനുകൂലമാക്കിയും നമുക്ക് സ്വീകരിക്കാം”. സ്വാതന്ത്ര്യത്തിന്റെ ഇരുപതു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അപ്പോള്‍ തനതായ ഒരു ഭരണ – വികസന ശൈലി രൂപപ്പെടുത്താന്‍ നമ്മുടെ ഭരണ നേതൃത്വത്തിനോ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനോ കഴിഞ്ഞിരുന്നില്ല.
ദേശീയതയെ സംബന്ധിച്ചുള്ള നമ്മുടെ മനോഭാവം അദ്ദേഹം വിശകലനം ചെയ്തു. നമ്മുടെ ദേശീയബോധം ഭ്രാന്തോളമെത്തുന്ന മൗലികവാദമായിരുന്നില്ല. ലോകസമാധാനത്തിന് വിപത്തായിത്തീരും വിധം സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുന്നതുമല്ല. സംസ്കാര സമ്പന്നമായ ഒരു ജനപദത്തിന്റെ സ്വാഭാവിക വികാസ വിഹാര ഭൂമി എന്നനിലയിലാണ് മാതൃഭൂമി എന്ന വികാരത്തെ അദ്ദേഹം നോക്കിക്കണ്ടത്. ദേശീയതയെ നിഷേധിച്ചുള്ള ഏകലോകം എന്ന അമൂര്‍ത്ത സ്വപ്നത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു.
ഭൗതിക മനുഷ്യന്റെ പരിമിത പരിസരങ്ങളെ മാത്രം ആധാരമാക്കി ഹെഗലും മാര്‍ക്സും മറ്റും മുന്നോട്ടു വച്ച ആശയങ്ങള്‍ കേവലം അപൂര്‍ണ്ണവും അപര്യാപ്തവുമെന്ന് അദ്ദേഹം തുറന്നുകാണിച്ചു. സംഘര്‍ഷമല്ല സമന്വയമാണ് പുരോഗതിയുടെ ആധാരം എന്ന് അദ്ദേഹം ഉദാഹരണ സമേതം സ്ഥാപിച്ചു. കാമം, ക്രോധം, ലോഭം, മാനം, മദം, ഹര്‍ഷം എന്നിവ ത്യജിക്കു ന്നതിലൂടെയാണ് സമൂഹം മുന്നോട്ടു നയിക്ക പ്പെടുന്നത്. സംഘര്‍ഷത്തിലൂടെയല്ല, പരസ്പരാശ്രിതവും പരസ്പര പൂരകവുമായി എല്ലാ സാമൂഹ്യഘടകങ്ങളും വര്‍ത്തിക്കുമ്പോഴാണ് സന്തുലനവും പുരോഗതിയുമുണ്ടാവുന്നത്.
ഡോ. രാം മനോഹര്‍ ലോഹ്യയുമായി ചേര്‍ന്ന് ദീനദയാല്‍ജി രൂപം നല്കിയ ഇന്തോ – പാക് കോണ്‍ഫെഡറേഷന്‍ സ്റ്റേറ്റുമെന്റ് ഒരു സുപ്രധാന നീക്കമായിരുന്നു. രാജ്യാതിര്‍ത്തികളുടെ പ്രകട യാഥാര്‍ത്ഥ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹകരണത്തിന്റെ മേഖലകള്‍ തുറന്നെടുക്കാനുള്ള ആ പരിശ്രമത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യാ പാക് ബന്ധത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മറ്റൊന്നാകുമായിരുന്നു.
ഒരു സഹസ്രാബ്ദത്തിന്റെ അടിമത്തകാലത്തെ കടന്നെത്തിയ നമ്മുടെ ഭാരതം ഇനിയൊരു സഹസ്രാബ്ദം ലോകത്തിന്റെ വഴിവിളക്കായി പരിലസിക്കും. അതിന്റെ അനേകം ദീപാങ്കുരങ്ങളില്‍ തിളക്കം മുറ്റിയ ധവളിമയായി ദീനദയാല്‍ജി ഉണ്ടാവും. വിനയം മുഖമുദ്രയാക്കിയ മാതൃകാ പൊതുപ്രവര്‍ത്തകനായി, വിവേകത്തിന്റെയും ആദര്‍ശത്തിന്റെയും ആള് രൂപമായി, നമുക്കെല്ലാം മാര്‍ഗദര്‍ശിയായി. തിളങ്ങുന്ന ആ കണ്ണുകള്‍ സദാ നമ്മെ പിന്തുടരുന്നുണ്ട്. ഓരോ കാല് വയ്പിലും ധൈര്യം പകരാന്‍. ഓരോ വീഴ്ചയിലും പതറാതിരിക്കാന്‍. ഓരോ വിജയത്തിലും ആരവം കൊള്ളാന്‍.
** അഡ്വ. വി. രത്നാകരന് (ബിജെപി അന്ത്യോദയ സെല്‍ കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: