വാസ്കോഡഗാമയുടെ വരവിനെ തുടര്‍ന്നാണ് കൊച്ചി പുറംരാജ്യങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങിയത്. അതുവരെ നിറയെ തെങ്ങുകളുള്ള നീണ്ടു കിടക്കുന്ന ഒരു താഴ്ന്ന മണല്‍ തുരുത്ത് എന്നാണ് കൊച്ചി അറിയപ്പെട്ടിരുന്നത്. കൊച്ചി 1502 മുതല്‍ 1663 വരെ പോര്‍ത്തുഗീസുകാരുടേയും 1663 മുതല്‍ 1795 വരെ ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്നുവെന്ന് കോര്പ്പറേഷന് രേഖകള്‍ വെളിപ്പെടുത്തുന്നു. കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി എന്നീ സ്ഥലങ്ങള്‍ മറ്റു രാജ്യങ്ങളുമായി വാണിജ്യ-വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയെ ആധാരമാക്കിയായിരുന്നു. 1341 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിനടുത്ത മുസരിസ് തുറമുഖം ഉപയോഗ ശൂന്യമാകുകയും കൊച്ചിയ്ക്ക് വന്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ കൊച്ചിനഗരം രൂപം കൊള്ളുന്നത് 1967 നവംബര്‍ ഒന്നിനാണ്. വാണിജ്യ പ്രാധാന്യവും പ്രകൃതിദത്തമായ തോടുകളും പ്രകൃതി ഭംഗിയും കൊച്ചിയെ അറബിക്കടലിന്റെ റാണിയാക്കി. റോഡ്, റെയില്‍, ജലം, വ്യോമഗതാഗത മാര്‍ഗ്ഗങ്ങളാല്‍ കൊച്ചി അനുഗൃഹീതയാണ്. സമുദ്ര നിരപ്പില്‍നിന്നും കൊച്ചി വെറും ഒരു മീറ്റര്‍ മുകളില്‍ മാത്രമാണ്. കൊച്ചിയിലെ പല പ്രദേശങ്ങളും സമുദ്ര നിരപ്പില്‍ നിന്നും താഴെയാണെന്നത് കൊച്ചിയുടെ മാത്രം പ്രത്യേകതകളാണ്. കുന്നുകളും മലകളുമില്ലാത്ത പ്രദേശമാണ് കൊച്ചി. നഗരവല്‍ക്കരണത്തിന് വളരെ അനുകൂലമായ ഒട്ടനവധി ഘടകങ്ങള്‍ കൊച്ചിയ്ക്കുണ്ട്. എന്നിട്ടും കുടിവെള്ളക്ഷാമം, കൊതുക് ശല്യം, വെള്ളക്കെട്ട്, ഗതാഗത കുരുക്ക്, മലിനീകരണം, ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍, യാത്രാക്ലേശം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങളാല്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുകയാണ്.
വ്യക്തമായ വികസന കാഴ്ചപ്പാടില്ലാതെ ഭരണം നടത്തിയ അധികാരി വര്‍ഗ്ഗത്തിന്റെ അശാസ്ത്രീയമായ സമീപനമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കൊച്ചിയിലെ വികസന നാള്‍വഴി പരിശോധിച്ചാല്‍ മനസ്സിലാകും. വെള്ളം, വൈദ്യുതി, മാലിന്യനിര്‍മാര്‍ജ്ജനം, ഗതാഗത സൗകര്യം, ഖര മാലിന്യ സംസ്ക്കരണം, മഴവെള്ള സംഭരണം, ആരോഗ്യ സംരക്ഷണം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ നഗരത്തില്‍ തലങ്ങും വിലങ്ങും കെട്ടിടങ്ങള്‍ കെട്ടുകയും റോഡുകള്‍ പണിയുകയും റെയില്‍പാത ഉണ്ടാക്കുകയും മലിനജല നിര്‍ഗമനം തടയുകയും ഖരമാലിന്യ സംസ്ക്കരണം നടത്താതിരിക്കുകയും ചെയ്തതിന്റെ പരിണത ഫലമാണ് നഗരം ഇന്ന് നേരിടുന്ന വീര്‍പ്പുമുട്ടലിന് പ്രധാന കാരണം. നഗരത്തിലെ ജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും തകര്‍ത്ത് കളഞ്ഞ ഒരു വികസന നയമാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ അവലംബിച്ചത്. ഇതുമൂലം യാത്രാക്ലേശവും വെള്ളക്കെട്ടും നഗരത്തില്‍ ഉടലെടുത്തു. നഗരത്തിലെ പ്രധാന തോടുകളായ ഇടപ്പള്ളി തോട്, പുഞ്ചത്തോട്, തേവര-പേരണ്ടൂര്‍ കനാല്‍, മുല്ലശ്ശേരി കനാല്‍, തേവര-ചമ്പക്കര കനാല്‍, വൈറ്റില കാരണക്കോടം തോട്, ചങ്ങാടം പോക്ക് തോട് എന്നിവ കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവാദം നല്‍കിയതിലൂടെ നഗരത്തിനകത്ത് ജലഗതാഗതം സാധ്യമായിരുന്ന സ്ഥലങ്ങളില്‍ പോലും അതിനുള്ള അവസരം ഇല്ലാതാക്കി.
ഹോളണ്ടിലെ (ഇന്നത്തെ നെതര്‍ലാണ്ട്)പോലെയുള്ള ഭൂപ്രകൃതിയാണ് കൊച്ചിയ്ക്കുണ്ടായിരുന്നത്. മലിനീകരണം കുറഞ്ഞ ജലഗതാഗതമാണ് നെതര്ലാന്റിലുള്ളത്. കൊച്ചിയിലും വികസിപ്പിക്കേണ്ടിയിരുന്നത് അത്തരം ഗതാഗത സംവിധാനങ്ങളായിരുന്നു. എന്നാല്‍ തോടുകളും ഇടതോടുകളും കയ്യേറ്റക്കാര്‍ക്ക് വെട്ടിപ്പിടിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്ത ജനവിരുദ്ധ ഭരണമാണ് കൊച്ചിയില്‍ നടന്നത്. ഇത് കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ കുന്നുകള്‍ ഇടിക്കുന്നതിനും തോടും കായലും ചതപ്പും നദീതീരവും നികത്തിയെടുക്കുന്നതിലും ചെന്നെത്തി. മഴവെള്ളം മണ്ണിലിറങ്ങാന്‍ നിവര്‍ത്തിയില്ലാത്ത തലത്തിലേയ്ക്ക് കാര്യങ്ങളെത്തി.
നഗരം റോഡും വീടും ഫ്ലാറ്റും കൊണ്ട് നിറഞ്ഞു. കുടിവെള്ളം നല്‍കിയിരുന്ന കൊച്ചിയിലെ കിണറുകളില്‍ ഉപ്പുവെള്ളം നിറഞ്ഞ അവസ്ഥ വന്നെത്തി. കണ്ടല്‍ കാടുകള്‍ സംരക്ഷിച്ചു പോന്നിരുന്ന തീരദേശ മേഖല അവയുടെ വെട്ടിനിരത്തല്‍ മൂലം വേലിയേറ്റ സമയത്ത് നഗരത്തിലെ കാനകളിലേയ്ക്കും കുടിവെള്ള സ്രോതസുകളിലേയ്ക്കും ഉപ്പ് വെള്ളം ഇരച്ചുകയറി. ഇത് പ്രതിരോധിക്കുവാനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങളൊക്കെ നഗരവല്ക്കരണത്തിലെ നിര്‍മിതികള്‍ മൂലം അപ്രത്യക്ഷമായി. നഗരത്തിലെ ഭൂഗര്‍ഭജല സ്രോതസ്സുകളും ഉപരിതല ജലസ്രോതസ്സുകളും ഉപ്പുമയമായി. വികസനമെന്ന പേരില്‍ വിവിധ സാമ്പത്തിക ഏജന്‍സികള്‍ വിതരണം ചെയ്ത ഫണ്ട് വഴി കാനകളും റോഡുകളും വീണ്ടും വീണ്ടും നിര്‍മിച്ചുകൊണ്ടിരിക്കുന്നത് നഗരത്തിലെ നിത്യ സംഭവമായി മാറി. ശുദ്ധമായ മഴവെള്ളം കാനകളിലൂടെ ഒഴുകി നേരെ ഉപ്പുവെള്ളമായി മാറുന്ന അവസ്ഥ. എന്നാല്‍ നഗരം കുടിവെള്ള ക്ഷാമത്തിലും.
ഇന്ന് നഗരത്തിലെ ആളോഹരി കുടിവെള്ള ലഭ്യത രാജസ്ഥാനിലേതിനും താഴെയാണ്. ഈ കാലഘട്ടത്തില്‍ തന്നെ കിഴക്കമ്പലം, കാക്കനാട്, കാഞ്ഞിരമറ്റം, പൂക്കാട്ടുപടി തുടങ്ങിയ ഒട്ടനവധി സ്ഥലങ്ങളിലെ ജലസംഭരണികളായി പ്രവര്‍ത്തിച്ചിരുന്ന കുന്നുകളും മലകളും അപ്രത്യക്ഷമായി. ഒപ്പം കൊച്ചിയിലെ പൊക്കാളിപ്പാടങ്ങളും ഉപതോടുകളും കായലോരങ്ങളും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജലം സുലഭമായിരുന്ന കൊച്ചി പട്ടണം കുടിവെള്ളത്തിനായി കേഴുന്ന സ്ഥിതിയിലും എത്തി. നഗരത്തിലെ പൊക്കാളിപ്പാടങ്ങളും ഉപതോടുകളും അപ്രത്യക്ഷമായതോടെ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് സൃഷ്ടിക്കുന്ന തലത്തിലുമെത്തി. അഴിമതിയില്‍ കുളിച്ച നഗരസഭാ ഭരണം കാന പണിത് പണിത് വെള്ളക്കെട്ട് രൂക്ഷമാക്കുകയും ചെയ്തു.
നഗരത്തിന്റെ ചരിവ് ഒന്നായി കണക്കിലെടുക്കാതെ നഗരത്തിന് വേണ്ടിയുള്ള സമഗ്രമായ അഴുക്ക് ചാല് പദ്ധതിയോ വെള്ളപൊക്ക വെള്ള ഒഴുക്കിനുള്ള പദ്ധതിയോ നടപ്പാക്കാതെ മഴക്കാലത്ത് വെള്ളക്കെട്ടുമൂലം നഗരസഭ ഇരുട്ടില്‍ തപ്പുകയാണ്. നഗരത്തില്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്ന ജന പെരുപ്പത്തിനൊപ്പം ജലവിതരണത്തില്‍ കാതലായ മാറ്റം വരുത്തുന്ന തരം പദ്ധതികള്‍ നടപ്പാക്കാതെ ജല അതോറിറ്റിയും നഗരവാസികളെ വലയ്ക്കുന്നു. പെരിയാറും മൂവാറ്റുപുഴയാറും നഗരാതിര്‍ത്തിയില്‍ ഉണ്ടായിട്ടും നഗരത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതല്ലാതെ പരിഹാരം കാണുവാന്‍ നാളിതുവരെ ഭരണക്കാര്ക്കായിട്ടില്ല. നഗരത്തിനകത്ത് നഗരസഭയറിയാതെ വീടുകള്‍ വരുന്നില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഈ വീടുകളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുവാനോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കടമ നിര്‍വഹിക്കുവാനോ കൊച്ചി നഗരസഭാ ഭരണത്തിന് ആകുന്നില്ലെന്നതാണ് വാസ്തവം.
നഗരവികസനത്തിന്റെ പേരില്‍ കുടിവെള്ള ക്ഷാമവും വെള്ളക്കെട്ടും രൂക്ഷമായി. ഖരദ്രവ മാലിന്യ സംസ്ക്കരണം ഈ നഗരത്തില്‍ അന്യംനിന്നുപോയി. വികേന്ദ്രീകൃത ഖരമാലിന്യ സംസ്ക്കരണവും ദ്രവ്യമാലിന്യ സംസ്ക്കരണവും നഗരത്തില്‍ നടക്കുന്നില്ല. നഗരത്തിലെ ഖരമാലിന്യങ്ങള്‍ ബ്രഹ്മപുരം ഗ്രാമത്തിലാണ് കൊണ്ടുചെന്ന് തള്ളുന്നത്. ഇത് ശുദ്ധജല സ്രോതസ്സുകളായ കടമ്പ്രയാറിനേയും അതുവഴി ചിത്രപുഴയെയും മലിനീകരിക്കുകയാണ്. അതുവഴി ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ള വിതരണമാണ് നഷ്ടപ്പെടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കുവാനായി വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി വെള്ളത്തിലെ രോഗാണുക്കള്‍ നഗരവാസികളെ രോഗാതുരമാക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി പശ്ചിമകൊച്ചിയില്‍ മഴക്കാല-വേനല്‍ക്കാല രോഗങ്ങള്‍ പരിധി ലംഘിച്ച് വര്‍ധിച്ചുവരികയാണ്. എലിപനിയും ഡെങ്കി പനിയും നഗരത്തില്‍ വ്യാപകമാണ്. അഴുക്കു ചാലിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ സമയാസമയങ്ങളില്‍ നടത്താത്തതുമൂലം അഴുക്കുചാലുകളിലെത്തുന്ന സെപ്റ്റിക് ടാങ്ക് മാലിന്യംവരെ കുടിവെള്ളത്തില്‍ കലരുന്നതായി പല റിപ്പോര്‍ട്ടുകളുമുണ്ട്. അശാസ്ത്രീയമായ നഗരവല്‍ക്കരണത്തിന്റെ ബാക്കി പത്രം!
നഗരത്തില്‍ ടൗണ്‍ പ്ലാനിംഗ് എന്നൊന്നില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. നഗരത്തിലെ ജനസംഖ്യ ഏറുന്നതനുസരിച്ച് പാര്‍ക്കുകള്‍, തുറന്ന സ്ഥലങ്ങള്‍, മരങ്ങള്‍, വിനോദത്തിനുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവയെല്ലാം നിയമപ്രകാരം നടപ്പാക്കേണ്ട ആളുകള്‍ ഉറക്കം നടിക്കുകയാണ്. നഗരസഭയുടേയും നഗരവികസന അതോറിറ്റിയുടേയും സ്ഥലങ്ങള്‍ വിറ്റ് തുലയ്ക്കുന്നതിനും സ്വകാര്യ പാട്ടത്തിന് നല്‍കുന്നതിനും വന്‍കിട കെട്ടിടങ്ങള്‍ കെട്ടുന്നതിനുമുള്ള തത്രപ്പാടിലാണ് അധികാരികള്‍. നഗരത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കയാണ് നഗരസഭ. വൃത്തിയും വെടിപ്പുമുള്ള നഗര പരിസരം, നടക്കാന്‍ പറ്റിയ ഫുട്പാത്തുകള്‍, ശുദ്ധമായ വായു, കൊതുക് നിര്‍മ്മാര്‍ജ്ജനം, കുടിക്കാന്‍ വെള്ളം, അഗ്നിശമന മാര്‍ഗ്ഗങ്ങള്‍, അഴിമതി രഹിത ഭരണം എന്നിവയെല്ലാം സാധാരണക്കാര്‍ നഗരസഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ ഇത്തരം ലളിതമായ ആവശ്യങ്ങളോട് പോലും നഗരസഭയ്ക്ക് നീതി പുലര്ത്താനാകുന്നില്ലെന്നത് ലജ്ജാകരമാണ്. നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇനിയും നടപ്പാക്കാനായിട്ടില്ലെന്നത് നാണക്കേടാണ്. ശാസ്ത്രീയമായ ഒട്ടനവധി പഠനങ്ങള്‍ കൊച്ചിയെക്കുറിച്ച് ലഭ്യമാണ്. അവയെല്ലാം ക്രോഡീകരിച്ച് ആസൂത്രണം ചെയ്യേണ്ടതിന് പകരം അധികാരത്തിന്റെ ഗര്വില് ജനങ്ങളോടുള്ള ഉത്തരവാദിത്തം തൃണവല്ക്കരിച്ച് ഉദ്ഘാടനങ്ങളുടെ പെരുമഴയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഭരണാധികാരികളുടെ ജനങ്ങളോടുള്ള അവഗണനാ ഭാവത്തിന് മാറ്റം വരണം.
ഇനിയിപ്പോള്‍ കൊച്ചി മെട്രോ റെയിലിന്റെ കാലമാണ്. നഗരത്തില്‍ അവശേഷിക്കുന്ന മരങ്ങളും വെട്ടിപ്പോകും. എംജി റോഡിലെ ഒരൊറ്റ മരം പോലും കൊച്ചി മെട്രോ പദ്ധതി നടപ്പാകുമ്പോള്‍ അവശേഷിക്കില്ല. പദ്ധതിമൂലം മൊത്തം 477 മരങ്ങള്‍ മുറിച്ചുമാറ്റും. ഒരു മരത്തിന് 10 മരം എന്ന കണക്കില്‍ 4770മരം നടണമെന്ന് പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അതിനായി നഗരമധ്യത്തില്‍ ഹൈക്കോടതിയുടെ അടുത്ത് മംഗളവനത്തോട് ചേര്‍ന്ന് 4.7 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്. ഭാരത് പെട്രോളിയം കമ്പനിയുടെ സ്റ്റോറേജ് ടാങ്കുകള്‍ ഇരുമ്പനത്തേയ്ക്ക് മാറിയതിനാല്‍ ഒഴിവുവന്ന ഈ സ്ഥലം വനവല്‍ക്കരണം നടത്തുവാനുള്ള നിര്‍ദ്ദേശം നടപ്പാക്കുവാനുള്ള കടമ ഡിഎംആര്‍സിയ്ക്കും കൊച്ചി നഗരസഭയ്ക്കും കെഎംആര്എല്നും ഉണ്ട്. മെട്രോ റെയിലിന് സ്ഥലമെടുപ്പ് നടക്കുന്നതിനൊപ്പം മുറിയ്ക്കുന്ന മരത്തിന് പകരം വനവല്‍ക്കരണം നടത്തുവാനുള്ള സ്ഥലവും ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ കൊച്ചി മെട്രോ പദ്ധതി പൂര്‍ണമാകൂ. നഗരത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ രൂപം കൊണ്ട മൂവാറ്റുപുഴയാറിലെ പാഴൂര്‍പടി പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണം.
നഗരത്തില്‍ ഇനിയും പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കാതിരിക്കുക. നഗരത്തിന്റെ ചരിവനുസരിച്ച് സമഗ്ര അഴുക്കുചാല്‍ പദ്ധതി നടപ്പാക്കുക. തോടുകളും ഇടത്തോടുകളും വൃത്തിയാക്കി ജലഗതാഗതത്തിന് യോഗ്യമാക്കുക, നഗരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുക. നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കി കൊതുക് ശല്യത്തിന് വിരാമമിടുക. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക. നഗരാതിര്‍ത്തിയില്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ കുടിവെള്ളം പരിശോധിച്ച് വിതരണത്തിന് മുമ്പ് രോഗാണു വിമുക്തമാക്കുക. കായലില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് തടയുക, നഗരത്തിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ പൊളിച്ചുമാറ്റുക, നഗരസഭയിലെ ജീവനക്കാരുടെ അഴിമതി തടയുക. നഗരസഭാ കൗണ്‍സിലര്‍മാര്‍ ആത്മാര്‍ത്ഥമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പങ്കെടുക്കുക. പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍നിന്നും പണം കണ്ടെത്തുക.
വികസന പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കണമെന്നു മാത്രം. കായല്‍ മലിനീകരണം ഒഴിവാക്കിയും കയ്യേറ്റം തടഞ്ഞും കൊച്ചി കായല്‍ സംരക്ഷിക്കുക. നഗരത്തില്‍ ദ്രവമാലിന്യ സംസ്ക്കരണം നടപ്പിലാക്കുക. നഗരത്തിലെ തോട്-ഉപതോട്-ഇടതോട് എന്നിവയുടെ കയ്യേറ്റം ഒഴിപ്പിക്കുക. തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളും പൈതൃക സ്വത്തുക്കളും സംരക്ഷിക്കുക. നഗരത്തില്‍ കൂടുതല്‍ ശുദ്ധജലം എത്തിയ്ക്കുവാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുക. നഗരജീവിതം ദുഷ്ക്കരമാക്കാതെ ജനനന്മയ്ക്കായി വികസനം നടപ്പാക്കുക. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന ഭരണമാകട്ടെ കൊച്ചിയിലേത്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: