ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനെത്തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച അതീവജാഗ്രതാനിര്‍ദ്ദേശം തുടരുന്നു. ദല്‍ഹിയില്‍ ജാഗ്രത തുടരുകയാണെന്നും ഏത് നിമിഷവും പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുത്തിരിക്കണമെന്ന് ദ്രുതകര്‍മ്മസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദല്‍ഹിയിലെ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ജാഗ്രതാനിര്‍ദ്ദേശം വരും ദിവസങ്ങളിലും തുടരുമെന്നും നഗരത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത ദല്‍ഹി യൂണിവേഴ്സിറ്റി ലക്ച്ചറര്‍ എസ്.എ.ആര്. ഗിലാനി ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകനിരീക്ഷണത്തിലാണ്.
ദല്‍ഹി യൂണിവേഴ്സിറ്റിയിലെ സക്കീര്‍ ഹുസൈന് കോളേജിലെ അധ്യാപകനായ ഗിലാനിയെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001 ഡിസംബറില്‍ അറസ്റ്റ് ചെയ്തെങ്കിലും 2003ല്‍ സുപ്രീംകോടതി ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. താന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാന്‍ തന്നെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ഗിലാനി ഒരു വാര്ത്താഎജന്സിയോട് പറഞ്ഞു. എന്നാല്‍ ഗിലാനിയെ തടങ്കലില്‍ ആക്കിയിട്ടില്ലെന്നും പ്രതിരോധത്തിനായി ചില വ്യക്തികളെ നിരീക്ഷിച്ചുവരികയുമാണെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. എന്നാല്‍ വീടിന് പുറത്ത് കടക്കരുതെന്ന് തനിക്ക് നിര്‍ദ്ദേശമുണ്ടെന്നും താന്‍ വീട്ടുതടങ്കലില്‍ ആണെന്നും ഗിലാനി ആരോപിച്ചു. ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനി, മിര്‍വെയ്സ് ഉമര്‍ ഫറൂഖ്, മാധ്യമപ്രവര്ത്തകന് ഇഫ്ത്തിക്കര്‍ ഗിലാനി എന്നിവരെയും പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇഫ്ത്തിക്കര്‍ ചൗധരിയെ ശനിയാഴ്ച ഉച്ചകഴിഞ്ഞു തന്നെ വിട്ടയച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നത്.
വധശിക്ഷ നടപ്പാക്കിയതിനെത്തുടര്‍ന്ന് കാശ്മീരില്‍ കര്‍ഫ്യു രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ കര്‍ഫ്യു നിലനിന്നെങ്കിലും നിയമം ലംഘിച്ച് പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ മുപ്പത്തിയാറു പേര്‍ക്ക് പരിക്ക് പറ്റി. പരിക്കുപറ്റിയവരില്‍ 23 പേര് പോലീസുകാരാണ്.
അഫ്സലിന്റെ മരണവുമായി ബന്ധപ്പെട്ട് ആശങ്കയും ഉത്കണ്ഠയും കാശ്മീരിനെ പിന്തുടര്ന്നുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരന് രണ്‍ദീപ് സിങ് നന്ദാല്‍ പറഞ്ഞു. വളരെ ചൂടേറിയ ലേഖനങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയസൈറ്റുകളിലും മറ്റു നെറ്റ് വര്‍ക്കുകളിലും ഇതിനകം തന്നെ സജീവമായി തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിയുള്പ്പടെയുള്ള പ്രമുഖ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ട്വിറ്റര്‍ ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയചര്ച്ചകളില് മുന്‍പന്തിയിലുണ്ട്.
വിനോദ സഞ്ചാരത്തിനായി ശ്രീനഗറിലെത്തപ്പെട്ട വിനോദ സഞ്ചാരികളെ പോലീസും സൈന്യവും ചേര്‍ന്ന് തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ്. എത്തിച്ചേര്‍ന്നവരില്‍ പലരും ആദ്യമായി കാശ്മീര്‍ കാണാനെത്തിയവരാണ്. സഞ്ചാരികളില്‍ പലരുടേയും മുഖത്ത് നിരാശ നിഴലിച്ചു. തെരുവുകളിലും മുഖ്യ റോഡുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ കാശ്മീര്‍ ശാന്തമാണെന്നും ചില വിഭാഗം കരുതിക്കൂട്ടി ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഇവിടെയുള്ള സാധാരണക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: